- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഞാൻ ഒരു 'മുസ്‌ലിം കമ്മീഷണർ' ആയിരുന്നില്ല:

എസ് വൈ ഖുറൈഷി
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പൊതുചർച്ചകളിൽ വർഗീയ അധിക്ഷേപങ്ങൾ ഉന്നയിക്കുമ്പോൾ, അതൊരു വ്യക്തിയെ മാത്രമല്ല അപകീർത്തിപ്പെടുത്തുന്നത്; മറിച്ച് ഇന്ത്യ എന്ന ആശയത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നത്. അടുത്തിടെ, ഒരു ബഹുമാന്യനായ പാർലമെന്റ് അംഗം എന്നെ എന്റെ പേരോ ഓഫിസോ ഉപയോഗിച്ചല്ല, മറിച്ച് ഒരു "മുസ്‌ലിം കമ്മീഷണർ" എന്നാണ് പരാമർശിച്ചത് . ആ പദം നിഷ്കളങ്കമായി ഉപയോഗിച്ചതാന്നെന്ന് തോന്നുന്നില്ല. എന്റെ പ്രഫഷണൽ പാരമ്പര്യത്തെ കുറച്ചുകാണാനും, ഭരണഘടനാപരമായി ഞാൻ നിർവഹിച്ച പങ്കിനെ വർഗീയവൽക്കരിക്കാനും, ബഹുസ്വരതയിൽ ആത്മാവ് നിലനിൽക്കുന്ന ഒരു രാജ്യത്ത് അപകടകരമാം വിധം "അപരർക്കെതിരേ" ഉള്ള ആഖ്യാനം വളർത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു അത്.
ഞാൻ വ്യക്തമായി പറയട്ടെ: ഞാൻ ഇന്ത്യയുടെ മുസ്‌ലിം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നില്ല. ഞാൻ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു. യാദൃച്ഛികമായി ഞാൻ ഒരു മുസ്‌ലിമായിരുന്നു. വ്യത്യാസം അടിസ്ഥാനപരമാണ്.
ഒരു പൊതുപ്രവർത്തകനെ അയാളുടെ മതപരമായ വ്യക്തിത്വത്തിലേക്ക് ചുരുക്കി പരാമർശിച്ചതിലൂടെ, ബഹുമാനപ്പെട്ട എംപി എന്നെ അപമാനിക്കുക മാത്രമല്ല ചെയ്തത്. നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ആശയത്തെ തന്നെയാണ് അദ്ദേഹം അതിലൂടെ അപമാനിച്ചത്. മതപരമായ പ്രൊഫൈലിങിന്റെ കറ ഉപയോഗിച്ച് ഒരു ഭരണഘടനാപരമായ പങ്കിനെ കളങ്കപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. അതുവഴി മതന്യൂനപക്ഷങ്ങൾ, അവർ റിപബ്ലിക്കിനെ എത്ര ഉൽസാഹപൂർവം സേവിച്ചാലും, പൊതു സ്ഥാപനങ്ങളുടെ നിഷ്പക്ഷ സംരക്ഷകരായി ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ജനാധിപത്യത്തെ ഉള്ളിൽനിന്നുതന്നെ കാർന്നുതിന്നുന്ന തരത്തിലുള്ള അപകടകരമായ ചട്ടക്കൂടാണിത് .
ഈ തരത്തിലുള്ള ലേബലിങ് എനിക്കു മാത്രമല്ല. ഇന്ത്യയിലെ സംയുക്ത സംസ്കാരത്തിൽ മുസ്‌ലിം സ്വത്വം ഒരു ജീവിത വസ്തുതയായിട്ടല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രകോപനമായി രൂപപ്പെടുത്തപ്പെടുന്ന വിപുലമായ ഒരു രീതിയുടെ ഭാഗമാണിത്. ഒരു എംപി പാർലമെന്റിന്റെ സഭയിലോ സോഷ്യൽ മീഡിയയുടെ മെഗാഫോണിലോ ഒരാളുടെ പദവിക്കു മുമ്പ് അയാളുടെ മതം പരാമർശിക്കുമ്പോൾ, അദ്ദേഹം ഒരു വ്യക്തിയെ മാത്രമല്ല ലക്ഷ്യമിടുന്നത്. ഉയർന്ന ഭരണഘടനാ പദവികളിൽ സേവനമനുഷ്ഠിക്കുമ്പോഴും മുസ്‌ലിംകളെ സംശയത്തോടെ കാണണമെന്ന് അദ്ദേഹം വിപുലമായ ഒരു പ്രേക്ഷക സമൂഹത്തിന് സൂചന നൽകുന്നു.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്ഥാപനങ്ങളിലൊന്നായി ചരിത്രപരമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കാക്കപ്പെടുന്നു എന്നത് ഓർമിക്കേണ്ടതാണ്. അതിന്റെ വിശ്വാസ്യത എല്ലാ മതങ്ങളിലും ജാതികളിലും പ്രദേശങ്ങളിലുംനിന്നുള്ള പുരുഷന്മാരും സ്ത്രീകളും പതിറ്റാണ്ടുകളായി കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ആ പൈതൃകത്തെ ഇപ്പോൾ വർഗീയ നിറം കൊണ്ട് കളങ്കപ്പെടുത്താൻ ശ്രമിക്കുന്നത് സ്ഥാപനത്തിനു നേരെയുള്ള ആക്രമണമാണ്.
