Big stories

ആഗോള പട്ടിണി സൂചിക: ഇന്ത്യ പാകിസ്താന് പിറകില്‍ -ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ നഗരങ്ങളില്‍ ആളുകളുടെ കൈവശമുണ്ടായിരുന്ന കരുതല്‍ വരുമാനത്തിലെ 30 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. അതായത് ഇവിടങ്ങളില്‍ പട്ടിണി എന്നത് പടിവാതിക്കല്‍ എത്തി നില്‍ക്കുന്നുവെന്നതാണ് സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സര്‍വേകളും എസ്റ്റിമേറ്റുകളും സൂചിപ്പിക്കുന്നത്.

ആഗോള പട്ടിണി സൂചിക:  ഇന്ത്യ പാകിസ്താന് പിറകില്‍  -ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുമെന്ന് റിപ്പോര്‍ട്ട്
X

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും പിറകിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള പട്ടിണി സൂചിക പ്രകാരം ഇന്ത്യയുടെ റാങ്ക് 117 രാജ്യങ്ങളില്‍ 102 ആം സ്ഥാനത്താണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 24 ശതനമാനത്തോളം പോഷകാഹരക്കുറവ് നേരിടുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.

അതേസമയം അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ് പട്ടിണി സൂചികയില്‍ 88 ആം സ്ഥാനത്തും പാകിസ്താന്‍ 94 ആം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. പട്ടിണിയും പോഷകാഹരക്കുറവും രാജ്യത്തെ പ്രധാന പ്രശ്‌നമായി നിലനില്‍ക്കുകയാണ് എന്നത് യാഥാര്‍ത്ഥ്യമാണ് ഈ കണക്ക് വെളിവാക്കുന്നത്.

കൊവിഡ് 19 മഹാമാരിയും അതിനെ തടയാനായി മാര്‍ച്ച് 24 ന് രാത്രിയില്‍ കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക് ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും പലഘട്ടങ്ങളായി പലമേഖലകളും തുറന്നുവെങ്കിലും കാര്യങ്ങളൊന്നും സാധാരണ നിലയിലേക്ക് തിരിച്ചുവന്നിട്ടില്ല.

അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍ പ്രഖ്യാപനം നടത്തിയിട്ടും അത് പലതവണ നീട്ടിയിട്ടും രാജ്യത്തെ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെന്നാണ് ഇപ്പോഴും ഉയരുന്ന രോഗികളുടെയും മരണനിരക്കിലെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് സംഭവങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് വരും ദിവസങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് വഴിവെക്കുമെന്നാണ് സാമൂഹിക, സാമ്പത്തിക രംഗത്തുള്ളവരുടെ നിരീക്ഷണം. ഭാവി തലമുറയുടെ ജീവിതവും വളര്‍ച്ചയും തന്നെ പുതിയൊരു ചോദ്യമായി സമൂഹത്തിന് മുന്നില്‍ ഉയര്‍ന്നുവരുകയാണ്.

കൊവിഡ് മുമ്പ് തന്നെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. ലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് ഉഴലുന്ന ദുരന്തസാഹചര്യത്തിന് മുകളിലാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നത്. അത് തടയാനായി രാത്രി എട്ട് മണിക്ക് മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനം വന്നതോടെ തൊഴില്‍ മേഖല സമ്പൂര്‍ണ്ണമായി നിശ്ചലമായി. ഒറ്റരാത്രി കൊണ്ട് ലക്ഷങ്ങള്‍ തൊഴില്‍ രഹിതരമായി കുടിയേറ്റ തൊഴിലാളികള്‍ നാടുകളിലേക്ക് കാല്‍നടയായി മടങ്ങി. അപ്രതീക്ഷിതമായി വലിയൊരു വിഭാഗം പട്ടിണിയിലേക്ക് വീണു. ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ മുതല്‍ വലിയ കമ്പനികളിലും മറ്റ് ഉന്നത ഉദ്യോഗങ്ങള്‍ നിര്‍വഹിച്ചവര്‍വരെ തൊഴില്‍രഹിതരായവരില്‍ ഉള്‍പ്പെടുന്നു. ഇത് സമൂഹത്തിലെ പലതട്ടുകളില്‍ അപ്രതീക്ഷിത പ്രഖ്യാനം കനത്ത ആഘാതമേല്‍പ്പിച്ചു.

രാജ്യം ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കാത്തതാകുമെന്നാണ് സാമ്പത്തിക രംഗത്ത് നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൊവിഡിന് മുമ്പുള്ള ആഗോള പട്ടിണി സൂചികയില്‍ ( ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ഇന്ത്യയുടെ സ്ഥിതി ദയനീയമാണ്. കൊവിഡും ലോക്ക് ഡൗണും തൊഴില്‍ നഷ്ടം വ്യാപകമാക്കിയപ്പോള്‍ ഇത് വര്‍ദ്ധിക്കുമെന്ന ആശങ്ക ഉയരുകയാണ്.

