Big stories

മുംബൈയില്‍ കനത്ത മഴ; 21 മരണം; 54 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു; ഇന്ന് പൊതു അവധി

മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 21 പേര്‍ മരിച്ചു. പൂനെയില്‍ കോളജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് ആറുപേര്‍ മരിച്ചു. കല്യാണില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മുംബൈയില്‍ കനത്ത മഴ; 21 മരണം; 54 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു; ഇന്ന് പൊതു അവധി
X

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും നഗരത്തിന്റെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 21 പേര്‍ മരിച്ചു. പൂനെയില്‍ കോളജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് ആറുപേര്‍ മരിച്ചു. കല്യാണില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അബെഗാവിലെ സിന്‍ഡഗാദ് കോളജിന്റെ മതിലാണ് പുലര്‍ച്ചെ 1.15 ഓടെ തകര്‍ന്നുവീണത്. നിര്‍മ്മാണ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ഷെഡ്ഡുകളിലേക്ക് മതിലിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് സ്ത്രീകളും നാലു പുരുഷന്മാരുമാണ് മരിച്ചത്. കല്യാണില്‍ നാഷണല്‍ ഉര്‍ദു സ്‌കൂളിന്റെ മതിലാണ് തകര്‍ന്നുവീണത്.

മലാഡില്‍ മതില്‍ തകര്‍ന്നുവീണ് 12 പേരാണ് മരിച്ചത്. മലാഡിലെ പിംപ്രിപാഡയില്‍ ചേരിയിലെ കുടിലുകള്‍ക്ക് മേല്‍ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. നിരവദി പേര്‍ മതിലിനിടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കനത്ത മഴ തുടരുന്ന സാഹചരത്തില്‍ മുംബൈയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങളും താറുമാറായി. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ അടച്ചു. രണ്ടാം റണ്‍വെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മഴ തുടരുന്നതിനാല്‍ 54 വിമാനങ്ങള്‍ അടുത്ത എയര്‍പോര്‍ട്ടുകളിലേക്ക് വഴി തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു.

മഴയെത്തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങിയ ജയ്പുര്‍മുംബൈ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറി. രാത്രി 11.45 നാണ് സ്‌പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും താറുമാറായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും, നിരവധി തീവണ്ടികള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it