Big stories

ആ കത്തിലെ ഓരോ വരികളോടും യോജിക്കുന്നു; രാജ്യദ്രോഹക്കേസിനെതിരേ സാംസ്‌കാരിക പ്രമുഖര്‍

ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രഹകന്‍ ആനന്ദ് പ്രധാന്‍, ചരിത്രകാരി റൊമിലാ ഥാപ്പര്‍, ആക്റ്റിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, എഴുത്തുകാരായ അശോക് വാജ്‌പേയ്, ജെറി പിന്റോ, അക്കാദമിഷ്യന്‍ ഇറാ ഭാസ്‌കര്‍, കവി ജീത് തയില്‍, എഴുത്തുകാരന്‍ ശംസുല്‍ ഇസ് ലാം, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, സിനിമാനിര്‍മാതാവും ആക്റ്റിവിസ്റ്റുമായ സബാ ദേവന്‍ തുടങ്ങിയ പ്രമുഖരാണ് സാംസ്‌കാരിക പ്രമുഖര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്.

ആ കത്തിലെ ഓരോ വരികളോടും യോജിക്കുന്നു; രാജ്യദ്രോഹക്കേസിനെതിരേ സാംസ്‌കാരിക പ്രമുഖര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും ആള്‍ക്കൂട്ട ആക്രമണങ്ങളിലും ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 സാംസ്‌കാരിക പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരേ 180ലേറെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ, ഛായാഗ്രഹകന്‍ ആനന്ദ് പ്രധാന്‍, ചരിത്രകാരി റൊമിലാ ഥാപ്പര്‍, ആക്റ്റിവിസ്റ്റ് ഹര്‍ഷ് മന്ദര്‍, എഴുത്തുകാരായ അശോക് വാജ്‌പേയ്, ജെറി പിന്റോ, അക്കാദമിഷ്യന്‍ ഇറാ ഭാസ്‌കര്‍, കവി ജീത് തയില്‍, എഴുത്തുകാരന്‍ ശംസുല്‍ ഇസ് ലാം, സംഗീതജ്ഞന്‍ ടി എം കൃഷ്ണ, സിനിമാനിര്‍മാതാവും ആക്റ്റിവിസ്റ്റുമായ സബാ ദേവന്‍ തുടങ്ങിയ പ്രമുഖരാണ് സാംസ്‌കാരിക പ്രമുഖര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയത്. കഴിഞ്ഞ ആഴ്ചയാണ്, പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു ചലച്ചിത്ര പ്രമുഖരായ അപര്‍ണാ സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്ര ഗുഹ തുടങ്ങിയ 49 പേര്‍ക്കെതിരേ ബിഹാറിലെ മുസഫര്‍പൂര്‍ പോലിസ് കേസെടുത്തത്. ഒക്ടോബര്‍ 7നു 180ലേറെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് എഴുതിയ പുതിയ തുറന്ന കത്തില്‍ മുമ്പത്തെ കത്തിലെ പരാമര്‍ശങ്ങളെ എങ്ങനെയാണ് 'രാജ്യദ്രോഹം' എന്ന് വിളിക്കുന്നതെന്നു ചോദിക്കുന്നുണ്ട്.

അവര്‍ സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗങ്ങളെന്ന നിലയില്‍ അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റിയത്. പൗരന്മാരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള തന്ത്രമായി കോടതികളെ ദുരുപയോഗം ചെയ്യുകയാണോ. സാംസ്‌കാരിക സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍, മനസാക്ഷിയുള്ള പൗരന്‍മാരെന്ന നിലയില്‍, ഞങ്ങളെല്ലാവരും അവര്‍ക്കൊപ്പം ഈ പ്രവൃത്തിയ അപലപിക്കുന്നു. അതു മാത്രമല്ല, ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലെ ഓരോ വരികളോടും ഞങ്ങള്‍ യോജിക്കുന്നു. അതിനാലാണ് ഞങ്ങള്‍ അവരുടെ കത്ത് വീണ്ടും ഇവിടെ പങ്കിടുന്നത്, സാംസ്‌കാരിക-അക്കാദമിക്-അഭിഭാഷക സമൂഹങ്ങളും ഇത് ചെയ്യണമെന്നാണ് അഭ്യര്‍ഥന. അതുകൊണ്ടാണ് നമ്മളില്‍ കൂടുതല്‍ പേരും ദിവസവും സംസാരിക്കുന്നത്. ആള്‍ക്കൂട്ടം ആക്രമണത്തിനെതിരേ, ആളുകളെ നിശബ്ദരാക്കുന്നതിനെതിരേ, പൗരന്മാരെ ഉപദ്രവിക്കാന്‍ കോടതികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേയാണ് ഞങ്ങളുടെ ശബ്ദമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സപ്തംബര്‍ മൂന്നിനാണു സിനിമാ നിര്‍മാതാവ് മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി തുടങ്ങിയവര്‍ക്കെതിരേ രാജ്യത്തിന്റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ ഇക്കാര്യത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.


Next Story

RELATED STORIES

Share it