Big stories

മുസഫര്‍നഗര്‍ കലാപം: 41ല്‍ 40 കേസുകളിലും പ്രതികളെ വെറുതെവിട്ടു; ശിക്ഷിക്കപ്പെട്ടത് മുസ്‌ലിംകള്‍ പ്രതിസ്ഥാനത്തുള്ള ഒരേയൊരു കേസ്

സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തിയതും. ഇദ്ദേഹത്തിന്റെ കാലത്തും പിന്നീട് വന്ന യോഗി ആദിത്യനാഥിന്റെ കാലത്തുമാണ് വിചാരണ നടന്നത്.

മുസഫര്‍നഗര്‍ കലാപം: 41ല്‍ 40 കേസുകളിലും പ്രതികളെ വെറുതെവിട്ടു; ശിക്ഷിക്കപ്പെട്ടത് മുസ്‌ലിംകള്‍ പ്രതിസ്ഥാനത്തുള്ള ഒരേയൊരു കേസ്
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ 40ലും കുറ്റവാളികളെ വെറുതെവിട്ടു. കൊലക്കേസ് ഉള്‍പ്പെടെ ഹിന്ദുത്വര്‍ പ്രതികളായ കേസുകളിലാണ് പ്രതികളെ വെറുതെവിട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. 2013ല്‍ മുസഫര്‍ നഗറിലുണ്ടായ കലാപത്തില്‍ 65പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 10 കൊലക്കേസ് ഉള്‍പ്പെടെയാണ് ഉത്തര്‍പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തന്നെ സാക്ഷികളായിട്ടും ഭൂരിഭാഗം പേരെയും സ്വാധീനിച്ചതിനാലാണ് 2017 ജനുവരി മുതല്‍ 2019 വരെ നടന്ന വിചാരണകളെല്ലാം പൂര്‍ത്തിയാക്കി മുഴുവന്‍ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. കലാപവുമായി ബന്ധപ്പെട്ട 41 കേസുകളിലാണ് 2017 മുതല്‍ വിധിപ്രസ്താവമുണ്ടായത്. ഇതില്‍ ഒരു കൊലക്കേസില്‍ ഒഴികെ ബാക്കിയുള്ളതിലെല്ലാം പ്രതികളെ വെറുതെ വിടുകയാണുണ്ടായത്. വെറുതെവിട്ടതെല്ലാം മുസ്‌ലിംകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ്. ഒരേയൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതാവട്ടെ മുസ് ലിംകള്‍ പ്രതിസ്ഥാനത്തുള്ള കൊലക്കേസിലാണ്. 2013 ആഗസ്ത് 27നു കവാല്‍ ജില്ലയിലെ ഗൗരവ്, സച്ചിന്‍ എന്നിവരെ കൊലപ്പെടുത്തിയെന്ന കേസില്‍ മുസമ്മില്‍, മുജസ്സിം, ഫുര്‍ഖാന്‍, നദീം, ജഹാംഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവരെയാണ് ജീവപര്യന്ത്യം ശിക്ഷിക്കപ്പെട്ടത്. കലാപത്തിനു കാരണമായത് ഈ ഇരട്ടക്കൊലയാണെന്നാണ് ഹിന്ദുത്വരുടെ വാദം.


സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തിയതും. ഇദ്ദേഹത്തിന്റെ കാലത്തും പിന്നീട് വന്ന യോഗി ആദിത്യനാഥിന്റെ കാലത്തുമാണ് വിചാരണ നടന്നത്. കോടതി രേഖകളുടെയും പരാതിക്കാരെയും സാക്ഷികളെയും നേരില്‍ക്കണ്ട് ഇന്ത്യന്‍ എക്‌സ്പ്രസ് സംഘം നടത്തിയ അന്വേഷണത്തിലാണ് കുറ്റവിമുക്തരാക്കപ്പെട്ട കേസുകളിലെ വിവേചനം തുറന്നുകാട്ടുന്നത്. ഒരു കുടുംബത്തിലെ മൂന്നുപേരെ ചുട്ടുകൊല്ലുകയും പിതാവിനെ വെട്ടിക്കൊല്ലുകയും അമ്മാവനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊല്ലുകയും ചെയ്ത കേസില്‍ പ്രതികളായ 53 പേരും ഇപ്പോള്‍ സ്വതന്ത്രരായി വിഹരിക്കുകയാണ്. കൂട്ടബലാല്‍സംഗം ചെയ്‌തെന്ന നാലു കേസുകളിലും കലാപം നടത്തിയെന്ന 26 കേസുകളിലും സമാനസ്ഥിതിയാണ്. കേസുകളില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരേ അപ്പീല്‍ പോവില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. മുസഫര്‍ നഗര്‍ കേസുകളില്‍ കോടതി വിധിക്കെതിരേ അപ്പീല്‍ പോവില്ലെന്നും വെറുതെവിട്ട കേസുകളില്‍ സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞില്ലെന്നും അതിനാല്‍ കോടതി അവരെ കൂറുമാറിയതായി പ്രഖ്യാപിച്ചെന്നും മുസഫര്‍നഗര്‍ ജില്ലാ ഗവണ്‍മെന്റ് കൗണ്‍സില്‍ ദുഷ്യന്ത് ത്യാഗി പറഞ്ഞു. സാക്ഷികള്‍ക്കെതിരേ ക്രിമിനല്‍ നടപടിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. 69 സാക്ഷികളില്‍ 24 പേരെയാണ് വിചാരണ ചെയ്തത്. 45 പേര്‍ കേസിനെ കുറിച്ച് അറിയില്ലെന്നാണു പറഞ്ഞത്. എല്ലാ കൊലക്കേസുകളിലും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളെ കുറിച്ച് പറയുന്നുണ്ടെങ്കിലും നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ ആയുധമായ അരിവാള്‍ പോലിസ് കണ്ടെടുത്തെങ്കിലും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അരിവാളില്‍ രക്തക്കറ കണ്ടെത്താനാവാത്തതിനാല്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചില്ലെന്നുമാണ് പോലിസ് ഭാഷ്യം.



2013 സപ്തംബര്‍ എട്ടിനു ഫുഗാനയിലെ അസീമുദ്ദീന്‍-ഹലീമ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സ്വതന്ത്ര സാക്ഷികളെയാണു തെളിവെടുപ്പിലും പരിശോധനയിലും പോലിസ് ഉള്‍പ്പെടുത്തിയത്. എന്നാല്‍, പ്രതികളില്‍നിന്ന് യാതൊന്നും കണ്ടെടുത്തില്ലെന്ന് വെള്ളക്കടലാസില്‍ ഒപ്പിട്ടുനല്‍കാന്‍ പറഞ്ഞതനുസരിച്ച് ചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ പോസ്റ്റുമോര്‍ട്ട് റിപോര്‍ട്ട് പോലും കേസില്‍ ഹാജരാക്കിയിരുന്നില്ല. പരാതിയും എഫ്‌ഐആറും ജനറല്‍ ഡയറിയും സൈറ്റ് പ്ലാനുമല്ലാതെ കൊലപാതകം തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കുകയും ചെയ്തില്ല. അതേദിവസം നടന്ന തിതാവിയിലെ റോജുദ്ദീന്‍ കൊലക്കേസ് സമാനരീതിയിലാണ് അട്ടിമറിച്ചത്. എല്ലാകാര്യങ്ങളും പോലിസ് സ്‌റ്റേഷനിലാണ് ചെയ്തതെന്നും താഴെ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കേസിലെ സ്വതന്ത്രസാക്ഷി വെളിപ്പെടുത്തി. പ്രസ്തുത കേസുകളിലെല്ലാം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സാക്ഷികളാണെങ്കിലും മുറിവുകളും മെഡിക്കല്‍ പരിശോധനയും നടത്തിയത് തങ്ങളാണെന്ന് തെളിയിക്കുക മാത്രമാണ് ചെയ്തതെന്നും മരണകാരണമോ മുറിവോ പറ്റിയത് എങ്ങനെയാണെന്ന് പരിശോധിച്ചില്ലെന്നുമാണു കോടതിയില്‍ പറഞ്ഞത്.

