Big stories

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനായി 11ന് കൈമാറും; നഷ്ടപരിഹാരം സമയബന്ധിതമായി കൊടുക്കും- ചീഫ് സെക്രട്ടറി

പൊളിക്കാന്‍ പോവുന്ന ഫ്‌ളാറ്റുകളിലെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കൊടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിക്കാനുള്ള കമ്പനികളെ രണ്ടുദിവസത്തിനകം തീരുമാനിക്കും.

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനായി 11ന് കൈമാറും; നഷ്ടപരിഹാരം സമയബന്ധിതമായി കൊടുക്കും- ചീഫ് സെക്രട്ടറി
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായി ഈമാസം 11ന് കമ്പനികള്‍ക്ക് കൈമാറുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പൊളിക്കാന്‍ പോവുന്ന ഫ്‌ളാറ്റുകളിലെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കൊടുക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിക്കാനുള്ള കമ്പനികളെ രണ്ടുദിവസത്തിനകം തീരുമാനിക്കും.

നിലവില്‍ മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടിയിലുള്ളത്. ഇതില്‍ ഏതൊക്കെ കമ്പനികള്‍ വേണമെന്നത് വിദഗ്ധസമിതിയുടെ അഭിപ്രായം കേട്ടശേഷം അന്തിമമായി തീരുമാനിക്കും. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കര്‍മപദ്ധതി അനുസരിച്ചുള്ള തുടര്‍നടപടികളുടെ പുരോഗതിയാണ് ചീഫ് സെക്രട്ടറി പ്രധാനമായും വിലയിരുത്തിയത്. ഈമാസം 9ന് ഫഌറ്റുകള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ തുടങ്ങും. 8ന് ഇതിനുള്ള കമ്പനികളെ നിശ്ചയിക്കും. ഈമാസം 11ന് പാര്‍പ്പിടസമുച്ചയം തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്ക് പൂര്‍ണമായും കൈമാറും.

ഫ്‌ളാറ്റ് ഉടമകളില്‍ എത്രപേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി തീരുമാനിക്കും. നഷ്ടപരിഹാരം വേണ്ടവര്‍ രേഖകളുമായി ഈ കമ്മിറ്റിയെ സമീപിക്കണം.കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. നാലാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ടോം ജോസ് പറഞ്ഞു. ഉടമകള്‍ ആരുമില്ലാതെ 15 ഫഌറ്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഫ്‌ളാറ്റുടമകള്‍ക്ക് താല്‍ക്കാലികമായ താമസ സൗകര്യം ജില്ലാ ഭരണകൂടം തയ്യാറാക്കിയെങ്കിലും ഭൂരിഭാഗംപേരും ബന്ധുവീടുകളിലേക്കും സുഹൃത്തുക്കളുടെ വീടുകളിലേക്കും വമാറി.

പൊളിക്കാനുളള ഫ്‌ളാറ്റുകളില്‍ 10 ശതമാനം മാത്രമാണ് ഇനി ഉടമകള്‍ ഒഴിയാതെ അവശേഷിക്കുന്നത്. ഈമാസം എട്ടുവരെ ഉടമകള്‍ ഒഴിഞ്ഞില്ലെങ്കില്‍ ഈ ഫഌറ്റുകളിലെ സാധനങ്ങള്‍ റവന്യൂ വകുപ്പും നഗരസഭയും ചേര്‍ന്ന് നീക്കം ചെയ്യും. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ മാത്രമല്ല, പെട്രോളിയം ആന്റ് എക്‌സ്പ്‌ളോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പിഇഎസ്ഒ), മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരുടെ സഹായം തേടും. ചെന്നൈ ഐഐടിയുടെ ഇടപെടല്‍ ഇപ്പോഴുണ്ടാവില്ല. പൊളിക്കുന്നതിന് മുമ്പായി പരിസരവാസികളുടെ ആശങ്കകളെല്ലാം പരിഹരിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കലക്ടര്‍ എസ് സുഹാസ്, ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്, സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെ, എസിപി പൂങ്കുഴലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it