ഓരോ തിരഞ്ഞെടുപ്പ് കമ്മീഷണറെയും വർഗീയ കാഴ്ചപ്പാടിലൂടെ വീക്ഷിക്കണമെങ്കിൽ, സ്ഥാപനപരമായ സത്യസന്ധത എന്താണ്? ഒരു സിഇസിയുടെ സത്യസന്ധതയെ വിലയിരുത്തേണ്ടത് അവരുടെ കീഴിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെയല്ല, മറിച്ച് അവരുടെ മതത്തിലൂടെയാണെങ്കിൽ, ഭരണഘടനാപരമായ ജനാധിപത്യത്തിലൂടെയല്ല നാം സഞ്ചരിക്കുന്നത്. മറിച്ച് ഒരു ഭൂരിപക്ഷ ജനാധിപത്യത്തിലേക്ക് നാം അടുക്കുകയാണ്.
എന്നാൽ ഇന്ത്യ ഭൂരിപക്ഷവാദത്തിൽ അധിഷ്ഠിതമല്ല. ബഹുസ്വരതയുടെ തത്ത്വങ്ങളിലാണ് അത് നിർമിച്ചിരിക്കുന്നത്. നമ്മുടെ ജനാധിപത്യം, അതിന്റെ എല്ലാ അപൂർണതകളോടും കൂടി, ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉൾക്കൊള്ളുന്ന സ്വയംഭരണ പരീക്ഷണങ്ങളിൽ ഒന്നാണ്. ഈ ജനാധിപത്യത്തെ സേവിക്കുകയെന്നാൽ സ്വത്വത്തിന്റെ ഇടുങ്ങിയ പരിധികൾക്കപ്പുറം ഉയർന്ന് എല്ലാ ഇന്ത്യക്കാരുടെയും താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുക എന്നതാണ്.
നമുക്കും ചോദിക്കാം: എന്തുകൊണ്ട് ഇപ്പോൾ? പൊതുസേവന മേഖലയിൽ സ്വത്വരാഷ്ട്രീയത്തിന്റെ ഈ പെട്ടെന്നുള്ള പുനരുജ്ജീവനം എന്തുകൊണ്ട്?
ഉത്തരം ലളിതവും ഭയാനകവുമാണ്. ധ്രുവീകരണം ഒരു തിരഞ്ഞെടുപ്പ് തന്ത്രവും തെറ്റായ വിവരങ്ങൾ ഒരു ദൈനംദിന ഉപകരണവുമായ ഇന്നത്തെ കാലാവസ്ഥയിൽ, വിയോജിപ്പിനെ അപകീർത്തിപ്പെടുത്തണം. അതിനുള്ള ഏറ്റവും എളുപ്പ മാർഗം വിയോജിപ്പുള്ളയാളെ "മറ്റുള്ളവരാക്കുക" എന്നതാണ്. പൊതുജീവിതത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം, പൊതുസേവനത്തിന്റെ വില ശാശ്വതമായ സംശയമാണ്. പതിറ്റാണ്ടുകളായി നിങ്ങൾ രാജ്യത്തെ സേവിച്ചേക്കാം; പക്ഷേ, ഒരിക്കൽ സംസാരിച്ചാൽ നിങ്ങളുടെ മതത്തെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കും.