നിലവില്‍ തന്നെ രാജ്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് കുട്ടികള്‍ക്കിടിയിലെ പോഷകാഹാരക്കുറവ് എന്നത്. അത് കൂടുതല്‍ രൂക്ഷമാക്കുന്നതായിരിക്കും നിലവിലെ പ്രതിസന്ധിയെന്നാണ് സാമൂഹിക, സാമ്പത്തിക രംഗത്തുള്ളവരുടെ നിരീക്ഷണം. തൊഴിലില്ലായ്മയും വിലക്കയറ്റം ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ ഭക്ഷണങ്ങളുടെ അവശ്യാനുസരണമുള്ള ലഭ്യതയില്ലായ്മയും ഇതിന് കാരണമാകുന്നു. ഇങ്ങനെയുള്ള സാഹചര്യത്തെയാണ് രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്നത്.

ഓരോ വര്‍ഷവും ഏകദേശം 12 ദശലക്ഷം പേരാണ് ജോലി തേടി പുതുതായി തൊഴില്‍രംഗത്തേക്ക് എത്തുന്നത്. ഇതുപോലെ തന്നെ ഓരോ വര്‍ഷവും 26 ദശലക്ഷം കുഞ്ഞുങ്ങള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും, അതിലും പ്രധാനമായി, മതിയായ ഭക്ഷണവും പോഷണവും അവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. ഈ രണ്ട് ആവശ്യകതകളും അവഗണിക്കുന്നത് രാജ്യത്തെ സംബന്ധിച്ചടത്തോളം ദുരന്തമായി മാറുമെന്നാണ് സാമൂഹിക, സാമ്പത്തിക രംഗത്ത് നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കൊവിഡ് രോഗവും ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും രാജ്യത്തിന്റെ മുന്നോട്ട് പോക്കിനെ തകിടം മറിച്ചുവെന്ന് വിലയിരുത്തലുകളും ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ അന്തരഫലമായി ഇന്ത്യയിലെ 100 ദശലക്ഷം ആളുകള്‍ ഭക്ഷ്യപ്രതിസന്ധിക്ക് ഇരയാകുമെന്ന് എന്‍ ജി ഒയായ ഓക്‌സ്ഫാം കണക്കാക്കുന്നു. ഇത് പ്രധാനമായും ബാധിക്കുക, സ്ത്രീകളെയും സ്ത്രീകള്‍ മുന്നോട്ട് നയിക്കുന്ന കുടുംബങ്ങളെയുമായിരിക്കും. ഇപ്പോള്‍ സമ്പൂര്‍ണ പട്ടിണിയിലേക്ക് വീണിട്ടില്ലാത്തവരിലെ ഭൂരിപക്ഷവും അധികം വൈകാതെ പട്ടിണിയുടെ പിടിയില്‍ അമരും. പുതിയ ദരിദ്രര്‍ എന്ന വിഭാഗം ഉണ്ടായി വരും. നിലവില്‍, അഥവാ മുന്പ് മാന്യമായ വേതനം നേടിയിരുന്ന ടാക്‌സി െ്രെഡവര്‍മാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ എന്നിവരെ പോലുള്ള തൊഴിലാളികളായിരിക്കും അതിലെ പ്രധാന വിഭാഗം. നിലവില്‍ അവര്‍ക്ക് നല്ല ഭക്ഷണം പ്രത്യേകിച്ച് പോഷകാഹാരം ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമുണ്ട്. പുതിയ സാഹചര്യം ഈ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കും.

ഇവര്‍ക്ക് പുറമെയാണ് സമൂഹത്തിലെ തൊഴില്‍ മേഖലയില്‍ അദൃശ്യരായിരിക്കുന്ന തൊഴിലാളികളുടെ ദുരിതം. ഇക്കാര്യത്തില്‍ ഉദാഹരണമായി പരിശോധിക്കാവുന്നത് ഗാര്‍ഹിക തൊഴിലാളികള്‍ എന്ന് അറിയപ്പെടുന്ന വീട്ടുജോലികള്‍ ചെയ്യുന്നവരുടെ സ്ഥിതിയാണ്. ഇത് ഏകദേശം പൂര്‍ണ്ണായും സ്ത്രീകളായിരിക്കും.എന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. കൊവിഡ് വന്നതിന് ശേഷം വീട്ടുജോലി ചെയ്യുന്നവരുടെ ജോലി നഷ്ടമായി. ഇവരൊന്നും മുഖ്യധാര തൊഴിലാളികളുടെ എണ്ണത്തില്‍ പെടുന്നില്ല. എന്നാല്‍ ഇതുപോലെയുള്ള ജോലി ചെയ്യുന്നവര്‍ മുഖ്യധാരയുടെ തൊഴില്‍സങ്കല്‍പ്പങ്ങളില്‍ വരുന്നില്ലെന്നങ്കില്‍ അവരായിരിക്കും പലപ്പോഴും കുടുംബങ്ങള്‍ പോറ്റുന്നവര്‍. അത്തരം കുടുംബങ്ങളുടെ എണ്ണം രാജ്യത്ത് നല്ലൊരു ശതമാനം ഉണ്ട് എന്നതും ഈ സ്ഥിതിവിശേഷം എത്രത്തോളം ഗുരുതരമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. .

