Big stories

കൊവിഡ് വാക്സിൻ നിർബന്ധമല്ലെന്ന് കേന്ദ്രം; വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരേ നടപടിയുണ്ടാകുമെന്ന നിലപാടുമായി മന്ത്രി വി ശിവൻകുട്ടി ഇന്നും രം​ഗത്തെത്തി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

കൊവിഡ് വാക്സിൻ നിർബന്ധമല്ലെന്ന് കേന്ദ്രം; വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
X

കോഴിക്കോട്: നിർബന്ധിത കൊവിഡ് വാക്സിനേഷനെതിരേ ലോകത്തെമ്പാടും വിവിധ മേഖലയിലുള്ളവർ പ്രക്ഷോഭത്തിലാണ്. പല രാജ്യങ്ങളും നിർബന്ധിത വാക്സിനേഷൻ നിർത്തലാക്കിയിട്ടുമുണ്ട്. രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നിർബന്ധിതമല്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ. ഈ ഘട്ടത്തിൽ കൊവിഡ് വാക്സിനുകൾ പൗരൻമാർക്ക് നിർബന്ധമായും നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്.

കൊവിഡ് വാക്‌സിനേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ വിശാലമായ കാഴ്ചപ്പാട് നൽകുന്ന വിശദമായ നയരേഖയായ കൊവിഡ്-19 വാക്‌സിൻ പ്രവർത്തന മാർ​ഗനിർദേശങ്ങൾ അനുസരിച്ച്, കൊവിഡ് വാക്‌സിനേഷൻ സ്വമേധയാ ഉള്ളതാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്. കൊവിഡ് വാക്‌സിനുകളുടെ ക്ലിനിക്കൽ ട്രയൽ വിവരങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താനും നിർബന്ധിത വാക്സിനേഷൻ നിർത്തിവയ്ക്കാനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷൻ മുൻ അംഗം ഡോ. ​​ജേക്കബ് പുളിയേൽ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ക്ലിനിക്കൽ ട്രയൽ ഡാറ്റ പുറത്തുവിടുന്നതിനോട് പ്രതികരിച്ച്, ക്ലിനിക്കൽ ട്രയൽ, ഡിസിജിഐയുടെ അംഗീകാരം, വാക്സിനേഷൻ ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രകാരം പുറത്തുവിടാൻ കഴിയുന്ന എല്ലാ വിവരങ്ങളും ഇതിനകം തന്നെ പൊതുസഞ്ചയത്തിൽ ലഭ്യമാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കൂടാതെ, അനുവദനീയമായ പരിധിയിലുള്ള യോ​ഗങ്ങളുടെയും കമ്മിറ്റി ചർച്ചകളുടെയും മിനിറ്റ്സ് ഇതിനകം തന്നെ പൊതുസഞ്ചയത്തിൽ ഉണ്ടെന്ന് കേന്ദ്രം പറഞ്ഞു.

നിർമ്മാതാക്കൾ നൽകുന്ന ഡാറ്റയും വിവരങ്ങളും പരിശോധിച്ചതിനുശേഷവും അതിന്റെ ഫലപ്രാപ്തിയും സുരക്ഷയും പരിഗണിച്ചതിനുശേഷവും ഡൊമെയ്ൻ വിദഗ്ധർ അടങ്ങുന്ന വിദഗ്ധ സമിതികളാണ് കൊവിഡ് വാക്സിനുകളുടെ അംഗീകാരം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും യൂനിയൻ ഓഫ് ഇന്ത്യ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നുവെന്നും, കൊവാക്സിൻ, കൊവിഷീൽഡ് എന്നിവയുടെ കാര്യത്തിൽ ഗുരുതരമായതോ മരണങ്ങൾ സംഭവിച്ചതോ ആയ സംഭവങ്ങൾ 0.01 ശതമാനത്തിൽ കുറവാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2021 നവംബർ 24 വരെ നൽകിയ 1,19,38,44,741 ഡോസ് കൊവിഡ് വാക്‌സിനിൽ നിന്ന് 2116 പേർക്ക് ഗുരുതരമായ എഇഎഫ്ഐ കേസുകൾ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

അതേസമയം കേരളത്തിൽ വാക്സിനെടുക്കാത്ത അധ്യാപകർക്ക് നേരെ വടിയെടുത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരേ നടപടിയുണ്ടാകുമെന്ന നിലപാടുമായി മന്ത്രി വി ശിവൻകുട്ടി ഇന്നും രം​ഗത്തെത്തി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

അധ്യാപകരും അനധ്യാപകരും വാക്സിൻ എടുക്കണമെന്നും വാക്സിൻ എടുക്കാത്തവർ കാംപസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും മന്ത്രി പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപോർട്ട് വാങ്ങണം. വാക്സിൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോൽസാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം നിർബന്ധിത വാക്സിനേഷൻ നടപ്പാക്കില്ലെന്ന് സുപ്രിംകോതിയെ അറിയിക്കുമ്പോഴും കേരളത്തിൽ മന്ത്രി ശിവൻകുട്ടി ഈ നിലപാട് സ്വീകരിക്കുന്നതിനെതിരേ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. മതവിശ്വാസപരമായ കാരണങ്ങളാണ് വാക്സിനേഷനിൽ നിന്ന് മാാറി നിൽക്കാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി പറയുമ്പോൾ ഫലപ്രാപ്തി സംബന്ധിച്ച ആശങ്കകളാണ് ഉയർത്തുന്നതെന്ന് അധ്യാപകർ പറയുന്നു.

Next Story

RELATED STORIES

Share it