Big stories

രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം കേരളത്തില്‍;തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സെന്ന് സ്ഥിരീകരണം

യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു

രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം കേരളത്തില്‍;തൃശ്ശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്‌സെന്ന് സ്ഥിരീകരണം
X
തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ച് തന്നെയാണെന്ന് സ്ഥിരീകരണം.രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്.

പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് യുവാവിന്റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്.ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികില്‍സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി.വെള്ളിയാഴ്ച സ്ഥിതി മോശമായതോടെ ശനിയാഴ്ച മരിക്കുകയായിരുന്നു. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേരാണുള്ളത്.സമ്പര്‍ക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് .യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും നീരീക്ഷണത്തിലാണ്.

വിദേശത്ത് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.ഇക്കാര്യം മറച്ചുവച്ച് കേരളത്തിലെത്തിയെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഇക്കാര്യം അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പ്രതിരോധ നടപടികള്‍ക്കായി ഇന്ന് പുന്നയൂരില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. ആളുകളുടെ ആശങ്കയകറ്റാന്‍ വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍കരണം ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആശങ്കപ്പെടാനില്ലെന്ന് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി വി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം രാജ്യത്തെ മങ്കി പോക്‌സ് വ്യാപനം നിരീക്ഷിക്കാന്‍ ദൗത്യസംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. നിതി ആയോഗ് അംഗം വി കെ പോള്‍ പ്രത്യേക സംഘത്തെ നയിക്കും.

Next Story

RELATED STORIES

Share it