Big stories

വോട്ടിങ് അട്ടിമറി വെളിപ്പെടുത്തല്‍; മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് കുടുംബം

ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ മരണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

വോട്ടിങ് അട്ടിമറി വെളിപ്പെടുത്തല്‍;      മുണ്ടെയുടെ മരണം അന്വേഷിക്കണമെന്ന് കുടുംബം
X

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങള്‍ അട്ടിമറി നടന്നെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായി. ഹാക്കറുടെ വെളിപ്പെടുത്തലുകളെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞപ്പോള്‍ സമഗ്രമാന അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ മരണങ്ങളെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുണ്ടെയുടെ അനന്തിരവന്‍ രംഗത്തെത്തി. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗമായ റോയോ സുപ്രീംകോടതി ജഡ്‌ജോ അന്വേഷിക്കണമെന്നാണ് എന്‍സിപി നേതാവ് കൂടിയായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിട്ടുള്ളത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമാണ് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ ഇന്നലെ വെളിപ്പെടുത്തിയത്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നെന്നും ഹാക്കര്‍ വെളിപ്പെടുത്തി. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമാണ് തുടക്കം കുറിച്ചത്.

Next Story

RELATED STORIES

Share it