Big stories

യുപിയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം ചപ്പാത്തിയും ഉപ്പും; മാധ്യമപ്രവര്‍ത്തകനെതിരേ കേസ്

സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മാധ്യമപ്രവര്‍ത്തകനും ഗ്രാമത്തലവന്റെ പ്രതിനിധിക്കുമെതിരേ കേസെടുത്തതെന്നാണ് പറയുന്നത്. എന്നാല്‍ സംഭവം വന്‍ ചര്‍ച്ചയായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കു വിരുദ്ധമാണ് ഇപ്പോഴത്തെ നടപടി.

യുപിയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം ചപ്പാത്തിയും  ഉപ്പും; മാധ്യമപ്രവര്‍ത്തകനെതിരേ കേസ്
X

മിര്‍സാപൂര്‍(യുപി): ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും കഴിക്കുന്ന വാര്‍ത്ത വീഡിയോ സഹിതം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്ന ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടെ പരാതിയിലാണ് മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്‌സ്വാളിനെതിരേ കേസെടുത്തത്. പ്രാദേശിക ഗ്രാമത്തലവന്റെ പിന്തുണയോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് ആരോപണം. വീഡിയോയില്‍ മിര്‍സാപൂര്‍ സ്‌കൂളിലെ വരാന്തയില്‍ കുട്ടികള്‍ തറയിലിരുന്ന് റൊട്ടിയും ഉപ്പും കഴിക്കുന്നതാണുള്ളത്.

ഉത്തര്‍പ്രദേശ് ഉച്ചഭക്ഷണ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രൈമറി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട മെനു വിവരിക്കുന്നുണ്ട്. പയര്‍വര്‍ഗങ്ങള്‍, അരി,ചപ്പാത്തി, പച്ചക്കറികള്‍ എന്നിവയാണ് ഇതിലുള്ളത്. ഭക്ഷണ ചാര്‍ട്ട് പ്രകാരം ചില ദിവസങ്ങളില്‍ പഴങ്ങളും പാലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെതിരായ മൂന്നുപേജുള്ള എഫ്‌ഐആറില്‍ വീഡിയോ ചിത്രീകരിച്ച ദിവസം സ്‌കൂളില്‍ ചപ്പാത്തി മാത്രമാണ് പാകം ചെയ്തതെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഗ്രാമത്തലവന്റെ പ്രതിനിധിയാണ് പച്ചക്കറികള്‍ ക്രമീകരിക്കേണ്ടത്. ജന്‍സന്ദേഷ് ടൈംസില്‍ സേവനമനുഷ്ഠിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോ ചിത്രീകരിച്ചതെന്നും തുടര്‍ന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു കൈമാറിയതാണെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതുവഴി സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മാധ്യമപ്രവര്‍ത്തകനും ഗ്രാമത്തലവന്റെ പ്രതിനിധിക്കുമെതിരേ കേസെടുത്തതെന്നാണ് പറയുന്നത്. എന്നാല്‍ സംഭവം വന്‍ ചര്‍ച്ചയായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കു വിരുദ്ധമാണ് ഇപ്പോഴത്തെ നടപടി. അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തിയിരുന്നുവെന്നും സ്‌കൂളിലെ ചുമതലയുള്ള അധ്യാപകന്റെയും സൂപര്‍വൈസറുടെയും തെറ്റാണെന്നും ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ സംഭവത്തിന്റെ പിറ്റേന്ന് തന്നെ എന്‍ഡിടിവിയോട് പറഞ്ഞിരുന്നു. വീഡിയോ ചിത്രീകരിച്ചതിന്റെ പിറ്റേന്ന് തന്നെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവും പവന്‍ ജയ്‌സ്വാളിനോട് ഇതേ കാര്യം വെളിപ്പെടുത്തിയിരുന്നു. ചിലപ്പോള്‍ കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയുമാണ് നല്‍കുന്നതെന്നും ചിലപ്പോള്‍ ഉപ്പും അരിയും അപൂര്‍വ ദിവസങ്ങളില്‍ പാല്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഴപ്പഴം ഒരിക്കലും കൊടുത്തിരുന്നില്ല. ഒരു വര്‍ഷത്തിലേറെയായി ഇത്തരത്തിലാണു മുന്നോട്ടുപോവുന്നതെന്നും രക്ഷിതാവ് കുറ്റപ്പെടുത്തിയിരുന്നു.

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2018 ഡിസംബര്‍ വരെ സംസ്ഥാനവ്യാപകമായി 1.5 ലക്ഷത്തിലേറെ പ്രൈമറി, മിഡില്‍ ക്ലാസ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയിട്ടുണ്ട്. ഒരു കോടിയിലേറെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഓരോ കുട്ടിക്കും ദിവസവും കുറഞ്ഞത് 450 കലോറി നല്‍കാനാണ് ഉച്ചഭക്ഷണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ കുറഞ്ഞത് 12 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്. ഓരോ കുട്ടിക്കും പ്രതിവര്‍ഷം 200 ദിവസമെങ്കിലും ഉച്ചഭക്ഷണം നല്‍കണമെന്നാണു ചട്ടം.

Next Story

RELATED STORIES

Share it