Big stories

'പെഗസസ് ഉപയോഗിച്ച് എന്റെ ഫോണും ചോര്‍ത്തി, ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി'; വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

പെഗസസ് ഉപയോഗിച്ച് എന്റെ ഫോണും ചോര്‍ത്തി, ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി; വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി
X

കേംബ്രിഡ്ജ്: ഇസ്രായേല്‍ ചാരസോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് തന്റെ ഫോണും ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണില്‍ പെഗസസ് ഉണ്ട്. തന്റെ ഫോണിലുമുണ്ടായിരുന്നു. തന്റെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനാല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രാഹുല്‍ വെളിപ്പെടുത്തി.

'എന്റെ ഫോണില്‍ പെഗസസ് ഉണ്ടായിരുന്നു. ധാരാളം രാഷ്ട്രീയക്കാരുടെ ഫോണില്‍ പെഗാസസ് ഉണ്ട്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നെ വിളിച്ചിട്ടുണ്ട്, 'ദയവായി നിങ്ങള്‍ ഫോണില്‍ പറയുന്നതിനെക്കുറിച്ച് ശ്രദ്ധിക്കുക, കാരണം ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതാണ്. ഞങ്ങള്‍ അനുഭവിക്കുന്ന നിരന്തരമായ സമ്മര്‍ദ്ദമാണിതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരന്തരം പ്രതിപക്ഷത്തിന് മേല്‍ കേസുകള്‍ ചുമത്തുന്നു. ഒരു സാഹചര്യത്തിലും ക്രിമിനല്‍ കേസുകളാക്കാന്‍ പാടില്ലാത്ത നിരവധി സംഭവങ്ങള്‍ക്ക് തനിക്കെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. അതാണ് ഞങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മുന്‍ ഉപദേഷ്ടാവുമായ സാം പിത്രോദയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ട്വിറ്ററില്‍ പങ്കുവച്ചത്.

പെഗസസ് സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സമിതി പരിശോധിച്ച 29 മൊബൈല്‍ ഫോണുകളില്‍ പെഗസസ് കണ്ടെത്തിയില്ലെങ്കിലും അഞ്ച് മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കണ്ടെത്തി. എന്നാല്‍, ആ മാല്‍വെയര്‍ പെഗസസ് ആണോയെന്ന് പറയാനാവില്ലെന്നായിരുന്നു സാങ്കേതിക സമിതിയുടെ റിപോര്‍ട്ട്. രാജ്യത്ത് പാര്‍ലമെന്റിനും മാധ്യമങ്ങള്‍ക്കും ജുഡീഷ്യറിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു, താന്‍ ഇന്ത്യയിലെ പ്രതിപക്ഷത്തെ നേതാവാണ്. പോലിസുകാരന്‍ തന്നെ പിടിച്ചുവച്ചിരിക്കുന്ന ചിത്രം കാണിച്ചുകൊണ്ട്, പ്രതിപക്ഷ നേതാക്കളെ പാര്‍ലമെന്റിന് മുന്നില്‍ സംസാരിച്ചതിനു പോലും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it