- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്നിനെതിരേ സര്‍ക്കാരിന്റെ ഗോള്‍ ചലഞ്ച്; രണ്ട് കോടി ഗോളടിക്കും
തിരുവനന്തപുരം: ലഹരിമുക്ത കേരളം രണ്ടാം ഘട്ട കാംപയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജിതമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിീസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാര്‍ക്കുകളിലും ബസ് സ്റ്റാന്‍ഡുകളിലും പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും. നോ റ്റു ഡ്രഗ്‌സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കിനിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാവുന്ന രീതിയിലാണ് പരിപാടി.
സെലിബ്രിറ്റി ഫുട്‌ബോള്‍ മല്‍സരം നടത്തും. തദ്ദേശ സ്ഥാപന തലത്തിലും കുടുംബശ്രീ, സ്‌കൂള്‍, കോളജ്, സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ കമ്പനികള്‍, ഐടി പാര്‍ക്കുകള്‍, റെസിഡന്‍സ് അസോസിയേഷന്‍, ബസ് സ്റ്റാന്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഗോള്‍ ചലഞ്ച് നടത്തും. ലഹരി മോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അവിടെ രഹസ്യമായി കുട്ടിയെ ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോ, കുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്‌കൂളുകളില്‍ വലിയതോതില്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗണ്‍സിലര്‍മാരുണ്ടാവണം. ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ നല്ല രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.
ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന ബോര്‍ഡ് മുഴുവന്‍ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള നടപടിയും ഊര്‍ജ്ജിതമാക്കണം. 'നോ ടു ഡ്രഗ്‌സ്' പരിപാടിയുടെ ഭാഗമായി പോലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ നടത്തിയപരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കണം.
മൂന്ന് മാസത്തിലൊരിക്കല്‍ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറണം. വിവിധ വകുപ്പുകള്‍ വ്യത്യസ്ത പരിപാടികള്‍ ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവ ഏകോപിതമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പൊതുപരിപാടികളാക്കി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗ ത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയ്യാറാക്കാന്‍ എക്‌സൈസ് വകുപ്പിനെ / വിമുക്തി മിഷനെ ചുമതലപ്പെടുത്തി.
5 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും എസ്‌സിഇആര്‍ടിയും ചേര്‍ന്ന് തയ്യാറാക്കിയ 'തെളിവാനം വരയ്ക്കുന്നവര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും. അന്നേദിവസം എല്ലാ ക്ലാസിലും വിദ്യാര്‍ത്ഥികളുടെ സഭകള്‍ ചേരണം. ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഗാന്ധിജയന്തി ദിനം മുതല്‍ കേരളപ്പിറവി ദിനം വരെ നടപ്പിലാക്കിയ വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പയിനിന്റെ ഉള്ളടക്കം, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ മുതലായവ ക്ലാസ് സഭകളില്‍ ചര്‍ച്ച ചെയ്യണം. സ്‌കൂള്‍ പാര്‍ലമമെന്റ് / കോളേജ് യൂണിയന്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം.
2022 ഡിസംബര്‍ 4 മുതല്‍ 10 വരെ മനുഷ്യാവകാശ വാരമായി ആചരിക്കും. ഈ ദിവസങ്ങളില്‍ കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഡിസംബര്‍ 9ാം തീയതി മുഴുവന്‍ ക്ലാസ്‌റൂമുകളിലും കുട്ടികള്‍ക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ ആദ്യവായന നടക്കണം. കുട്ടികള്‍ തന്നെയാകണം വായന നടത്തേണ്ടത്. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം.
മുഴുവന്‍ തദ്ദേശസ്വയം ഭരണ വാര്‍ഡുകളിലും സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വൈകുന്നേരം ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന കവല യോഗങ്ങള്‍ സംഘടിപ്പിക്കണം. എന്‍എസ്എസ്, എന്‍സിസി, എസ്പിസി, വിമുക്തി ക്ലബ് മുതലായവയുടെ സംഘാടന പങ്കാളിത്തം ഉറപ്പാക്കണം. കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ മുതലായവയെ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണി ചേര്‍ക്കണം. കൃത്യമായ ആസൂത്രണവും ചിട്ടയായ സംഘാടനവും ഇതിന് ആവശ്യമായി വരും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കവലയോഗങ്ങള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതിയുടെ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണം. തുടര്‍ന്ന് വാര്‍ഡുതല സമിതികള്‍ പ്രത്യേക സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
2023 ജനുവരി 26 ന് ക്ലാസ് സഭകള്‍ നടത്തും. ഈ വര്‍ഷത്തെ പ്രവര്‍ത്തനാവലോകനം, അവധിക്കാലത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍, അടുത്ത അക്കാദമിക വര്‍ഷാരംഭത്തില്‍ നടത്തേണ്ട പ്രവര്‍ത്തനാസൂത്രണം എന്നിവ നടത്തണം. ലഹരിമുക്ത ക്യാമ്പസിനായുള്ള സ്‌കൂള്‍/കോളേജുതല തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാനിന് ക്ലാസ് സഭകള്‍ അംഗീകാരം നല്‍കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ വിപുലീകൃത യോഗം സംഘടിപ്പിക്കും. ഈ യോഗത്തില്‍ കുട്ടികള്‍ക്ക് നല്‍കിയ പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റ്/ഫഌഷ് മോബ് / സംഗീതശില്പം / നാടകം/ ചൊല്‍ക്കാഴ്ച മുതലായ രംഗാവിഷ്‌ക്കാരങ്ങളുടെ അവതരണം നടത്തണം. ഒന്നു മുതല്‍ 3 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള പരിപാടികളായി ആസൂത്രണം ചെയ്യാവുന്നതാണ്. സമയവും വേദിയും തദ്ദേശ സ്വയംഭരണതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി നിശ്ചയിക്കണം.
സ്‌കൂള്‍/ കോളജുതല ലഹരിവിരുദ്ധ തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന് കൈമാറുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ആന്റി നാര്‍ക്കോട്ടിക് ദിനമായ 2023 ജൂണ്‍ 26 മുതല്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജനുവരി 26 നു ശേഷം ആലോചിക്കാനും യോഗം തീരുമാനിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, വി അബ്ദുറഹ്മാന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















