Top

'എനിക്കെന്റെ മസ്ജിദ് തിരിച്ചുതരണം'; ബാബരി വിധിയില്‍ വീണ്ടും ഉവൈസി

മിണ്ടാതിരിക്കുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ എനിക്കാവില്ല. മോദിയുടെ നിയന്ത്രണത്തിലുള്ള ഒരു ഓര്‍ക്കസ്ട്ര പാര്‍ട്ടിയില്‍ ഞാന്‍ ഉള്‍പ്പെടുന്നില്ല, എനിക്ക് നല്‍കിയ പാട്ട് പാടാന്‍ ഞാനില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പരമോന്നതം. ഏതൊരു വിധിന്യായത്തോടും മാന്യമായി വിയോജിക്കാനുള്ള അവകാശം അത് നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഭരണഘടനയ്ക്ക് വിരുദ്ധമായ എന്തിനെയും ഞാന്‍ എതിര്‍ക്കുമെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

എനിക്കെന്റെ മസ്ജിദ് തിരിച്ചുതരണം;   ബാബരി വിധിയില്‍ വീണ്ടും ഉവൈസി
X

ന്യൂഡല്‍ഹി: എനിക്കെന്റെ മസ്ജിദ് തിരിച്ചുതരണമെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദിലെ എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ബാബരി കേസിലെ സുപ്രിംകോടതി വിധിയോട് 'ഔട്ട്‌ലുക്കി'നു നല്‍കിയ അഭിമുഖത്തിലാണ് ഉവൈസിയുടെ പ്രതികരണം. ബാബരി ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനു വിട്ടുനല്‍കണമെന്ന സുപ്രിംകോടതി വിധിക്കെതിരേ നേരത്തെയും ഉവൈസി പ്രതികരിച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് ഏറ്റവും ഉന്നതം. അതിനാല്‍ തന്നെ ഭരണഘടനയ്ക്ക് എതിരായ എന്തിനെയും എതിര്‍ക്കുക തന്നെ ചെയ്യും. സുപ്രിംകോടതി വിധിയോട് ബഹുമാനത്തോടെ വിയോജിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഒരു കഷണം ഭൂമിക്ക് വേണ്ടിയല്ല ഞങ്ങളുടെ പോരാട്ടം. എന്റെ നിയമാവകാശങ്ങള്‍ യഥാര്‍ഥ്യത്തിലുള്ളതാണെന്ന് ഉറപ്പ് വരുത്തുന്നതിനാണ്.

രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സിവില്‍ സ്യൂട്ടാണിത്. 1992ല്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ താഴികക്കുടത്തിനടിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്നാണ് പലരുടെയും വിശ്വാസമെന്ന് സുപ്രിംകോടതി തന്നെ പറയുന്നു. അതുകൊണ്ടാണ് ഇത് നിയമത്തിനു മുകളില്‍ വിശ്വാസത്തിന്റെ വിജയം തന്നെയാണെന്ന് എനിക്ക് തോന്നുന്നത്. രണ്ടാമതായി, പള്ളി പൊളിച്ചില്ലെങ്കില്‍, എന്തു വിധിയായിരിക്കും വരിക...? മൂന്നാമതായി, ഞങ്ങളുടെ പോരാട്ടം ഒരു സ്ഥലത്തിന് വേണ്ടിയല്ല. എന്റെ നിയമപരമായ അവകാശങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു അത്. പള്ളി പണിയാനായി ഒരു ക്ഷേത്രവും പൊളിച്ചിട്ടില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ എനിക്കെന്റെ മസ്ജിദ് തിരിച്ചു തരണം.

ഔറംഗസീബ് മുഗള്‍ രാജാവായിരുന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. വലതുപക്ഷവാദികള്‍ അദ്ദേഹത്തെ ഒരു ഇസ് ലാമിക വര്‍ഗീയവാദിയെന്നാണ് വിളിക്കുന്നത്. അപ്പോള്‍, അങ്ങനെയുള്ള ഒരാള്‍ ഒരു പള്ളിയില്‍ പ്രാര്‍ഥനകള്‍ നടക്കാതിരിക്കാന്‍ അനുവദിക്കുമോ? അതാണ് നിരീക്ഷണവുമായി ബന്ധപ്പെട്ട എന്റെ വിയോജിപ്പ്. കൂടാതെ, മറ്റൊരു ചോദ്യം ബാബരി മസ്ജിദ് തകര്‍ത്തത് നിയമപരമാണോ എന്നാണ്. അങ്ങനെയാണെങ്കില്‍ അദ്വാനിക്കെതിരേ എങ്ങനെയാണ് ക്രിമിനല്‍ കേസ് നടക്കുന്നത്...?.ബാബരി വിധിയുമായി ബന്ധപ്പെട്ടു താങ്കള്‍ നടത്തിയ പ്രസ്താവന വിവാദപരവും താങ്കള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന്, ഭൂരിപക്ഷത്തിന്റെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടണമെന്ന് എല്ലാവരും തീരുമാനിച്ചതാണ് പ്രശ്‌നമെന്നും നിങ്ങള്‍ അവരോട് വിയോജിക്കുമ്പോള്‍ സാമുദായികവാദികളും ദേശവിരുദ്ധരും ഭിന്നിപ്പുണ്ടാക്കുന്നവരുമെന്ന് പ്രഖ്യാപിക്കുമെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. ഇന്ത്യയുടെ ഭരണഘടനയ്ക്കും ബഹുസ്വരതയ്ക്കും എതിരായ ഭൂരിപക്ഷ വീക്ഷണങ്ങളെ എതിര്‍ക്കുകയെന്നത് തന്റെ ഡിഎന്‍എയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. മിണ്ടാതിരിക്കുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ എനിക്കാവില്ല. മോദിയുടെ നിയന്ത്രണത്തിലുള്ള ഒരു ഓര്‍ക്കസ്ട്ര പാര്‍ട്ടിയില്‍ ഞാന്‍ ഉള്‍പ്പെടുന്നില്ല, എനിക്ക് നല്‍കിയ പാട്ട് പാടാന്‍ ഞാനില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പരമോന്നതം. ഏതൊരു വിധിന്യായത്തോടും മാന്യമായി വിയോജിക്കാനുള്ള അവകാശം അത് നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഭരണഘടനയ്ക്ക് വിരുദ്ധമായ എന്തിനെയും ഞാന്‍ എതിര്‍ക്കുമെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.


