Big stories

പോലിസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കാസര്‍കോട് ബേക്കല്‍ പോലിസ് സ്‌റ്റേഷനിലെ 33 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്നായിരുന്നു പരാതി

പോലിസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധം; അന്വേഷണം ക്രൈംബ്രാഞ്ചിന്
X

തിരുവനന്തപുരം: യുഡിഎഫ് അനുഭാവികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കിയില്ലെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ ജില്ലാ കലക്്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കാസര്‍കോട് ബേക്കല്‍ പോലിസ് സ്‌റ്റേഷനിലെ 33 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്നായിരുന്നു പരാതി. യുഡിഎഫ് അനുഭാവികളായതിനാലാണ് ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ചതെന്നാണ് ആരോപണം. പോലിസുകാര്‍ കലക്ടര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. ആകെ 44 പോലിസുകാര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്. നേരത്തേ സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥരുടെ ബാലറ്റുകള്‍ ഇടതുപക്ഷ അനുകൂല പോലിസ് സംഘടനയുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ ഭീഷണിപ്പെടുത്തിയും മറ്റും തങ്ങള്‍ക്ക് അനുകൂലമായി പോള്‍ ചെയ്യിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ശനിയാഴ്ച രാത്രി കണ്ണൂര്‍ എആര്‍ ക്യാംപില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയും നടന്നിരുന്നു.




Next Story

RELATED STORIES

Share it