Big stories

ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതി

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശഹീന്‍ ബാഗിലെന്നപോലെ ഡല്‍ഹിയിലെ കൂടുതല്‍ റോഡുകള്‍ ഉപരോധിക്കാനും ഷര്‍ജീല്‍ ആവശ്യപ്പെട്ടു. 'സാധ്യമാകുന്നിടത്തെല്ലാം സമാധാനപരമായി റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആ സാഹചര്യത്തിലാണ് അസമിലേക്ക് പോകുന്ന റോഡുകള്‍ നിങ്ങള്‍ ഉപരോധിക്കണമെന്നും ഞാന്‍ പറഞ്ഞത്. ഇത് അടിസ്ഥാനപരമായി റോഡ് ഉപരോധിക്കാനുള്ള ഒരു ആഹ്വാനമായിരുന്നു, എന്നായിരുന്നു ഷര്‍ജീല്‍ പറഞ്ഞത്.

ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതി
X

ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന ആരോപണം സംബന്ധിച്ച കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി കോടതി രാജ്യദ്രോഹ കുറ്റം ചുമത്തി. പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിനെതിരേ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും ജാമിഅ പ്രദേശത്തും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (തെറ്റായ ആരോപണം, രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമായ പ്രസ്താവം), 505 (പൊതുദ്രോഹത്തിനു വഴിയൊരുക്കുന്ന പ്രസ്താവനകള്‍), യുഎപിഎയിലെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് കുറ്റം ചുമത്തിയത്.

ജാമിഅ പ്രദേശത്ത് 2019 ഡിസംബര്‍ 13 നു നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ഷര്‍ജീല്‍ ഇമാമിനെതിരെ ഐപിസി 124 (എ), 153 എ, 505 വകുപ്പുകള്‍ പ്രകാരം െ്രെകംബ്രാഞ്ച് 2020 ജനുവരി 25 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ കൂട്ടായ്മയെ അഭിസംബോധന ചെയ്യുന്ന മറ്റൊരു പ്രസംഗം ട്വിറ്ററിലും വിവിധ വെബ്‌സൈറ്റുകളിലും അപ്‌ലോഡ് ചെയ്തിരുന്നു. 2020 ജനുവരി 28നു ബിഹാറിലെ ജഹാനാബാദില്‍നിന്നാണ് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

മകനെ മനപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും അവന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് അറസ്റ്റിനു മുമ്പ് ഷര്‍ജീലിന്റെ മാതാവ് അഫ്ഷന്‍ റഹീം പറഞ്ഞത്. മകന്‍ ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞിരുന്നു.

'അഞ്ചുലക്ഷം പേരെ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയുമെന്നുണ്ടെങ്കില്‍, നമുക്ക് വടക്കുകിഴക്കന്‍ പ്രദേശത്തെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ സാധിക്കും. സ്ഥിരമായിട്ടല്ലെങ്കിലും ഒന്നോ രണ്ടോ മാസത്തേക്കെങ്കിലും അങ്ങനെ ചെയ്യാനാകും. അങ്ങനെ അസമിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തിയാലേ, ചെയ്താലേ, എന്നാലേ അവര്‍ നമ്മള്‍ പറയുന്നതു ശ്രദ്ധിക്കൂ' എന്നായിരുന്നു ഷര്‍ജീലിന്റേതെന്നു പറയപ്പെട്ട് പ്രചരിപ്പിച്ച വീഡിയോയില്‍ പറഞ്ഞത്. ഇതിന്റെ പേരിലാണ് ഷര്‍ജീലിനെതിരേ കേസ് എടുത്തത്.

സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശഹീന്‍ ബാഗിലെന്നപോലെ ഡല്‍ഹിയിലെ കൂടുതല്‍ റോഡുകള്‍ ഉപരോധിക്കാനും ഷര്‍ജീല്‍ ആവശ്യപ്പെട്ടു. 'സാധ്യമാകുന്നിടത്തെല്ലാം സമാധാനപരമായി റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആ സാഹചര്യത്തിലാണ് അസമിലേക്ക് പോകുന്ന റോഡുകള്‍ നിങ്ങള്‍ ഉപരോധിക്കണമെന്നും ഞാന്‍ പറഞ്ഞത്. ഇത് അടിസ്ഥാനപരമായി റോഡ് ഉപരോധിക്കാനുള്ള ഒരു ആഹ്വാനമായിരുന്നു, എന്നായിരുന്നു ഷര്‍ജീല്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it