Big stories

ദലിത് ബാലന്‍മാരെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്ന സംഭവം: ഗ്രാമം വിടാനൊരുങ്ങി ദലിത് കുടുംബം

ഗ്രാമത്തില്‍ കാലങ്ങളായി തങ്ങള്‍ വലിയ ജാതി വിവേചനമാണ് നേരിടുന്നതെന്നും മേല്‍ജാതിക്കാരുടെ അക്രമം സഹിച്ചാണ് ജീവിക്കുന്നതെന്നും മരിച്ച കുട്ടികളിലൊരാളുടെ പിതാവ് ബബ്‌ലു വാല്‍മിക് പറഞ്ഞു. ജാതിയുടെ പേരില്‍ ഖുഷിയേയും അരുണിനേയും പ്രാദേശിക പ്രൈമറി സ്‌കൂളില്‍ നിന്ന് പുറത്താക്കി. മേല്‍ജാതിക്കാരായ കുട്ടികള്‍ തങ്ങളുടെ കുട്ടികളോടൊപ്പം ബെഞ്ചിലിരിക്കില്ലെന്നും വാല്‍മിക് പറഞ്ഞു.

ദലിത് ബാലന്‍മാരെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്ന സംഭവം:  ഗ്രാമം വിടാനൊരുങ്ങി ദലിത് കുടുംബം
X

ശിവ്പുരി: മധ്യപ്രദേശില്‍ രണ്ട് ദലിത് ബാലന്‍മാരെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നതിനെ തുടര്‍ന്ന് ഗ്രാമം വിടാനൊരുങ്ങി ദലിത് കുടുംബം. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഗ്രാമം വിട്ടുപോകുകയാണെന്നും കുട്ടികളുടെ പിതാവ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭാവ്‌കേദി ഗ്രാമത്തിലാണ് പൊതു സ്ഥലത്ത് വിസര്‍ജ്ജനം നടത്തിയെന്ന് ആരോപിച്ച് മേല്‍ജാതിക്കാര്‍ ദലിത് കുട്ടികളെ തല്ലിക്കൊന്നത്. അരുണ്‍, സഹോദരി ഖുഷി എന്നിവരെയാണ് അതിക്രൂരമായി തലക്കടിച്ചു കൊലപ്പെടുത്തിയത്.

മുത്തച്ഛന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഹാക്കിം സിങ് യാദവ്, രാമേശ്വര്‍ യാദവ് എന്നീ സഹോദരങ്ങള്‍ ചേര്‍ന്ന് കുട്ടികളെ തലക്കടിച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദലിത് കുടുംബം ഭാവ്‌ഖേദി വിട്ട് ശിവപുരിയിലേക്ക് മാറാന്‍ തീരുമാനിച്ചതായി വാല്‍മിക് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 'യാദവര്‍ തങ്ങളേയും കൊല്ലുമെന്ന് ഭയപ്പെടുന്നു' . വാല്‍മിക് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കേസെടുത്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ശിവ്പുരി പോലിസ് സൂപ്രണ്ട് രാജേഷ് സിങ് ചാന്ദല്‍ പറഞ്ഞു. വാല്‍മിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക കേസും പട്ടികജാതിഗോത്ര (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ്-1989 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗ്രാമത്തില്‍ കാലങ്ങളായി തങ്ങള്‍ വലിയ ജാതി വിവേചനമാണ് നേരിടുന്നതെന്നും മേല്‍ജാതിക്കാരുടെ അക്രമം സഹിച്ചാണ് ജീവിക്കുന്നതെന്നും മരിച്ച കുട്ടികളിലൊരാളുടെ പിതാവ് ബബ്‌ലു വാല്‍മിക് പറഞ്ഞു. മേല്‍ജാതിക്കാര്‍ മുഴുവന്‍ വെള്ളമെടുത്ത ശേഷമേ ഗ്രാമത്തിലെ കുടിവെള്ള വിതരണ പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ തങ്ങളെ അനുവദിക്കൂ. ഇപ്പോള്‍ കുട്ടികളെ കൊന്നവര്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നെ തങ്ങളെ ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ തകര്‍ന്ന കുടിലിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പ് വെട്ടിയതിനാണ് മേല്‍ജാതിക്കാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തങ്ങളുടെ കൃഷിഭൂമി തട്ടിയെടുത്ത മേല്‍ജാതിക്കാര്‍ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു. 50 രൂപയാണ് ഒരു ദിവസത്തെ കൂലിയായി നല്‍കിയിരുന്നത്. പലപ്പോഴും അത് പോലും നല്‍കിയിരുന്നില്ല. പ്രദേശവാസികളായ ദലിതുകള്‍ പറഞ്ഞു.

'ഗ്രാമത്തിലെ എല്ലാവര്‍ക്കുമായി പഞ്ചായത്ത് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. എന്നാല്‍ ഞങ്ങള്‍ നല്‍കിയില്ല. ഒരു വീടിനും ഒരു ശൗചാലയത്തിനും വേണ്ടി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും സെക്രട്ടറി നിരസിക്കുകയായിരുന്നു.' വാല്‍മിക് പറഞ്ഞു. ഇപ്പോള്‍ പൊതു സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയെന്ന് ആരോപിച്ചാണ് അരുണിനെയും സഹോദരി ഖുഷിയേയും കൊലപ്പെടുത്തിയത്.

ഗ്രാമത്തില്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായി വാല്‍മിക് പറഞ്ഞു. ഓരോ തവണയും പൊതു ടാപ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വന്നു. 'മറ്റെല്ലാവരും കഴിയുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ വെള്ളം നിറയ്ക്കുന്നത്,' അദ്ദേഹം പറഞ്ഞു.

ജാതിയുടെ പേരില്‍ ഖുഷിയേയും അരുണിനേയും പ്രാദേശിക പ്രൈമറി സ്‌കൂളില്‍ നിന്ന് പുറത്താക്കി. മേല്‍ജാതിക്കാരായ കുട്ടികള്‍ തങ്ങളുടെ കുട്ടികളോടൊപ്പം ബെഞ്ചിലിരിക്കില്ലെന്നും വാല്‍മിക് പറഞ്ഞു. അതിനാല്‍ നിലത്തു ഇരിക്കാന്‍ വീട്ടില്‍ നിന്ന് ഇലകള്‍ കൊണ്ടുപോകാന്‍ ടീച്ചര്‍ അവരോട് പറഞ്ഞു. ഉച്ചഭക്ഷണത്തിന് ദലിത് കുട്ടികളോട് വീട്ടില്‍ നിന്ന് പ്രത്യേക പാത്രങ്ങള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ജാതി വിവേചനം കഠിനമായതോടെ അവര്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it