Big stories

കൊവിഡ് 19: സൗദിയില്‍ ഇന്ന് നാലു മരണം; രോഗലക്ഷണമുള്ളവര്‍ക്ക് 997ല്‍ വിളിക്കാം

കൊവിഡ് 19: സൗദിയില്‍ ഇന്ന് നാലു മരണം; രോഗലക്ഷണമുള്ളവര്‍ക്ക് 997ല്‍ വിളിക്കാം
X

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് 19 രോഗം ബാധിച്ച് ഇന്നുമാത്രം നാലുപേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരെല്ലാം നേരത്തേ ഗുരുതര അസുഖങ്ങളുമായി ചികില്‍സയിലായിരുന്നു. വിദേശികളാണെങ്കിലും ഏത് രാജ്യത്തുള്ളവരാണെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇന്ന് 96 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1299 ആയി. രോഗമുക്തി നേടിയവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചു. ഇന്ന് 29 പേര്‍ കൂടി രോഗമുക്കരായതോടെ ആകെ ഭേദമായവരുടെ എണ്ണം 66 ആയി. രോഗികളുടെ ആകെയുള്ള എണ്ണം കുറയുന്നത് പ്രതീക്ഷയേകുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിയാദ്-27, ദമ്മാം-23, മദീന-14, ജിദ്ദ-12, മക്ക-7, അല്‍ഖോബാര്‍-4, ദഹ്‌റാന്‍-2, ഖത്തീഫ്-1, റാസുത്തന്നൂറ-1, സൈഹാത്ത്-1, ഹുഫൂഫ്-1, തായിഫ്-1, ഖമീസ് മുശൈത്ത്-1, തബൂക്ക്-1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചവരുടെ കണക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. 68 പേര്‍ക്ക് സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയാണ് അസുഖം പടര്‍ന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, സൗദി ആരോഗ്യ മന്ത്രാലയം രോഗലക്ഷണമുള്ള പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ബന്ധപ്പെടാനായി 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. പ്രസ്തുത നമ്പറിലേക്ക് വിളിക്കുമ്പോള്‍ വിളിച്ച മൊബൈലിലേക്ക് ഒരു എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ സമയത്തും പുറത്ത് ആശുപത്രിയില്‍ പോവാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിനായി സൗദിയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി. ഇന്നുമുതല്‍ ജിദ്ദയിലും മൂന്നുമുതലാണ് കര്‍ഫ്യൂ. ഈ സമയം മുതല്‍ നഗരത്തില്‍ ആര്‍ക്കും പ്രവേശനമില്ല. നിലവില്‍ വൈകീട്ട് 7 മുതല്‍ രാവിലെ ആറു വരെയുള്ള കര്‍ഫ്യൂ ആണ് ജിദ്ദയിലും നീട്ടിയത്. ഇതോടെ വൈകീട്ട് മൂന്നുമുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറുവരെ പുറത്തിറങ്ങാന്‍ പാടില്ല. നേരത്തെ കര്‍ഫ്യൂവില്‍ നല്‍കിയ ഇളവ് പഴയതു പോലെ തുടരാനാണു തീരുമാനം.




Next Story

RELATED STORIES

Share it