Big stories

എന്‍ഡിഎയില്‍ പൊട്ടിത്തെറി; കൊടുങ്ങല്ലൂര്‍, ഉടുമ്പന്‍ചോല ബിഡിജെഎസ് സീറ്റുകള്‍ മുന്നറിയിപ്പില്ലാതെ ബിജെപി തിരിച്ചെടുത്തു

ഘടക കക്ഷിയായ എല്‍ജെപി തലസ്ഥാനത്ത് ഒറ്റയ്ക്കു മല്‍സരിക്കും

എന്‍ഡിഎയില്‍ പൊട്ടിത്തെറി; കൊടുങ്ങല്ലൂര്‍, ഉടുമ്പന്‍ചോല ബിഡിജെഎസ് സീറ്റുകള്‍ മുന്നറിയിപ്പില്ലാതെ ബിജെപി തിരിച്ചെടുത്തു
X

തിരുവനന്തപുരം: എന്‍ഡിഎയില്‍ പുതിയ തലവേദന സൃഷ്ടിച്ച് ഘടക കക്ഷികളായ എല്‍ജെപിയും നാഷനലിസ്റ്റ് കോണ്‍ഗ്രസും ഒറ്റയ്ക്കു മല്‍സരിക്കുന്നു. ഘടകകക്ഷികളായ ലോക് ജന്‍ശക്തി പാര്‍ട്ടിയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളിലാണ് ഒറ്റയ്ക്ക് മല്‍സരിക്കുന്നത്. കോവളം, നെയ്യാറ്റിന്‍കര, വട്ടിയൂര്‍ക്കാവ്, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മല്‍സരിക്കും. എന്‍ഡിഎ സീറ്റു നല്‍കാത്തതിലും പരിഗണിക്കാത്തതിലും പ്രതിഷേധിച്ചാണ് തനിച്ച് മല്‍സരിക്കാന്‍ ഈ കക്ഷികള്‍ തീരുമാനിച്ചത്. എന്‍ഡിഎയിലെ പ്രബല കക്ഷി നേതാക്കളാണ് ഈ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത്.

കോവളത്ത് കാമരാജ് കോണ്‍ഗ്രസ് പ്രതിനിധിയായി വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖറാണ് മല്‍സരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷുമാണ് മല്‍സരിക്കുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ രാംവിലാസ് പസ്വാന്റെ പാര്‍ട്ടിയാണ് എല്‍ജെപി എന്നും തങ്ങളെ ബിജെപി പരിഗണിക്കാത്തത് അന്യായമാണെന്നും ഭാരവാഹികള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം എന്‍ഡിഎയില്‍ നിന്ന് മാറാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊടുങ്ങല്ലൂര്‍, ഉടുമ്പന്‍ ചോല മണ്ഡലങ്ങളില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണമാരംഭിച്ചിരുന്നു. ഇടുക്കി ജില്ലാട്രഷറര്‍ സന്തോഷ് മാധവനെ ഉടുമ്പന്‍ ചോലയിലും തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്തിനെ കൊടുങ്ങല്ലൂരുമാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി, ഒരു ആശയവിനിമയവും നടത്താതെ ഈ രണ്ട് സീറ്റിലും ബിജെപി ഇന്നലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയപ്പോഴാണ് ബിഡിഡെഎസ് നേതൃത്വം ഇക്കാര്യം അറിയുന്നത്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തോട് തുഷാര്‍ വെള്ളാപ്പള്ളി അതൃപ്തി അറിയിച്ചു എന്നാണ് വിവരം. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതോടെ കൊടുങ്ങല്ലൂരില്‍ താന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കൊടുങ്ങല്ലൂര്‍ മണ്ഡലം ബിഡിജെഎസിന് മല്‍സരിക്കാന്‍ വിട്ടു നല്‍കാമെന്ന് നേരത്തെ ബിജെപി നേതൃത്വം വാഗാദാനം ചെയ്തിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്നില്ലെന്ന് കരാണം പറഞ്ഞാണ് ബിജെപി ഈ സീറ്റ് തിരിച്ചെടുത്തത്. എന്നാല്‍ ഉടുമ്പന്‍ ചോലയെക്കുറിച്ച് ബിജെപി നേതൃത്വം പ്രതികരിക്കുന്നില്ല.

2016ല്‍ ബിഡിജെഎസ് 38 മണ്ഡലങ്ങളിലാണ് മല്‍സരിച്ചിരുന്നത്. ഇത്തവണ 32 സീറ്റുകളാണ് ബിഡിജെഎസ് ആവിശ്യപ്പെട്ടിരുന്നത്. എന്നാല്‍ ലഭിച്ചത് 21സീറ്റാണ്. ഇത്തവണ ബിജെപി 115 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. കാമരാജ് കോണ്‍ഗ്രസിന് രണ്ട് സീറ്റും അണ്ണാ ഡിഎംകെക്ക് ഒരു സീറ്റും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് ഒരു സീറ്റും നല്‍കിയിട്ടുണ്ട്. നേരത്തെ എന്‍ഡിഎ മുന്നണിയെ രൂക്ഷമായി വിമര്‍ശിച്ച സികെ ജാനുവിനെ മല്‍സരിപ്പിക്കുന്നതിനെതിരേ ബത്തേരിയില്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കാമരാജ് കോണ്‍ഗ്രസ് സീറ്റില്‍ പഴയ ആര്‍എസ്്എസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരാണ് കോവളത്ത് മല്‍സരിക്കുന്നത്. കാമരാജ് കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും താമര ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. അതിനിടെ, ബിജെപി മധ്യമേഖല നേതാവ് എ കെ നസീര്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു. പാര്‍ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്തിട്ടും തന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് പാര്‍ട്ടി പദവികള്‍ രാജിവച്ചത്.

Next Story

RELATED STORIES

Share it