അടിസ്ഥാന വര്‍ഗത്തിലെന്നപോലെ തന്നെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ മധ്യവര്‍ഗത്തില്‍പ്പെട്ടവരുടെ ജീവിതവും കൊവിഡും ലോക്ക് ഡൗണും കാരണം വഴിമുട്ടിയിരിക്കുകയാണ്. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേരുടെയും തൊഴില്‍ സുരക്ഷിതത്വം പല നിലകളില്‍ നഷ്ടമായിരിക്കുന്നു. തൊഴില്‍ ഇല്ലാതാകല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളം ഇല്ലായ്മ എന്നിങ്ങനെ പലതലങ്ങളിലായി ഇത് ബാധിച്ചിട്ടുണ്ട്. സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കും ഈ കാലം പ്രതിസന്ധിയേറെയാണ്. ഇതില്‍ നിന്നും എങ്ങനെ കരകയറുമെന്നത് ഇവരുടെയൊക്കെ മുന്നിലെ ചോദ്യചിഹ്നമാണ്.

ഇന്ത്യന്‍ നഗരങ്ങളില്‍ ആളുകളുടെ കൈവശമുണ്ടായിരുന്ന കരുതല്‍ വരുമാനത്തിലെ 30 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. അതായത് ഇവിടങ്ങളില്‍ പട്ടിണി എന്നത് പടിവാതിക്കല്‍ എത്തി നില്‍ക്കുന്നുവെന്നതാണ് സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട സര്‍വേകളും എസ്റ്റിമേറ്റുകളും സൂചിപ്പിക്കുന്നത്. വരുംമാസങ്ങളില്‍ ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ചിത്രമായിരിക്കും നമ്മുടെ മുന്നില്‍ വെളിപ്പെടുക.

ദേശീയ തലത്തില്‍ വളര്‍ച്ചാ മുരടിപ്പ് നേരിടുന്ന കുട്ടികളുടെ എണ്ണം മൊത്തം കണക്കാക്കിയാല്‍ ഏകദേശം 46.6 ദശലക്ഷം വരുമെന്നാണ് 2018ലെ ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ട് പറയുന്നത്. തൂക്കക്കുറവ് നേരിടുന്ന 25.5 ദശലക്ഷം കുട്ടികളാണ് ഇന്ത്യയിലുള്ളതെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു ഇന്ത്യയില്‍ ഈ അവസ്ഥ നേരിടുന്ന അഞ്ച് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളുടെ എണ്ണം 17 ശതമാനമാണ്. ഇതില്‍ കേരളത്തിലെ കണക്ക് പരിശോധിച്ചാല്‍ അത് 12.6 ശതമാനമാണ് എന്ന് കണ്ടെത്താനാകും. രാജ്യ തലത്തില്‍ ഒമ്പതാം സ്ഥാനത്താണ് കേരളത്തിലെ അവസ്ഥ.

വരാന്‍ പോകുന്ന മാസങ്ങളിലെ ഭക്ഷ്യമേഖലയിലെ അരക്ഷിതാവസ്ഥയെ കുറിച്ച് വളരെ സൂക്ഷ്മമായി നിരീക്ഷിക്കണം. ഗര്‍ഭിണികളെ കുറിച്ചുള്ള വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശേഖരിക്കണം. അങ്കണവാടി അധ്യാപികമാര്‍ സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് കൂടുല്‍ ശ്രദ്ധ ചെലുത്തണം. ഉച്ചഭക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിലവിള്ളതിനേക്കാള്‍ മൂന്ന് മടങ്ങുവരെ വര്‍ധിച്ച അളവില്‍ റേഷന്‍ നല്‍കണം. പണം ജനങ്ങളുടെ കൈവശമെത്തിക്കുന്നത് പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വലിയൊരു തോതില്‍ സഹായകമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Next Story

RELATED STORIES

Share it