Big stories

ഇടത് ഭരണത്തിൽ കസ്റ്റഡിക്കൊലപാതകങ്ങൾ തുടർക്കഥയാവുന്നു

ആള് മാറി കസ്റ്റഡിയിലെടുത്ത് വാരാപ്പുഴയില്‍ ശ്രീജിത്തിനെ തല്ലിക്കൊന്ന പോലിസുകാരെ തിരിച്ചെടുത്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ടൈഗര്‍ ഫോഴ്‌സ് രൂപീകരിച്ച റൂറല്‍ എസ്പി എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഈ നടപടികളിലൂടെ ഈ സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന് വ്യക്തമാണ്.

ഇടത് ഭരണത്തിൽ കസ്റ്റഡിക്കൊലപാതകങ്ങൾ തുടർക്കഥയാവുന്നു
X

കോഴിക്കോട്: പിണറായിയുടെ മൂന്ന് വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ പോലിസ് മര്‍ദ്ദനത്തില്‍ ലോക്കപ്പിനകത്തും പുറത്തും കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ജനമൈത്രി പോലിസ് എന്ന് പറയുമ്പോഴും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കസ്റ്റഡി കൊലപാതകങ്ങളും നിത്യസംഭവമാവുകയാണ്. കസ്റ്റഡി കൊലപാതകങ്ങള്‍ക്ക് പുറമേ ഈ സര്‍ക്കാര്‍ കാലത്ത് മൂന്ന് മാവോവാദികളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും ചെയ്തു. പോലിസ് ജനങ്ങള്‍ക്ക് മേല്‍ മര്‍ദന മുറകള്‍ സ്വീകരിക്കുന്ന ഈ സാഹചര്യത്തില്‍ തന്നെയാണ് പോലിസിനെ കയറൂരിവിടുന്ന മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്.

പിണറായി കാലത്തെ ലോക്കപ്പ് കൊലപാതകങ്ങള്‍

26-10-2016: കൊല്ലം കുണ്ടറ സ്വദേശി കുഞ്ഞുമോന്‍. പെറ്റി കേസില്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരണപ്പെടുകയും ചെയ്തു.

22-10-2016 : മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ലത്തീഫ്. പോലിസ് സ്‌റ്റേഷനിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.

06-04-2017 കാസര്‍ഗോഡ് സ്വദേശിയെ പൊതുശല്യം ആരോപിച്ചു കസ്റ്റഡിയില്‍ എടുത്തു. പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടെന്നു പോലിസ് ഭാഷ്യം.

29-6-2017 പെരുമ്പാവൂര്‍ സ്വദേശി സാബു. ജിഷ കൊലപാതകത്തില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെടുകയും പിന്നീട് ആത്മഹത്യ ചെയ്തു. അന്വേഷണം പോലും നടക്കാത്ത രീതിയില്‍ വാര്‍ത്ത മൂടിവെച്ചു.

17-7-2017: തൃശൂര്‍ പാവറട്ടിയില്‍ വിനായകന്‍. പോലിസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ലോകായുക്ത അന്വേഷണം നടത്തിയെങ്കിലും വകുപ്പുതല അന്വേഷണം മരവിപ്പിച്ചു.

23-7-2017: തൃശൂര്‍ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ ഹാജരായ തൃശൂര്‍ ചേറുങ്കുഴി സ്വദേശി ബൈജു.

3-8-2017: തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി മുന്‍ പട്ടാളക്കാരനായ വിക്രമന്‍. പോലിസ് വാഹനപരിശോധനക്കിടെ പോസ്റ്റില്‍ തലയിടിച്ച് കൊല്ലപ്പെട്ടു.

09-07-2017: ചാരുമൂട്ടില്‍ മോഷണക്കേസ് ആരോപിച്ച് നൂറനാട് പോലിസ് കസ്റ്റഡിയിലെടുത്ത രാജു സ്‌റ്റേഷനിലേക്കു കൊണ്ടുപോകുമ്പോള്‍ പോലീസ് ജീപ്പില്‍ നിന്ന് വീണ് മരണപ്പെട്ടു.

