Big stories

ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം 300 മടങ്ങ് വര്‍ദ്ധിച്ചു; നടപടിയെടുക്കാതെ ഫേസ്ബുക്ക്

ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം 300 മടങ്ങ് വര്‍ദ്ധിച്ചു; നടപടിയെടുക്കാതെ ഫേസ്ബുക്ക്
X

ന്യൂഡല്‍ഹി: അടുത്ത കാലത്തായി ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം അപകടകരമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് തന്നെ നടത്തിയ ആന്തരിക ഗവേഷണത്തിലാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി ഭാഷകളിലുള്ള പോസ്റ്റുകളിലാണ് വിദ്വേഷ പ്രചാരണം വ്യാപകമായി നടക്കുന്നത്.

2020ന്റെ തുടക്കത്തില്‍ ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റുകള്‍ 300 മടങ്ങ് വര്‍ദ്ധിച്ചതായാണ് ഡാറ്റാ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പൗരത്വ സമരം ശക്തമായ 2019 ഡിസംബര്‍, 2020 ജനുവരിയിലുമാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രചാരണം നടന്നത്. പൗരത്വ സമരത്തിനെതിരേ ഹിന്ദുത്വര്‍ വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. മുസ് ലിം വിരുദ്ധ പോസ്റ്റുകളും വര്‍ഗീയ പരാമര്‍ശങ്ങളും കലാപത്തിനുള്ള ആഹ്വാനങ്ങളും വരേ ഫേസ്ബുക്ക് പേജുകളില്‍ നിറഞ്ഞു നിന്നു. മുസ് ലിംകളെ വംശീയ ഉന്മൂനം നടത്തും എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങളും ഫേസ്ബുക്ക് വാളുകളില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം വര്‍ഗീയ പോസ്റ്റുകള്‍ തടയാന്‍ ഫേസ്ബുക്ക് നടപടിയെടുത്തില്ലെന്ന് സാങ്കേതിക വിദഗ്ധരും നേരത്തെ ഫേസ്ബുക്കിന്റെ ഭാഗമായിരുന്നവരും പറയുന്നു.

2020 ന്റെ തുടക്കത്തില്‍, കമ്പനി നടത്തിയ ആന്തരിക ഗവേഷണമനുസരിച്ച്, മുന്‍ കാലങ്ങളെ അപേക്ഷിച്ച് 'വിദ്വേഷ പ്രചാരണം' 300% വര്‍ദ്ധിച്ചു. ദി വയര്‍ നടത്തിയ അവലോകനത്തില്‍ ഇത് പൗരത്വ പ്രക്ഷോഭം ശക്തമായ മാസങ്ങളിലും രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാസങ്ങളിലുമാണെന്ന് കണ്ടെത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നരേന്ദ്രമോദി സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ചില്‍ മുസ് ലിംകള്‍ക്കെതിരേ വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ അരങ്ങേറിയിരുന്നു. ഡല്‍ഹിയിലെ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെടുത്തിയായിരുന്നു ഹിന്ദുത്വരുടെ പ്രചാരണം. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരത്തുകയാണെന്ന് ഹിന്ദുത്വര്‍ വ്യാപകമായി പ്രചരിപ്പിച്ചു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എന്ന് പറഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളും അരങ്ങേറി. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഉള്‍പ്പടേയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ വിദ്വേഷ പ്രചാരണമാണ് മുസ് ലിം വിരുദ്ധ ആക്രമങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

വിദ്വേഷ പ്രചാരണങ്ങളില്‍ ഏറ്റവും അപകട സാധ്യതയുള്ള രാജ്യങ്ങളെ( [at-risk countries]-എആര്‍സി) അപേക്ഷിച്ച് ഇന്ത്യയില്‍ വിദ്വേഷ പ്രചാരണം ഏറെ കൂടുതലാണ് ഗവേഷണത്തില്‍ കണ്ടെത്തി. ഇംഗ്ലീഷ് ഭാഷയിലുള്ള ഇത്തരം പ്രചാരണങ്ങള്‍ 2020 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചത്. ഹിന്ദി, ഉറുദു ഭാഷകളിലുള്ള വിദ്വേഷ പ്രചാരണം പാകിസ്താനെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒരു ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഇന്ത്യയിലെ വര്‍ഗീയ സംഘര്‍ഷം ഭാഗം1' എന്ന തലക്കെട്ടിലുള്ള ജൂലൈ 2020 റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

'2019 അവസാനത്തിലും മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ തുടക്കത്തിലും വിദ്വേഷ പോസ്റ്റുകള്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് 80 ശതമാനം വര്‍ദ്ധിച്ചതായും കണ്ടെത്തി.

