Big stories

രാജസ്ഥാനില്‍ ദലിത് വിവാഹഘോഷയാത്രയ്ക്ക് നേരേ സവര്‍ണരുടെ കല്ലേറ്; അക്രമികള്‍ അഴിഞ്ഞാടിയത് പോലിസ് നോക്കിനില്‍ക്കെ

ആക്രമണവുമായി ബന്ധപ്പെട്ട് 10 പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെല്ലാം സവര്‍ണരായ രജ്പുത് സമുദായത്തില്‍നിന്നുള്ളവരാണ്. 75 പോലിസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നതായി പോലിസ് പറയുന്നു.

രാജസ്ഥാനില്‍ ദലിത് വിവാഹഘോഷയാത്രയ്ക്ക് നേരേ സവര്‍ണരുടെ കല്ലേറ്; അക്രമികള്‍ അഴിഞ്ഞാടിയത് പോലിസ് നോക്കിനില്‍ക്കെ
X

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ദലിത് യുവാവിന്റെ വിവാഹഘോഷയാത്രയ്ക്ക് നേരേ കല്ലേറ് നടത്തി സവര്‍ണ വിഭാഗം. വ്യാഴാഴ്ച രാത്രി വൈകി ജയ്പൂര്‍ ജില്ലയിലെ പാവ്തയിലെ കൈരോഡി ഗ്രാമത്തിലെ കോട്പുത്‌ലി പ്രദേശത്ത് വധുവിന്റെ വീട്ടിലേക്ക് ദലിത് വരന്റെ വിവാഹ ഘോഷയാത്ര എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വരന്റെ വീട്ടുകാരായ 15 ഓളം പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായാണ് റിപോര്‍ട്ട്. പോലിസ് നോക്കിനില്‍ക്കെയാണ് വരനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ അക്രമികള്‍ കല്ലേറ് നടത്തിയതെന്നതാണ് ഞെട്ടിക്കുന്നത്. ഗ്രാമത്തിലെ സവര്‍ണ വിഭാഗമായ രജപുത് സമുദായത്തില്‍പ്പെട്ടവര്‍ ദലിതര്‍ കുതിര സവാരി ഉള്‍പ്പെടെയുള്ള വിവാഹഘോഷയാത്ര നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, ഇത് അവഗണിച്ചാണ് വധുവിന്റെ കുടുംബം ഘോഷയാത്രയ്ക്ക് ഒരുങ്ങിയത്. ആക്രമണ ഭീഷണി മുന്നില്‍കണ്ടാണ് വധുവിന്റെ പിതാവ് ഹരിപാല്‍ ബാലായി നവംബര്‍ 15ന് പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 75 ഓളം പോലിസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്. കുറ്റിക്കാട്ടില്‍ മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന അക്രമികള്‍ വിവാഹ ഘോഷയാത്ര കടന്നുവന്നപ്പോള്‍ തുടര്‍ച്ചയായി കല്ലെറിയുകയായിരുന്നു. 15 മിനിറ്റോളം നിര്‍ത്താതെ കല്ലേറ് നടത്തിയിട്ടും അക്രമികളെ തടയാന്‍ പോലിസ് കൂട്ടാക്കിയില്ല എന്നതാണ് ശ്രദ്ധേയം.

ആക്രമണവുമായി ബന്ധപ്പെട്ട് 10 പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരെല്ലാം സവര്‍ണരായ രജ്പുത് സമുദായത്തില്‍നിന്നുള്ളവരാണ്. 75 പോലിസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നതായി പോലിസ് പറയുന്നു. കുറ്റിക്കാടും മരങ്ങളും മറയാക്കി അക്രമികള്‍ പെട്ടെന്ന് ആക്രമണം നടത്തുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 18 പേര്‍ക്കെതിരേ കുടുംബം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരുടെ അക്രമത്തിലെ പങ്കാളിത്തം അന്വേഷണത്തില്‍ വെളിപ്പെട്ടു- കോട്പുട്ട്‌ലി സര്‍ക്കിള്‍ ഓഫിസര്‍ ദിനേശ് കുമാര്‍ യാദവ് പറഞ്ഞു. എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ക്കൊപ്പം ഐപിസി സെക്ഷന്‍ 323, 341 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹ ഘോഷയാത്രയില്‍ ദലിതര്‍ കുതിര സവാരി നടത്തുന്നത് ഞങ്ങളുടെ ഗ്രാമത്തില്‍ സാധാരണ നടക്കാറില്ലെന്ന് വധുവിന്റെ പിതാവ് ഹരിപാല്‍ ബാലായി പറഞ്ഞു. പരമ്പരാഗതമായുള്ള വിവേചനം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ മകളുടെയും മകന്റെയും വിവാഹം ഈ മാസം നടക്കുകയാണ്. ഞങ്ങളുടെ ഗ്രാമത്തിലെ രജ്പുത് സമുദായത്തില്‍നിന്നുള്ള ആളുകള്‍ പലപ്പോഴും പറയാറുണ്ട്, അവര്‍ ഞങ്ങളെ വിവാഹ ഘോഷയാത്ര നടത്താന്‍ അനുവദിക്കില്ലെന്ന്. അതുകൊണ്ട് എതിര്‍പ്പുണ്ടാവുമെന്ന് ഞാന്‍ ഭയപ്പെട്ടു. അങ്ങനെ സംരക്ഷണം ആവശ്യപ്പെട്ട് പോലിസിനും ജില്ലാ ഭരണകൂടത്തിനും അപേക്ഷ നല്‍കി.