ബിജെപി നമ്മെ ഹിന്ദു രാഷ്ട്രത്തിന്റെ പാതയിലേക്ക് കൊണ്ടുപോവുമെന്നു തീര്‍ച്ചയാണ്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, രാജ്യത്തെ രണ്ടാംകിട പൗരന്മാരാക്കാനാണ് ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനാവിരുദ്ധമായ രീതിയില്‍ റദ്ദാക്കി. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ അപമാനിക്കാനുള്ള നീക്കം മാത്രമാണ്. ബാബരി മസ്ജിദിനെ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ കടമ സര്‍ക്കാരിനില്ലേ? ഡിസംബര്‍ 6 ന് എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. മസ്ജിദ് തകര്‍ത്ത ആളുകള്‍ അവിടെ ഒരു ക്ഷേത്രം പണിയാന്‍ പോവുന്നത് വിരോധാഭാസമാണ്. ജനങ്ങള്‍ നിശബ്ദത വെടിയണം. ഈ മൗനം ഭൂഷണമല്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടുകളെ മാത്രം ആശ്രയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയില്‍ ക്ഷേത്രത്തിന്റെ ഘടനയില്ലെന്നും ഒരു ക്ഷേത്രവും നശിപ്പിച്ചിട്ടില്ലെന്നും പറയുണ്ട്. പുരാവസ്തു ഗവേഷകന്‍ കെ കെ മുഹമ്മദിന്റെ വാദങ്ങള്‍ കോടതി കാറ്റില്‍ പറത്തി. അദ്ദേഹത്തിന്റെ സിദ്ധാന്തം സുപ്രിംകോടതി ചവറ്റുകൊട്ടയിലെറിഞ്ഞു. വഞ്ചനയില്‍ മിടുക്കരായ ആര്‍എസ്എസിന്റെയും ബിജെപിയുടെയും വാക്ക് എങ്ങനെ എടുക്കാനാവും? 1960 കളിലാണ് വിഎച്ച്പി സ്ഥാപിതമായത്. അന്ന് രാമക്ഷേത്രത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടു പോലുമില്ല. എഴുപതുകളുടെ അവസാനത്തിലാണ് അവര്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. കാശിയിലെ മസ്ജിദിനു കീഴില്‍ ഒരു തുരങ്കം തങ്ങളുടേതാണെന്നാണ് ആര്‍എസ്എസ് വാദിക്കുന്നത്. ലഖ്‌നോവിലെ ടെയ്ല്‍ വാലി മസ്ജിദിന് പുറത്തുള്ള സ്ഥലം തങ്ങള്‍ക്ക് വേണമെന്നും സംഘപരിവാര്‍ അവകാശപ്പെടുന്നു. കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ തങ്ങളുടെ അജണ്ടയിലില്ലെന്ന് ആര്‍എസ്എസ് പറയുന്നു. അങ്ങനെയെങ്കില്‍ കോടതികളില്‍ നടക്കുന്ന കേസുകള്‍ അവര്‍ പിന്‍വലിക്കാന്‍ തയ്യാറാവണം. സുപ്രിംകോടതി വിധിക്കെതിരേ പരാമര്‍ശം നടത്തിയതിനു തനിക്കെതിരേ കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, അത് കോടതിയലക്ഷ്യമല്ലെന്നായിരുന്നു ഉവൈസിയുടെ മറുപടി. 199798 കാലഘട്ടത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ എസ് വര്‍മയെ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തത്. സുപ്രിംകോടതി പരമോന്നതമാണ്. പക്ഷേ, തെറ്റ് പറ്റാത്തതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ശബരിമല കേസില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ അമിത് ഷാ ഉപയോഗിച്ച ഭാഷ പോലും ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്നും ഉവൈസി അഭിമുഖത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it