Big stories

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു
X

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശന്‍ പാച്ചേനി (54) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ ഈ മാസം 19നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്നു വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടേത് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പ്രകാരമാണ് ചികില്‍സ പുരോഗമിച്ചിരുന്നത്.

എന്നാല്‍, വ്യാഴാഴ്ച രാവിലെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2001ല്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദനെതിരേ മല്‍സരിച്ചതോടെയാണ് സതീശന്‍ പാച്ചേനി കോണ്‍ഗ്രസില്‍ ശ്രദ്ധേയനായത്. 2016 മുതല്‍ 2021വരെ കണ്ണൂര്‍ ഡിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. അഞ്ച് തവണ നിയമസഭയിലേക്കും ഒരുതവണ ലോക്‌സഭയിലേക്കും മല്‍സരിച്ചെങ്കിലും ഒരു തിരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. 1999ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റുമായിരുന്നു. കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസിന്റെ അമരത്ത് എത്തിയ കര്‍മനിരതനായ നേതാവായിരുന്നു അദ്ദേഹം. നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവ് പാച്ചേനി ഉറുവാടന്റെ കൊച്ചുമകനാണ് അദ്ദേഹം.

Next Story

RELATED STORIES

Share it