Big stories

കൊവിഡ്: ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി ഗണ്യമായി വെട്ടിക്കുറച്ചേക്കും

ധനംകൊണ്ടും ആരോഗ്യംകൊണ്ടും കഴിവുള്ള ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയായ ഹജ്ജിനായി പ്രതിവര്‍ഷം 25 ലക്ഷം തീര്‍ത്ഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും ഒഴുകുന്നത്.

കൊവിഡ്: ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സൗദി ഗണ്യമായി വെട്ടിക്കുറച്ചേക്കും
X

മക്ക: ലോകമാകെ കൊവിഡ് വ്യാപനം ഭീതിജനകമാംവിധം പടരുന്നതിനിടെ സൗദി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചേക്കാമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ധനംകൊണ്ടും ആരോഗ്യംകൊണ്ടും കഴിവുള്ള ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയായ ഹജ്ജിനായി പ്രതിവര്‍ഷം 25 ലക്ഷം തീര്‍ത്ഥാടകരാണ് മക്കയിലേക്കും മദീനയിലേക്കും ഒഴുകുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഹജ്ജും ഉമ്ര തീര്‍ത്ഥാടനവും സൗദി അറേബ്യയ്ക്ക് പ്രതിവര്‍ഷം 1200 കോടി ഡോളറിന്റെ വരുമാനവും നല്‍കുന്നുണ്ട്.

എന്നിരുന്നാലും, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉംറ താല്‍ക്കാലികമായി നിര്‍ത്തിവച്ച സൗദി ഹജ്ജിന് ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ജൂലൈ അവസാനത്തോടെ നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ സൗദിയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷമാണ്. നിരവധി തീര്‍ത്ഥാടകര്‍ കടന്നു പോവുന്ന തുറമുഖ നഗരമായ ജിദ്ദയില്‍ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെതുടര്‍ന്ന് 15 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷം 'പ്രതീകാത്മക എണ്ണം' മാത്രം അനുവദിക്കുന്നതിനെക്കുറിച്ച് രാജ്യം ആലോചിക്കുന്നുണ്ടെന്ന് രണ്ട് ഉന്നത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. വര്‍ധിത ആരോഗ്യ പരിശോധനകള്‍ക്കും പ്രായമായ തീര്‍ഥാടകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് പോലെയുള്ള നിയന്ത്രണങ്ങള്‍ക്കും പുറമേയാണിത്.

യുദ്ധം, പകര്‍ച്ചാവ്യാധി എന്നിവ മൂലം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഹജ്ജ് റദ്ദാക്കപ്പെട്ടിരുന്നു, എന്നാല്‍ 1932ല്‍ സൗദി അറേബ്യ സ്ഥാപിതമായതിനുശേഷം ഇത് സംഭവിച്ചിട്ടില്ല.

Next Story

RELATED STORIES

Share it