21-10-2017: സേലം സ്വദേശി കാളിമുത്തു. മോഷണ ശ്രമം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് തലശേരി പോലിസ് സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടു.

4-12-2017: തൊടുപുഴ സ്വദേശി രജീഷ്. നായര്‍ യുവതിയുമായി പ്രണയത്തിലായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിനുശേഷം യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയും ചെയ്തു.

23-3-2018: ശേഖരമംഗലം വാളിയോട് സ്വദേശി അപ്പു നാടാര്‍. കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു, ആത്മഹത്യ ചെയ്തു. അന്വേഷണം ഉണ്ടായില്ല.

14-4-2018: എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്ത്. ആളുമാറി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ കൊലപ്പെടുത്തി. വകുപ്പ് തല അന്വേഷണം മരവിപ്പിച്ചു. കുറ്റക്കാരനായ എ സി പി എ വി ജോര്‍ജ്ജിനെ പോലിസ് പരിശീലന ക്യാമ്പിലേക്ക് പറഞ്ഞയച്ചു.

1-5-2018: കൊല്ലം കൊട്ടാരക്കരയിലെ മനുവിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടു.

2-5-2018: പിണറായി സ്വദേശി ഉനൈസ്. ഭാര്യാപിതാവിന്റെ പരാതിയില്‍ രണ്ട് തവണ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്രൂരമായ മര്‍ദ്ദനമുറയ്ക്ക് ഇരയായ ഉനൈസിനെ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തോളം ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്ന ഇയാള്‍ മെയ് രണ്ടിന് മരണപ്പെട്ടു.

21-05-2019 മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന പരാതിയില്‍ മണര്‍കാട് പോലിസ് കസ്റ്റഡിയില്‍ എടുത്ത നവാസ് ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

21-06-2019: പണം തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കൊല്ലത്ത് കുഞ്ഞിമോന്‍ മുതല്‍ രാജ്കുമാര്‍ വരേ 16 പേരാണ് പോലിസിന്റെ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. സായുധരായ മാവോവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീയടക്കം മൂന്ന് പേരെയും പോലിസ് വെടിവച്ച് കൊലപ്പെടുത്തി. മാവോവാദികള്‍ക്ക് നേരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലകാളെന്ന് തെളിയിക്കുന്ന രേഖകള്‍ വസ്തുതാന്വേഷണ സംഘങ്ങള്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ടു. ഭീകര നിയമങ്ങള്‍ക്കും പോലിസ് രാജിനുമെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന സിപിഎം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ തന്നേയാണ് കേരളത്തില്‍ ആദ്യമായി യുഎപിഎ പ്രയോഗിച്ചതെന്നതും ഏറെ ചര്‍ച്ചയായതാണ്.

ആള് മാറി കസ്റ്റഡിയിലെടുത്ത് വാരാപ്പുഴയില്‍ ശ്രീജിത്തിനെ തല്ലിക്കൊന്ന പോലിസുകാരെ തിരിച്ചെടുത്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ടൈഗര്‍ ഫോഴ്‌സ് രൂപീകരിച്ച റൂറല്‍ എസ്പി എവി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഈ നടപടികളിലൂടെ ഈ സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന് വ്യക്തമാണ്. നിയമസഭയില്‍ അടിയന്തരാവസ്ഥയെ റഫര്‍ ചെയ്ത് പോലിസിനെ വിമര്‍ശിച്ച് അണികളുടെ കൈയ്യടി നേടുകയും ജനങ്ങളെ തല്ലിയും വെടിവെച്ചും കൊല്ലുമ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളെ പോലിസിന്റെ ആത്മവീര്യം കെടുത്തരുതെന്ന് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പുള്ള മുഖ്യമന്ത്രിയെയാണ് സഖാവെ നിങ്ങളില്‍ കാണാന്‍ കഴിയുന്നത്.

Next Story

RELATED STORIES

Share it