എന്റെ ഭരണകാലത്ത് (2010–2012) ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു എന്നത് ചരിത്രപരമായ വസ്തുതയാണ്. തിരഞ്ഞെടുപ്പുകളിൽ കള്ളപ്പണം ഞങ്ങൾ തടഞ്ഞു, SVEEP പ്രോഗ്രാമിലൂടെ വോട്ടർ വിദ്യാഭ്യാസത്തിനുള്ള നടപടികൾ അവതരിപ്പിച്ചു, വോട്ടർ രജിസ്ട്രേഷനിൽ കാര്യമായ പരിഷ്കാരങ്ങൾ നടപ്പാക്കി. കാര്യക്ഷമതയും നിഷ്പക്ഷതയും ഉള്ളതെന്ന് വ്യാപകമായി പ്രശംസിക്കപ്പെട്ട തിരഞ്ഞെടുപ്പുകൾ ഞങ്ങൾ നടത്തി. അന്ന് ഞാൻ പക്ഷപാതപരമായി പെരുമാറിയെന്ന് ആരും ആരോപിച്ചിരുന്നില്ല. നേരെമറിച്ച്, അരുൺ ജെയ്റ്റ്‌ലി എന്നെ "ഇന്ത്യയിലെ ഏറ്റവും പക്വതയും വിശ്വാസ്യതയുമുള്ള സിഇസിമാരിൽ ഒരാൾ" എന്നും ഗോപാൽ കൃഷ്ണ ഗാന്ധി "ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രദ്ധേയരായ സിഇസിമാരിൽ ഒരാൾ" എന്നും പരാമർശിച്ചു. ആകസ്മികമായി, രാജ്യത്തെ ഏറ്റവും മികച്ച വംശാവലിയാണ് ഗോപാൽ ഗാന്ധിക്കുള്ളത്. പിതാവിന്റെ ഭാഗത്ത് മഹാത്മാഗാന്ധിയുടെയും മാതൃപക്ഷത്ത് സി രാജഗോപാലാചാരിയുടെയും ചെറുമകൻ. മറുവശത്ത്, 'ബഹുമാനപ്പെട്ട' എംപിയുടെ വാക്കുകൾ ശരിക്കും നിസ്സാരമായ ചിലത് വെളിപ്പെടുത്തുന്നു.
എന്നാൽ വർഷങ്ങൾക്കു ശേഷം, സർക്കാർ നയങ്ങളെ വിമർശിക്കുമ്പോഴോ ജനാധിപത്യ തത്ത്വങ്ങളെ പ്രതിരോധിക്കുമ്പോഴോ, എന്റെ മതം പെട്ടെന്ന് പരാമർശിക്കപ്പെടുന്നു.
മാത്രമല്ല, രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന യുവ മുസ്‌ലിംകൾക്ക്- എല്ലാ സ്വത്വങ്ങളിലുമുള്ള യുവാക്കൾക്ക്- ഇത് നൽകുന്ന സന്ദേശത്തെക്കുറിച്ച് ഞാൻ ആശങ്കാകുലനാണ്. അവർ എത്ര സത്യസന്ധമായി പ്രവർത്തിച്ചാലും, എത്ര സൂക്ഷ്മതയോടെ നിയമം പാലിച്ചാലും, അവരുടെ യോഗ്യതയല്ല, ജനനം നോക്കിയാണ് അവരെ വിലയിരുത്തേണ്ടതെന്ന് നമ്മൾ അവരോട് പറയുന്നുണ്ടോ? നിങ്ങളുടെ കുടുംബപ്പേരോ നമസ്കാരവിരിപ്പോ പ്രബലമായ ആഖ്യാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഒരു നേട്ടവും അപവാദത്തിൽനിന്ന് മുക്തമല്ലെന്ന്?
ഭരണഘടനാ മൂല്യങ്ങൾ എല്ലാവരും സംരക്ഷിക്കേണ്ടതുണ്ടെന്ന കാര്യം നാം മറക്കരുത്. മതഭ്രാന്തിനു മുന്നിൽ മൗനം പാലിക്കുന്നത് അതിനെ സാധാരണവൽക്കരിക്കുകയേയുള്ളൂ. ഈ ആക്രമണത്തിനെതിരേ വിവിധ കോണുകളിൽനിന്നുള്ള നിരവധി പൗരന്മാരും പത്രപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ശബ്ദമുയർത്തിയതിൽ ഞാൻ നന്ദിയുള്ളവനാണ് - എനിക്ക് വേണ്ടിയല്ല, പൊതുജീവിതത്തിലെ മാന്യതയ്ക്കുവേണ്ടി. എന്നാൽ ബഹുസ്വരതയുടെ പ്രതിരോധം വല്ലപ്പോഴും സംഭവിക്കുന്ന ഒന്നാകരുത്. അത് സുസ്ഥിരവും തത്ത്വാധിഷ്ഠിതവും കൂട്ടായതുമായിരിക്കണം.
കടപ്പാട്: ദ വയർ
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















