Big stories

ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്

2016 ആഗസ്തില്‍ ബെലാഗാവിയിലെ ഒരു യോഗത്തില്‍ അമോല്‍ കാലേ നയിച്ച സംഘമാണ് തങ്ങളുടെ നാലാമത്തെ ലക്ഷ്യമായി മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ തിരഞ്ഞെടുത്തതെന്ന് മൊഴിയില്‍ പറയുന്നു.

ഗൗരി ലങ്കേഷ് വധം: മുഖ്യപ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്
X

ബെംഗളൂരു: മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് വധത്തിനു പിന്നിലെ ഗുഢാലോചനകള്‍ വെളിപ്പെടുത്തുന്ന കുറ്റസമ്മത മൊഴികള്‍ പുറത്ത്. മുഖ്യപ്രതിയായികര്‍ണാടക കുറ്റകൃത്യ നിയന്ത്രണ നിയമം-2000(കെസിഒസിഎ) പ്രകാരം

അറസ്റ്റിലായ ശരദ് കലഷ്‌കര്‍ നല്‍കിയ മൊഴിയാണ് പുറത്തായത്. 2016 ആഗസ്തില്‍ ബെലാഗാവിയിലെ ഒരു യോഗത്തില്‍ അമോല്‍ കാലേ നയിച്ച സംഘമാണ് തങ്ങളുടെ നാലാമത്തെ ലക്ഷ്യമായി മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ തിരഞ്ഞെടുത്തതെന്ന് മൊഴിയില്‍ പറയുന്നു. ഹിന്ദു ധര്‍മത്തിനെതിരായ അപമാനകരമായ പ്രസ്താവനകള്‍ നടത്തുന്നതാണ് ഗൗരിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ഇതുസംബന്ധിച്ച എല്ലാ ഗൂഢാലോചന യോഗങ്ങളിലും പങ്കെടുത്ത ശരദ് കലഷ്‌കര്‍ പറയുന്നു.

2017 സെപ്തംബര്‍ 5നാണ് ബെംഗളൂരുവിലെ തന്റെ വീട്ടില്‍ ഗൗരി ലങ്കേഷിനെ ഹിന്ദുത്വര്‍ വെടിവച്ചു കൊന്നത്. സംഘത്തിന്റെ നേതാവായിരുന്ന ഡോ. വീരേന്ദ്ര ടാവ്‌ഡെ നരേന്ദ്ര ധബോല്‍ക്കര്‍ വധത്തെ തുടര്‍ന്ന് 2016 ജൂണില്‍ പിടിയിലായതോടെയാണ് കാലേയ്ക്കു സ്ഥാനം കൈമാറിയത്. 2017 ആഗസ്തിലെ യോഗത്തിലാണ് ഗൗരിയെ വധിക്കാന്‍ അന്തിമ പദ്ധതി തയ്യാറാക്കിയത്. സംഘത്തില്‍ ഗണേഷ് മിസ്‌കിനെയും പരശുറാം വാഗ്മോറിനെയും ഉള്‍പ്പെടുത്തിയിരുന്നു. അമിത് ബഡിക്കാണ് ആയുധം ശേഖരിക്കാനുള്ള ചുമതല. ആയുധം ബെലഗാവിയിലെത്തിക്കേണ്ട ചുമതല സുധാന്‍വ ഗണ്ടേല്‍കര്‍ക്കായിരുന്നു. ഇത് ബെംഗളൂരുവിലേക്കെത്തിച്ചത് ഭരത് കുര്‍ണെയാണ്. ഗണേഷ് മിസ്‌കിനു പരശുറാം വാഗ്മോറും കാട്ടിലൂടെയാണ് അഞ്ച് പിസ്റ്റളുകള്‍ എത്തിച്ചത്. കൊലയാളി സംഘം അവയെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തി മൂന്നെണ്ണം തിരഞ്ഞെടുത്തു. അതിലൊന്ന് പഴയതും നേരത്തേ ഉപയോഗിച്ചതുമാണ്-കെസിഒസിഎ പ്രകാരം കോടതിയില്‍ തെളിവായി സമര്‍പ്പിച്ച കലഷ്‌കറുടെ കുറ്റസമ്മത മൊഴി തുടരുന്നു.

