Big stories

ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന്‍തട്ടി ചത്തു; ലോക്കോ പൈലറ്റിനു നേരെ ഹിന്ദുത്വരുടെ കൈയേറ്റശ്രമം

ലോക്കോ പൈലറ്റ് മനപൂര്‍വം പശുവിനെ ഇടിച്ചുകൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരില്‍ ഒരു സംഘം ലോക്കോ പൈലറ്റ് ജി എ ഝാലയ്ക്കു നേരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു

ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന്‍തട്ടി ചത്തു; ലോക്കോ പൈലറ്റിനു നേരെ ഹിന്ദുത്വരുടെ കൈയേറ്റശ്രമം
X

അഹമ്മദാബാദ്: ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന്‍ തട്ടി ചത്തതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റിനു നേരെ ഹിന്ദുത്വരുടെ കൈയേറ്റശ്രമം. ഗുജറാത്തിലെ മെഹ്‌സാനയില്‍ ശനിയാഴ്ച രാവിലെ 11.17ഓടെയാണ് സംഭവം. ഗ്വാളിയര്‍-അഹമ്മദാബാദ് സൂപര്‍ഫാസ്റ്റ് ട്രെയിന്‍ കടന്നുപോവുന്നതിനിടെ പൊടുന്നനെ ട്രാക്കിലേക്ക് ഓടിക്കയറിയ പശുവിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പശു ചത്തു. എന്നാല്‍, ലോക്കോ പൈലറ്റ് മനപൂര്‍വം പശുവിനെ ഇടിച്ചുകൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരില്‍ ഒരു സംഘം ലോക്കോ പൈലറ്റ് ജി എ ഝാലയ്ക്കു നേരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 30 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് പശുവിനെ കൊന്നുവെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഇദ്ദേഹം സംഭവത്തെ കുറിച്ച് ഒന്നുമറിയാതെയാണ് സംസാരിക്കുന്നതെന്ന് ഝാല പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് ഗോരക്ഷകര്‍ എന്നുപറഞ്ഞ് 150ഓളം പേര്‍ സ്ഥലത്തെത്തുകയും ലോക്കോ പൈലറ്റിനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മാത്രമല്ല, ചത്ത പശുവിനെ ട്രാക്കില്‍നിന്ന് മാറ്റാന്‍ ശ്രമിച്ച ജീവനക്കാരോട്, 'ബഹുമാനപൂര്‍വം' ചെയ്യണമെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം ട്രെയിനില്‍ 1500ഓളം യാത്രക്കാരുണ്ടായിരുന്നു. തുടര്‍ന്ന് സരസ്വതി പുഴയ്ക്കു കുറുകെയുള്ള പാലത്തിനു മുകളില്‍ അപകടരമാം വിധം ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിന്‍ അവിടുന്ന് വിട്ടെങ്കിലും തൊട്ടടുത്ത കാംലി, ഉഞ്ജ ജങ്ഷനുകളില്‍ നിര്‍ത്തിയപ്പോഴും ലോക്കോ പൈലറ്റിനു നേരെ ഭീഷണിയും അധിക്ഷേപവും തുടര്‍ന്നു. ഇതോടെ, ലോക്കോ പൈലറ്റ് തനിക്ക് ഭീഷണിയുണ്ടെന്നു വാക്കി ടോക്കി വഴി പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ഇടപെടുകയായിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് ഒധാവ് സ്വദേശി ബിപിന്‍സിങ് രജ്പുതി(28)നെ പോലിസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിനെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, സമാധാനഭംഗം വരുത്തുകയെന്ന ലക്ഷ്യത്തോടെ മനപൂര്‍വം പ്രകോപിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മെഹസാന ഗവണ്‍മെന്റ് റെയില്‍വേ ഇന്‍സ്‌പെക്ടര്‍ വിനോദ് ജയ്‌സ്വാള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it