Big stories

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്കു കൊണ്ടുവന്നത്.

മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു
X

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 79 വയസ്സായിരുന്നു. തലശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ രണ്ട് ദിവസം മുമ്പാണ് വീട്ടിലേക്കു കൊണ്ടുവന്നത്.

കേരളത്തിലെ പ്രശസ്തനായ ഒരു മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമാണ് എരഞ്ഞോളി മൂസ്സ. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയില്‍ 1940 മാര്‍ച്ച് പതിനെട്ടിന് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം 'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. മിഅ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ക്കു ശബ്ദം നല്‍കിയ കലാകാരനാണ്. ദിലീപിന്റെ ഗ്രാമഫോണ്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കല്യാണവീടുകളില്‍ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ്‌നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റേജ്‌ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. ജീവിതം പാടുന്ന പുസ്തകം എന്ന എരഞ്ഞോളി മൂസയുടെ ആത്മകഥ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഷ്ടപ്പാടുകള്‍ക്കിടയില്‍നിന്ന് അറിയപ്പെടുന്ന ഗായകനായിമാറിയ അദ്ദേഹം ഫോക്ക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമാണ്.

ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ, നിസാര്‍, സാദിഖ്, സമീം, സാജിദ.

Next Story

RELATED STORIES

Share it