Big stories

'കൊറോണക്ക് മുമ്പ് പട്ടിണി ഞങ്ങളെ കൊല്ലും'; ലോക്ഡൗണില്‍ കുടുങ്ങി ഇന്ത്യന്‍ ജീവിതങ്ങള്‍

'600 രൂപയാണ് കൂലിയായി ലഭിച്ചിരുന്നത്. ആ വരുമാനം കൊണ്ടാണ് അഞ്ച് പേരുടെ ജീവിതം കഴിയുന്നത്. കുറച്ച് ദിവസത്തേക്ക് കൂടിയുള്ള ഭക്ഷണസാധനങ്ങളാണ് ബാക്കിയുള്ളത്. കൊറോണ വൈറസിന്റെ ഭീഷണി എന്താണെന്ന് നന്നായി അറിയാമെങ്കിലും മക്കള്‍ വിശന്ന് ഇരിക്കുന്നത് കാണാന്‍ കഴിയില്ല'. ഉത്തര്‍പ്രദേശിലെ ബന്‍ഡ ജില്ലയില്‍ നിന്നുള്ള രമേശ് കുമാര്‍ പറയുന്നു.

കൊറോണക്ക് മുമ്പ് പട്ടിണി ഞങ്ങളെ കൊല്ലും;  ലോക്ഡൗണില്‍ കുടുങ്ങി ഇന്ത്യന്‍ ജീവിതങ്ങള്‍
X

ന്യൂഡല്‍ഹി: കൊറോണ ഭീതിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിക്കാനുള്ള വഴിയടയുന്നത് ലക്ഷക്കണക്കിന് പാവപ്പെട്ട കൂലി തൊഴിലാളികളുടേതാണെന്ന് ബിബിസി റിപ്പോര്‍ട്ട്. ജനതാ കര്‍ഫ്യൂവിന് ശേഷം ബിബിസി പ്രതിനിധി വികാസ് പാണ്ഡേ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടിലാണ് ലോക്ക്ഡൗണ്‍ ദിവസക്കൂലിക്കാരായ മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നത്.


നൂറുകണക്കിന് തൊഴിലാളികള്‍ എത്താറുള്ള നോയിഡയിലെ ലേബര്‍ ചൗക്ക് നാല് ദിവസമായി വിചനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടും കുറച്ചാളുകള്‍ അവിടെ എത്തിചേര്‍ന്നിട്ടുണ്ട്. ജീവിതമാര്‍ഗങ്ങള്‍ അടഞ്ഞതോടെ ആരെങ്കിലും ജോലിക്കായി വിളിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ എത്തിയിട്ടുള്ളത്.

'ഞങ്ങളെ ആരും വിളിക്കില്ലെന്ന് അറിയാം. എന്നാലും അവസരം തുറന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ ഇവിടെ എത്തിയത്'. ഉത്തര്‍പ്രദേശിലെ ബന്‍ഡ ജില്ലയില്‍ നിന്നുള്ള രമേശ് കുമാര്‍ പറയുന്നു. '600 രൂപയാണ് ദിവസവും കൂലിയായി ലഭിച്ചിരുന്നത്. ആ വരുമാനം കൊണ്ടാണ് അഞ്ച് പേരുടെ ജീവിതം കഴിയുന്നത്. കുറച്ച് ദിവസത്തേക്ക് കൂടിയുള്ള ഭക്ഷണസാധനങ്ങളാണ് ബാക്കിയുള്ളത്. കൊറോണ വൈറസിന്റെ ഭീഷണി എന്താണെന്ന് നന്നായി അറിയാമെങ്കിലും മക്കള്‍ വിശന്ന് ഇരിക്കുന്നത് കാണാന്‍ കഴിയില്ല'. രമേശ് കുമാര്‍ പറഞ്ഞു.



രാജ്യത്തെ ലക്ഷക്കണക്കിന് കൂലി തൊഴിലാളികളും സമാനമായ അവസ്ഥയാണ് അഭിമുഖീകരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെ മൂന്ന് ആഴ്ച്ചക്കുള്ള വരുമാനമാര്‍ഗമാണ് അടഞ്ഞത്. ഇതോടെ മിക്ക കുടുംബങ്ങളിലും വരും ദിവസങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടും.

നാല് ദിവസമായി യാതൊരു വരുമാനവുമില്ലെന്ന് അലഹാബാദ് പട്ടണത്തില്‍ റിക്ഷ വലിക്കുന്ന കിഷന്‍ ലാല്‍ പറയുന്നു. പട്ടണത്തിലെ മിക്ക റിക്ഷാകാരുടേയും അവസ്ഥ സമാനമാണ്.

കൊറോണ വൈറസ് അഞ്ഞൂറിലധികം ആളുകള്‍ക്ക് പകരുകയും പത്ത് പേര്‍ മരിക്കുകയും ചെയ്തതോടെയാണ് പ്രധാനമന്ത്രി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഉത്തര്‍പ്രദേശ്, കേരള, ഡല്‍ഹി, പഞ്ചാബ് സര്‍ക്കാരുകള്‍ തൊഴിലാളികള്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ദുരുതാശ്വാസ നിധിയില്‍ നിന്നും പണം കൈമാറുമെന്നാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വേഗത്തില്‍ ലഭ്യമാക്കിയില്ലെങ്കില്‍ പട്ടിണിമൂലമുള്ള മരണങ്ങള്‍ക്ക് രാജ്യം സാക്ഷിയാകുമെന്ന് ബിബിസി തയ്യാറാക്കിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it