Big stories

കെ -റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം: എസ്ഡിപിഐ

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 532 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സില്‍വര്‍ ലൈനില്‍ വെറും 88 കിലോ മീറ്റര്‍ മാത്രമാണ് എലിവേറ്റഡ് ആയി കടന്നുപോകുന്നത്. 410 കിലോമീറ്ററിലും ഇരുവശങ്ങളിലും 15 അടിയോളം ഉയരത്തില്‍ സംരക്ഷിത ഭിത്തി നിര്‍മിക്കേണ്ടിവരും

കെ -റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം: എസ്ഡിപിഐ
X

കോഴിക്കോട്: സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതും സാമ്പത്തികമായി അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതുമായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതിയ്ക്കായി കെആര്‍ഡിസിഎല്‍ കണക്കുകൂട്ടിയിരിക്കുന്നത് 63,940 കോടി രൂപയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ പരമോന്നത നയ ഉപദേശക വിദഗ്ധ സംഘമായ നിതി ആയോഗ് 1,26,081 കോടി ചെലവു വരുമെന്ന് കണ്ടെത്തിയിരിക്കുന്നു. പദ്ധതിയ്ക്കായി അമിത പലിശയ്ക്ക് വായ്പയെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. വിദേശ വായ്പ: 33,700 കോടി (52.70 ശതമാനം), റെയില്‍വേ വിഹിതം: 3,125 കോടി (4.89 ശതമാനം), കേരളത്തിന്റെ വിഹിതം: 3,253 കോടി (5.09 ശതമാനം), പബ്ലിക് എക്വിറ്റി: 4,252 കോടി (6.65 ശതമാനം), ഭൂമി ഏറ്റെടുക്കാനുളള ചെലവ്: 11,837 കോടി(18.51 ശതമാനം). ബാക്കി തുക ബോണ്ട് വഴി കണ്ടെത്താനുമാണ് നീക്കം. അതായത് പലിശ കൊടുത്ത് കേരളത്തിന്റെ നടുവൊടിയും. കേരളത്തിന്റെ പൊതുകടം ഇപ്പോള്‍ നാലു ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. സംസ്ഥാനത്ത്ജ നിക്കാനിരിക്കുന്ന കുട്ടിക്കു പോലും ഒരു ലക്ഷത്തിനു മുകളില്‍ കടം. സംസ്ഥാനത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 18.35% തുക പലിശ മാത്രം നല്‍കാനായി ചെലവഴിക്കേണ്ടി വരുന്നു. 100 രൂപ വരുമാനം ലഭിച്ചാല്‍ 18.35 രൂപ സംസ്ഥാനത്തിന്റെ കടബാധ്യതയുടെ പലിശയായി അടയ്‌ക്കേണ്ട അവസ്ഥ. ശമ്പളത്തിനും പെന്‍ഷനും 48.46% ബാക്കിയുള്ള 33.19%ല്‍ നിന്നു വേണം ബാക്കി ദൈനം ദിന പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ 3,500 കോടി രൂപയാണ് കടമെടുത്തത്. സാധാരണ 6% പലിശയ്ക്കാണ് പണം കടമെടുക്കുന്നതെങ്കില്‍ ഇത്തവണ കടം വാങ്ങിയത് 7.06% പലിശയ്ക്കാണ്. ഈ അവസ്ഥയിലാണ് വീണ്ടും വലിശയ്ക്ക് കടമെടുത്ത് കെ റെയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 532 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സില്‍വര്‍ ലൈനില്‍ വെറും 88 കിലോ മീറ്റര്‍ മാത്രമാണ് എലിവേറ്റഡ് ആയി കടന്നുപോകുന്നത്. 410 കിലോമീറ്ററിലും ഇരുവശങ്ങളിലും 15 അടിയോളം ഉയരത്തില്‍ സംരക്ഷിത ഭിത്തി നിര്‍മിക്കേണ്ടിവരും. ഇതു സംസ്ഥാനത്തെ രണ്ടായി പിളര്‍ത്തും. റോഡ് ശ്രൃംഖലയെ പ്രതികൂലമായി ബാധിക്കും. ഇത്തരം അതിര്‍ത്തി മതിലുകള്‍ 2018 ലെയും 2019 ലേയും പോലുള്ള പ്രളയസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കും. 20,000 പേരുടെ വീടുകള്‍ നഷ്ടപ്പെടുത്തുന്ന ഈ പദ്ധതിക്കായി 1,453 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കണം. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തുകയും ആയിരത്തിലധികം മേല്‍പാലങ്ങള്‍ നിര്‍മിക്കുകയും വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെല്ലാമുപരിയായി പദ്ധതിയ്ക്കായി ലക്ഷക്കണക്കിന് ടണ്‍ കല്ലും മണലും മറ്റ് നിര്‍മാണ സാമഗ്രികളും ആവശ്യമാണ്. പ്രകൃതിയെ തകര്‍ക്കാതെ ഇത് സംഭരിക്കാനാവില്ല. കഴിഞ്ഞ കാലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും അതുവഴിയുണ്ടായ ജീവനഷ്ടവും ധനനഷ്ടവും തീരാദുരിതവും സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. വലിയ സാമ്പത്തിക ബാധ്യതയും കേരളത്തിന്റെ പരിസ്ഥിതിയും ജനജീവിതവും ദുസ്സഹമാക്കുന്നതുമായ പദ്ധതി ലാഭകരമാവില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാറി മാറി വന്ന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വല്ലാര്‍പാടവും വിഴിഞ്ഞം പദ്ധതിയും സ്മാര്‍ട്ട് സിറ്റിയുമൊക്കെ വന്‍ പരാജയങ്ങളായിരുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിച്ച് കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it