Big stories

വോട്ടെണ്ണി തളര്‍ന്നു; ഇന്തോനീസ്യയില്‍ 272 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു

ലക്ഷക്കണക്കിന് ബാലറ്റ് പേപ്പറുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എണ്ണിത്തീര്‍ക്കേണ്ടിവന്ന ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരം മൂലമുണ്ടായ വിവിധ ശാരീരിക അസ്വസ്ഥതകള്‍ കാരണം മരണപ്പെട്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്

വോട്ടെണ്ണി തളര്‍ന്നു; ഇന്തോനീസ്യയില്‍ 272 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു
X

ജക്കാര്‍ത്ത: ഇന്തോനീസ്യയില്‍ നടന്ന തിരഞ്ഞെടുപ്പിനു ശേഷം വോട്ടെണ്ണല്‍ ജോലിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ 272 പേര്‍ മരണപ്പെട്ടതായി റിപോര്‍ട്ട്. ഒറ്റദിവസം കൊണ്ട് പൂര്‍ത്തീകരിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ തിരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പിനു ശേഷമാണ് ദുരന്തമുണ്ടായത്. ലക്ഷക്കണക്കിന് ബാലറ്റ് പേപ്പറുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എണ്ണിത്തീര്‍ക്കേണ്ടിവന്ന ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരം മൂലമുണ്ടായ വിവിധ ശാരീരിക അസ്വസ്ഥതകള്‍ കാരണം മരണപ്പെട്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 17നാണ് ഇന്തോനീസ്യയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ആകെ 19.3 കോടി വോട്ടര്‍മാരാണുള്ളത്. 800000 പോളിങ് സ്‌റ്റേഷനുകളിലായി 80 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ഓരോ വോട്ടര്‍ക്കും അഞ്ച് ബാലറ്റ് പേപ്പര്‍ വീതമാണ് നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും കൈകൊണ്ടുള്ള വോട്ടെണ്ണലാണ് ദുരന്തത്തിനു കാരണമായത്. ശനിയാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം വോട്ടെണ്ണല്‍ ചുമതലയുണ്ടായിരുന്ന 272 ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരം മൂലമുണ്ടായ അസുഖങ്ങള്‍ മൂലം മരണപ്പെട്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവായ അരീഫ് പ്രിയോ സുസാന്റോ വ്യക്തമാക്കിയത്. മാത്രമല്ല, 1878 ഉദ്യോഗസ്ഥര്‍ അസുഖ ബാധിതരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവം പുറത്തായതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ജോലിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കെങ്കിലും ശാരീരിക അവശതകള്‍ നേരിടുന്നുണ്ടെങ്കില്‍ മികച്ച ചികില്‍സ നല്‍കണമെന്നാവശ്യപ്പെട്ട് എല്ലാ പ്രാഥകിമാകാരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. മരണപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നടപടി തുടങ്ങിയിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. യാതൊരുവിധ മുന്‍കരുതലുകളുമെടുക്കാതെ വോട്ടെണ്ണല്‍ നടത്തിയതാണ് ദുരന്തത്തിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.



Next Story

RELATED STORIES

Share it