അതേദിവസം തന്നെ നടന്ന ഫുഗാനയിലെ ഇസ് ലാം(65) കൊല്ലപ്പെട്ട കേസില്‍ 10 പേരെ വെറുതെവിട്ടപ്പോള്‍ കൂറുമാറിയത് പരാതിക്കാരനായ സ്വന്തം മകന്‍ തന്നെയാണ്. എഫ്‌ഐആറില്‍ ഹര്‍പാല്‍, സുനില്‍, ബ്രഹ്മ സിങ്, ശ്രീപാല്‍, ചാസംവീര്‍, സുമിത്, കുല്‍ദീപ്, അരവിന്ദ് തുടങ്ങിയവര്‍ മതമുദ്രാവാക്യം വിളിച്ച് വീട്ടില്‍ അതിക്രമിച്ചു കയറുകയും ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയും ചെയ്‌തെന്നു വ്യക്തമായി പറയുന്നുണ്ട്. ശ്രീപാല്‍ പിതാവിന്റെ തലയ്ക്കു മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചെന്നും മറ്റുള്ളവര്‍ വാളുകള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും പറയുന്നുണ്ട്. ഇതിനുശേഷം വീടിനു തീയിടുകയായിരുന്നു. എന്നാല്‍, വിചാരണയ്ക്കിടെ ഇസ് ലാമിന്റെ മകന്‍ സാരിഫ് ഇതെല്ലാം തള്ളിപ്പറഞ്ഞു. തന്റെ ബന്ധു ഗുല്‍സാറാണ് പരാതി തയ്യാറാക്കിയതെന്നും അതിനു താഴെ ഒപ്പിടുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും കുറ്റാരോപിതര്‍ സംഭവത്തില്‍ പങ്കാളിയല്ലെന്നുമാണ് കോടതിയില്‍ പറഞ്ഞത്. ഇതോടെ, പ്രതികളെ സാക്ഷിക്ക് തിരിച്ചറിയാനായില്ലെന്നു പറഞ്ഞ് കോടതി എല്ലാവരെയും വെറുതെ വിടുകയായിരുന്നു. സംഭവത്തോടെ, ജനപ്രതിനിധി ഉള്‍പ്പെടെ


ഗ്രാമത്തിലെ എല്ലാ മുസ് ലിം കുടുംബങ്ങളും ഓടിരക്ഷപ്പെട്ടു. ഞങ്ങള്‍ മാത്രം ബാക്കിയായി. പിന്നീട് സുരക്ഷിതരെന്നു പറഞ്ഞ് ഞങ്ങളെ പള്ളിയിലാക്കി. ഞങ്ങള്‍ അവരെ വിശ്വസിച്ചു. അല്‍പസമയം കഴിഞ്ഞ് പ്രശ്‌നം രൂക്ഷമായതോടെ പിതാവ് ഞങ്ങളെ പള്ളിയിലാക്കിയവരെയും പ്രാദേശിക രാഷ്ട്രീയക്കാരെയും വിളിച്ചെങ്കിലും ആരും സഹായിച്ചില്ല. സൈന്യമുണ്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, പിന്നീട് സംരക്ഷണം വാഗ്ദാനം ചെയ്തവര്‍ തന്നെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സാരിഫ് പറഞ്ഞു. എന്താണ് കോടതിയില്‍ അത്തരത്തില്‍ പറഞ്ഞതെന്നു ചോദിച്ചപ്പോള്‍, ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാത്ത ഞങ്ങള്‍ക്കെങ്ങനെയാണ്, പ്രതികള്‍ക്കെതിരേ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പോവാന്‍ കഴിയുകയെന്നായിരുന്നു മറുപടി. ആശുപത്രിയിലെത്തിയപ്പോള്‍ അക്രമികളെയെല്ലാം പിതാവ് പേരെടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ പോലിസുകാര്‍ ആരും തന്നെ അവിടെയെത്തി മൊഴിയെടുത്തില്ല. കുറ്റവിമുക്തരാക്കപ്പെട്ടവര്‍ തന്നെയാണ് കൊലപ്പെടുത്തിയത്. പോലിസ് പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നും സാരിഫ് പറഞ്ഞു.




Next Story

RELATED STORIES

Share it