അതേസമയം, രാജ്യത്ത് ഹിന്ദുത്വ വലതുപക്ഷ സംഘടനകളുടേയും വ്യക്തികളുടേയും നേതൃത്വത്തില്‍ വിദ്വേഷ പ്രചാരണം വ്യാപകമാണെന്ന് കണ്ടെത്തിയിട്ടും ക്രിയാത്മകമായ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ല. ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരി ഹെയ്ഗന്‍ തന്നേയാണ് ഫേസ്ബുക്കിനെതിരായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അകൗണ്ടുകളുടെ സുരക്ഷയല്ല, പണം മാത്രമാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് വാളുകളില്‍ നിറയുന്ന വിദ്വേഷ പോസ്റ്റുകളെ മുന്‍നിര്‍ത്തി അവര്‍ പറയുന്നു.

വിസില്‍ ബ്ലോവര്‍ എയ്ഡിന്റെ സഹായത്തോടെയാണ് ഹെയ്ഗന്റെ വെളിപ്പെടുത്തല്‍. സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുന്നവരെ സംരക്ഷിക്കുന്ന ലോകോത്തര സംഘടനയാണ് വിസില്‍ ബ്ലോവര്‍ എയ്ഡ്. രണ്ട് വര്‍ഷക്കാലം ഫേസ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് ഹെയ്ഗന്റെ സ്ഥാപനത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ഏഴ് മണിക്കൂറോളം ഫേസ്ബുക്കും സഹോദര പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും നിശ്ചലമായത്. ഫേസ്ബുക്കിലെ പ്രൊഡക്ട് മാനേജര്‍ ആയിരുന്നു ഹെയ്ഗന്‍.

പല സാമൂഹിക മാധ്യമ സൈറ്റുകളും താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ സുരക്ഷയല്ല, അതിനുമുകളില്‍ ലാഭം കൊയ്യലാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്നും ഹെയ്ഗന്‍ വെളിപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാം കൗമാരക്കാരെ വിപരീതമായി ബാധിക്കുന്നുവെന്ന റിപോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ഹെയ്ഗന്‍ രംഗത്തെത്തുന്നത്.

തങ്ങളുടെ അല്‍ഗോരിതം അക്രമമാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്ന് ഫേസ്ബുക്കിന് നന്നായി അറിയാം. എന്നാല്‍ എന്‍ഗേജ്‌മെന്റ്‌സ് മാത്രമാണ് ഫേസ്ബുക്ക് പ്രോല്‍സാഹിപ്പിക്കുന്നതെന്നും സിക്സ്റ്റി മിനുട്ട്‌സുമായി നടത്തിയ അഭിമുഖത്തില്‍ ഹെയ്ഗന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്നും കാണിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനില്‍ ഹെയ്ഗന്‍ പരാതി നല്‍കിയിട്ടുണ്ട്.

വിദ്വേഷവും ധ്രുവീകരിക്കപ്പെടുന്നതുമായ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ റീച്ച് ലഭിക്കും. അത്തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ ഫേസ്ബുക്ക് മേധാവി അനുവദിച്ചിട്ടുണ്ടെന്നും ഹെയ്ഗന്‍ കൂട്ടിച്ചേര്‍ത്തു. വ്യാജവാര്‍ത്തകളും വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ആളുകളിലേക്ക് തുടര്‍ച്ചയായി എത്തുന്നു. അത് അവരില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്നും പറഞ്ഞ ഹെയ്ഗന്‍ 2020 ലെ യുഎസ് കാപിറ്റോള്‍ ആക്രമണമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

Next Story

RELATED STORIES

Share it