Big stories

മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരായ പോലിസ് നീക്കത്തിന് പിന്നില്‍ സിപിഎം; പ്രൈവറ്റ് സെക്രട്ടറി പരാതി നല്‍കിയത് മന്ത്രി ദേവര്‍കോവില്‍ അറിയാതെ

മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട് പ്രശ്‌നമുന്നയിക്കുന്നവരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള സിപിഎം- സര്‍ക്കാര്‍ നീക്കമാണ് മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരായ പരാതിക്കു പിന്നിലെന്നാണു പുറത്തുവരുന്ന സൂചനകള്‍

മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരായ പോലിസ് നീക്കത്തിന് പിന്നില്‍ സിപിഎം; പ്രൈവറ്റ് സെക്രട്ടറി പരാതി നല്‍കിയത് മന്ത്രി ദേവര്‍കോവില്‍ അറിയാതെ
X

പി സി അബ്ദുല്ല

കോഴിക്കോട്: മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട യഥാര്‍ഥ കണക്കുകള്‍ പുറത്തുകൊണ്ടുവന്ന മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരായ പോലിസ് ഭീഷണിക്കു പിന്നില്‍ സിപിഎം ഇടപെടലെന്ന ആക്ഷേപം ബലപ്പെടുന്നു. മലബാര്‍ മേഖലയിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ ഇതുസംബന്ധിച്ച കൂടുതല്‍ വസ്തുതകള്‍ പുറത്തുവരാതിരിക്കാനാണ് വിദ്യാഭ്യാസ, സന്നദ്ധ സംഘടനക്കെതിരേ കേസെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതെന്നാണ് ആക്ഷേപം.

പ്ലസ്‌വണ്‍ ബാച്ചുകളുടെ കുറവ് ഏറെക്കാലമായി മലബാറില്‍ ഗൗരവപ്രശ്‌നമായി തുടരുന്നതിനിടെ മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ് കേരളത്തിലെ ഓരോ മണ്ഡലത്തിലെയും ലഭ്യമായ സീറ്റുകളുടെയും പത്ത് ജയിച്ചവരുടെയും പട്ടിക കഴിഞ്ഞ മാസം പുറത്തുവിട്ടതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രൈവറ്റ് സെക്രട്ടറി ടി പി ജോയ് മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരേ പരാതിയുമായി പോലിസിനെ സമീപിക്കുകയായിരുന്നു.

കോഴിക്കോട് സൈബര്‍ ക്രൈം പോലിസിലാണ് ജോയ് പരാതി നല്‍കിയത്. സിആര്‍പിസി 160 പ്രകാരമായിരുന്നു പരാതി. സര്‍ക്കാര്‍ രേഖകളില്‍ സ്‌കൂള്‍ തലത്തില്‍ മാത്രം പ്രസിദ്ധീകരിച്ച പ്ലസ്‌വണ്‍ സീറ്റ് വിവരങ്ങള്‍ സംഘടന മണ്ഡലാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പിഎസ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ് സെക്രട്ടറി അക്ഷയ് കുമാറിനെ വിളിച്ചുവരുത്തി പോലിസ് ചോദ്യം ചെയ്തു. പോലിസ് നടപടി വിവാദമായതോടെ അക്ഷയ്കുമാറിനെതിരേ കേസെടുക്കാതെ വിട്ടയച്ചു.

അതേസമയം, മന്ത്രി ദേവര്‍കോവിലിന്റെ പ്രൈവറ്റ് സെക്രട്ടറി ഇങ്ങനെയൊരു പരാതിയുമായി രംഗത്തുവന്നതിലെ ദുരൂഹത നിലനില്‍ക്കുകയാണ്. മന്ത്രിയുടെ വകുപ്പുമായി ഒരുബന്ധവുമില്ലാത്ത വിഷയത്തിലാണ് പ്രൈവറ്റ് സെക്രട്ടറി പരാതിയുമായി പോലിസിനെ സമീപിച്ചത്. പിന്നാലെയാണ് മന്ത്രി ദേവര്‍കോവില്‍ അറിയാതെയാണ് പ്രൈവറ്റ് സെക്രട്ടറി പരാതി നല്‍കിയതെന്ന സൂചനകള്‍ പുറത്തുവന്നത്.

മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഐഎന്‍എല്ലും വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. ഐഎന്‍എല്ലിലെ വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മിന്റെ പൂര്‍ണനിയന്ത്രണത്തിലാണ് മന്ത്രി ദേവര്‍കോവിലിന്റെ ഓഫിസ് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരേ ഇപ്പോള്‍ പരിതിയുമായി രംഗത്തെത്തിയ പ്രൈവറ്റ് സെക്രട്ടറി ടി പി ജോയ് സിപിഎം തീരുമാനപ്രകാരമാണ് ഡെപ്യൂട്ടേഷനില്‍ മന്ത്രി ദേവര്‍കോവിലിന്റെ പിഎസ് ആയി നിയമിതനായത്. ഇതൊക്കെ ചേര്‍ത്തുവായിക്കുമ്പോഴാണ് മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട വിവേചനം പുറത്തുകൊണ്ടുവന്ന മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റിനെതിരായ പോലിസ് ഭീഷണിക്കു പിന്നില്‍ സിപിഎം ഇടപെടലെന്ന ആക്ഷേപം ബലപ്പെടുന്നത്.

സര്‍ക്കാര്‍ വെബ്‌സൈറ്റിലെ പട്ടികകളില്‍ നിന്നും ആര്‍ക്കും കൂട്ടിയെടുക്കാവുന്ന പ്ലസ് വണ്‍ സീറ്റുകളുടെ കണക്കുകള്‍ മണ്ഡലം തിരിച്ച് പ്രസിദ്ധീകരിക്കുക മാത്രമാണ് മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ് ചെയ്തത്. ഫാഷിസ്റ്റ് ഭരണകൂടങ്ങളെപ്പോലെ കേരളാ സര്‍ക്കാരും വസ്തുതകള്‍ ചര്‍ച്ചയാവുന്നത് ഭയപ്പെടുന്നതുകൊണ്ടാണ് പോലിസ് ഇപെടലുണ്ടായതെന്നാണ് എംഇഎം ഭാരവാഹികളുടെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it