വ്യാഴാഴ്ച രാവിലെ തന്നെ പോലിസ് ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയക്കാരും തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയതായും ബാലായി പറയുന്നു. ഏതാണ്ട് 40 വര്‍ഷം മുമ്പ് ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ദലിതരുടെ ഒരു ജാഥയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവം ഓര്‍ക്കുന്നു. ഇന്നലെ വൈകുന്നേരം പോലിസ് സേനാംഗങ്ങളുണ്ടായിരുന്നിട്ടും എന്റെ മരുമകന്‍ ഞങ്ങളുടെ വീടിന്റെ ഗേറ്റിനടുത്ത് കുതിര സവാരി നടത്തവെ കല്ലെറിഞ്ഞപ്പോള്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടു.

ഞങ്ങളുടെ കുടുംബത്തിലെ 10-15 പേര്‍ക്ക് പരിക്കേറ്റു. എന്റെ അനന്തരവന് സ്റ്റിച്ചുണ്ട്. കല്ലെറിഞ്ഞവര്‍ രജപുത് സമുദായത്തില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗവും എന്റെ അയല്‍വാസികളാണ്. ദലിതര്‍ കുതിര സവാരി നടത്തുന്നത് സഹിക്കാന്‍ വയ്യാത്തതിനാലാണ് കല്ലെറിഞ്ഞത്- ബാലായി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം, മേല്‍ജാതിക്കാരുടെ അക്രമം നേരിട്ട ദലിത് കുടുംബത്തിന് പിന്തുണയുമായി ഗ്രാമത്തിലെ ദലിത് സംഘടനകള്‍ രംഗത്തുവന്നു. ബാലായിയുടെ മകന്റെ വിവാഹം നടക്കാനിരിക്കുന്ന നവംബര്‍ 28ന് ഐക്യദാര്‍ഢ്യവുമായി ഗ്രാമത്തിലെത്തുമെന്ന് ദലിത് സംഘടനകള്‍ അറിയിച്ചു.

വിവാഹത്തിന്റെ ഭാഗമാകാനും അവര്‍ക്ക് പിന്തുണ നല്‍കാനും നവംബര്‍ 28 ന് ഭീം ആര്‍മി കുടുംബത്തെ സന്ദര്‍ശിക്കും. ജാതി വിവേചനത്തിന്റെ ഫ്യൂഡല്‍ മാനസികാവസ്ഥ കാരണം വരന്‍ കുതിര സവാരി നടത്തിയതിന്റെ പേരില്‍ നിരവധി ദലിത് വിവാഹ ഘോഷയാത്രകള്‍ ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിക്കും- ആസാദ് സമാജ് പാര്‍ട്ടിയുടെ രാജസ്ഥാന്‍ പ്രസിഡന്റും ഭീം ആര്‍മിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ അനില്‍ ധേന്‍വാള്‍ മുന്നറിയിപ്പ് നല്‍കി.

സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. അഡീഷനല്‍ എസ്പി കോട്പുത്‌ലി, കോട്പുത്‌ലി സര്‍ക്കിള്‍ ഓഫിസര്‍, പ്രാഗ്പുര പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ എന്നീ മൂന്ന് പോലിസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റുക. ഇവരുടെ സ്ഥലംമാറ്റ ഉത്തരവ് ഉടനുണ്ടാവുമെന്ന് ജയ്പൂര്‍ റൂറല്‍ എസ്പി മനീഷ് അഗര്‍വാള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it