വിമാനം വാങ്ങിയതില്‍ അഴിമതിയെന്ന് ആരോപണം; പി ചിദംബരത്തിന് നോട്ടീസ്

നേരത്തേ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സിബിഐ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു

വിമാനം വാങ്ങിയതില്‍ അഴിമതിയെന്ന് ആരോപണം; പി ചിദംബരത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയ്ക്കു വേണ്ടി വിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപിക്കപ്പെട്ട സംഭവത്തില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പി ചിദംബരത്തിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ വരുന്ന ആഗസ്ത് 23ന് ചോദ്യം ചെയ്യലിനു ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് ചിദംബരത്തിന് ഇഡി സമന്‍സ് അയച്ചത്. 2007ല്‍ യുപിഎ ഭരണകാലത്ത് 70,000 കോടി രൂപ ചെലവിട്ട് എയര്‍ബസ്സില്‍ നിന്ന് 48 വിമാനങ്ങളും ബോയിങ്ങില്‍ നിന്ന് 68 വിമാനങ്ങളും വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. നേരത്തേ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സിബിഐ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ബോയിങ്, എയര്‍ബസ് എന്നിവയില്‍ നിന്ന് 111 വിമാനങ്ങള്‍ 70,000 കോടി രൂപയ്ക്ക് വാങ്ങിയതിലലും ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ഷെഡ്യൂളായി നല്‍കിയെന്നും വിദേശ നിക്ഷേപത്തോടെ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിച്ചെന്നുമാണ് കേസ്.ഇടപാട് നടക്കുന്ന കാലത്ത് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ ചോദ്യം ചെയ്യുന്നതെന്നാണ് ഇഡിയുടെ വാദം. ധനമന്ത്രിയായിരുന്ന പി ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയാണ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന് അന്തിമാനുമതി നല്‍കിയതെന്ന് പ്രഫുല്‍ പട്ടേലിന്റെ മൊഴി നല്‍കിയിരുന്നുവെന്നാണ് ആരോപണം. കേസില്‍ മുന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി പ്രഫുല്‍ പട്ടേലിനെ കഴിഞ്ഞ ആഴ്ച സിബിഐ ചോദ്യംചെയ്തിരുന്നു.

ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ അവഗണിച്ച് സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നും വ്യോമയാന ദല്ലാളായിരുന്ന ദീപക് തല്‍വാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നുമാണ് പ്രഫുല്‍ പട്ടേലിനെതിരായ ആരോപണം. പ്രഫുല്‍ പട്ടേല്‍ 2004നും 2011നും ഇടയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരുന്ന തല്‍വാറിന്റെ പേര് ഇഡിയുടെ കുറ്റപത്രത്തിലും പരാമര്‍ശിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട തല്‍വാര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതിനിടെ, പി ചിദംബരം, മകന്‍ കാര്‍ത്തി, മരുമകന്‍ എന്നിവര്‍ക്കെതിരേ എയര്‍സെല്‍-മാക്‌സിസ് കേസുകളിലും അന്വേഷണം നടക്കുന്നുണ്ട്. 2006 മാര്‍ച്ചില്‍ എയര്‍സെല്‍-മാക്‌സിസ് എഫ്ഡിഐയില്‍ വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന് (എഫ്‌ഐപിബി) അംഗീകാരം നല്‍കിയെന്നായിരുന്നു ആരോപണം. 600 കോടി രൂപ വരെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ അധികാരമുണ്ടെങ്കിലും പരിധി ലംഘിച്ചെന്നായിരുന്നു ആരോപണം.RELATED STORIES

Share it
Top