Big stories

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കും: നിയമഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍

ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. തിരഞ്ഞെടുപ്പു പരിഷ്‌കരണത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കമ്മിഷനെ അറിയിച്ചു.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കും: നിയമഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. തിരഞ്ഞെടുപ്പു പരിഷ്‌കരണത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം കമ്മിഷനെ അറിയിച്ചു.

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനായി തിരിച്ചറിയല്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി 2015 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. 32 കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിച്ചു.

സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കരുത് എന്ന സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ആണ് പദ്ധതി ഉപേക്ഷിച്ചത്. എന്നാല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാം എന്ന കഴിഞ്ഞ വര്‍ഷത്തെ സുപ്രിം കോടതി വിധിക്ക് പിന്നാലെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി ആരംഭിച്ചു.

നിയമഭേദഗതിയില്ലാതെ ഇതു മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്ന് വ്യക്തമാക്കി കമ്മിഷന്‍ നിയമമന്ത്രാലയത്തിന് കത്ത് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഒരാള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഇതിലൂടെ ഒഴിവാക്കാനാവുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. വോട്ടിങ് ദിവസം മണ്ഡലത്തില്‍ ഇല്ലാത്ത ആള്‍ക്ക് രാജ്യത്ത് എവിടെയായിരുന്നാലും വോട്ടു ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണം. ആധാര്‍ ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷന് അധികാരം നല്‍കാന്‍ ആധാര്‍ നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിനായുള്ള കരടാണ് നിയമ മന്ത്രാലയം തയാറാക്കുന്നത്. ഇവ ഉടന്‍ തന്നെ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വോട്ടര്‍മാര്‍ പേരു ചേര്‍ക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ കൂടി ആരായാന്‍ തിരഞ്ഞെടുപ്പു കമ്മിഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ടാവും.

Next Story

RELATED STORIES

Share it