എസ്‌ഐടി സംഘം മാസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ബുള്ളറ്റുകളും പിസ്റ്റളിന്റെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു. ഇതില്‍ ഒരെണ്ണം ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതാണെന്നു ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തുകയും ചെയ്തിരുന്നു. ബെലഗാവിയിലെ മുറിയില്‍ 2015 മുതല്‍ 2017 വരെ രാജ്യവ്യാപകമായി വിതരണം ചെയ്യാനായി പിസ്റ്റളുകള്‍ നിര്‍മിച്ചിരുന്നു. ഗൗരി വധത്തിനു ശേഷം സംഘം പൂനെ ഫാംഹൗസില്‍ ഒരു പരിശീലന ക്യാംപ് നടത്തിയിരുന്നു. അവിടെ 30 അത്യാധുനിക ബോംബുകള്‍ നിര്‍മിച്ചിരുന്നു. 15ലേറെ പേര്‍ പങ്കെടുത്ത ഗ്രൂപ്പിനെ അമല്‍ കാലേയാണ് നാലു ഗ്രൂപ്പുകളായി തിരിച്ചത്. 2017 ഡിസംബറിലെ സണ്‍ബേള്‍ സംഗീതോല്‍സവം ആക്രമിക്കാനാണു പുതിയ പദ്ധതി തയ്യാറാക്കിയത്. പക്ഷേ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീകാന്ത് പങ്ഗാര്‍ക്കറും ഗണേഷ് മിസ്‌കിനും പിടിയിലായതോടെ പദ്ധതി പുറത്തായി.

സംഘം മറ്റൊരു ദൗത്യത്തില്‍ കൂടി ഏര്‍പ്പെടുന്നുണ്ടായിരുന്നു. ഷാഹിദ് കപൂറും രണ്‍വീര്‍ സിങും മുഖ്യവേഷത്തില്‍ അഭിനയിച്ച പദ്മാവത് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് ആക്രമണത്തിന് ഉപയോഗിക്കേണ്ട കോഡ് ഭാഷയില്‍ നിന്നു വ്യക്തമായി. മുംബൈ, പൂനെ, കോലാപൂര്‍, ബെലഗാവി എന്നിവിടങ്ങളിലെ തിയേറ്ററുകളാണ് ലക്ഷ്യമിട്ടതെങ്കിലും മുംബൈയിലും ബെലഗാവിയിലും മാത്രമാണ് ബോംബാക്രമണം നടത്തിയ ദൗത്യം വിജയകരമാക്കിയതെന്നും മൊഴിയില്‍ പറയുന്നു. മുഖ്യ ആസൂത്രകരായ കാലേയും ദേവ്‌ഗേകറും 2018 മെയില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായതോടെ, എങ്ങനെയാണ് പിസ്റ്റള്‍ നശിപ്പിക്കുക എന്നതു സംബന്ധിച്ചാണ് വൈഭവ് റൗത്ത്, സുധേന്‍വ ഗണ്ടേല്‍കര്‍, ഋഷികേഷ് ദിയോദികര്‍ തുടങ്ങിയവര്‍ ചര്‍ച്ച നടത്തിയത്. ഇതോടെ, മൂന്നു പിസ്റ്റളുകളുടെയും എല്ലാ ഭാവും നശിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മൂന്നു പിസ്റ്റളിന്റെ സ്ലൈഡും ബാരലും മാറ്റി ഞാന്‍ ബാഗില്‍ കൊണ്ടുപോയി. 2018 ജൂലൈ 23നു രാത്രി വൈഭവ് റൗടും ഞാനും അദ്ദേഹത്തിന്റെ കാറില്‍ കയറി മുംബൈ നാഷിക് ദേശീയപാതയോരത്തെത്തി ഒരു പുഴയിലേക്ക് വലിച്ചെറിഞ്ഞു. ആയുധത്തിന്റെ ബാക്കി ഭാഗങ്ങള്‍ വൈഭവ് റൗടിനു നല്‍കി അദ്ദേഹത്തിന്റെ നള്ളസോപാറയിലെ വീട്ടില്‍ സൂക്ഷിക്കാന്‍ പറഞ്ഞു. 2018 ആഗസ്തില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് റൗടിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ആയുധത്തിന്റെ ബാക്കി ഭാഗങ്ങള്‍ പിടികൂടിയതെന്നും ശരദ് കലഷ്‌കറുടെ മൊഴിയില്‍ വ്യക്തമാക്കുന്നു




Next Story

RELATED STORIES

Share it