Big stories

പൗരത്വ ഭേദഗതി ബില്ല്‌ ലോക്‌സഭയില്‍; സഭയിലും പുറത്തും വന്‍ പ്രതിഷേധം

ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച ഉടനെ കോണ്‍ഗ്രസ് പ്രതിനിധിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി ശക്തമായി രംഗത്തെത്തി. രാജ്യത്തെ മുസ് ലിം ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ബില്ലാണെന്നും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പൗരത്വ  ഭേദഗതി ബില്ല്‌ ലോക്‌സഭയില്‍;   സഭയിലും പുറത്തും വന്‍ പ്രതിഷേധം
X

ന്യൂഡല്‍ഹി: പ്രതിപക്ഷകക്ഷികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കുന്നതിനിടെ പൗരത്വ ഭേദഗതി ബില്ല്‌ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. എന്നാല്‍, സഭാ നടപടികള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ബില്ലിനെ ശക്തമായി ചെറുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് യോഗം തീരുമാനിച്ചിരുന്നു. സഭാ നടപടികള്‍ തുടങ്ങുന്നതിനു മുമ്പേ മുസ് ലിം ലീഗ് പ്രതിനിധികള്‍ പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധം സംഘടിപ്പിച്ചു.


കേരളത്തില്‍നിന്നുള്ള ലോക്‌സഭാ എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള നവാസ് ഖനി, രാജ്യസഭാ എംപി എ പി അബ്ദുല്‍ വഹാബ് എന്നിവരാണ് പ്ലക്കാര്‍ഡുമേന്തി പ്രതിഷേധിച്ചത്. ഇതിനുപുറമെ, പി കെ കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിനു നോട്ടീസും നല്‍കി. അസമില്‍ നിന്നുള്ള ഓള്‍ ഇന്ത്യാ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് പ്രതിനിധി ബദറുദ്ദീന്‍ അജ്മല്‍ എംപിയും പാര്‍ലിമെന്റിനു മുന്നില്‍ പ്രതിഷേധിച്ചു.


ബില്ല് ഹിന്ദു-മുസ് ലിം ഏകതയ്ക്ക് എതിരാണെന്നും പാര്‍ലിമെന്റിന്റെ ഇരുസഭകളിലും പാസാവുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐഎയുഡിഎഫിന്റെ നേതൃത്വത്തില്‍ രാവിലെ ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിരുന്നു.

ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച ഉടനെ കോണ്‍ഗ്രസ് പ്രതിനിധിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി ശക്തമായി രംഗത്തെത്തി. രാജ്യത്തെ മുസ് ലിം ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ബില്ലാണെന്നും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, ബില്ല് .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി നല്‍കി.


ബില്ല് ഒരു മതത്തിനും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കും എതിരല്ല. നിങ്ങള്‍ വാക്കൗട്ട് നടത്തരുത്. എല്ലാ ചോദ്യങ്ങള്‍ വിശദീകരിച്ച് മറുപടി തരാമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിന്‍മേല്‍ വിശദമായ ചര്‍ച്ച ആവശ്യമില്ലെന്ന അമിത് ഷായുടെ മറുപടിയെ ചൊല്ലിയും ലോക്‌സഭ ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപിയും ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് സഭയില്‍ പ്രസംഗിച്ചു. ഇന്ന് ഇന്ത്യയുടെ കറുത്ത ദിനമാണെന്നും മതേതര കക്ഷികള്‍ ബില്ലിനെ ഒന്നിച്ച് ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് എല്ലാ പാര്‍ട്ടികളുമായും വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞാണ് ബില്‍ കൊണ്ടുവരുന്നത്. ബില്ലിനെ പരാജയപ്പെടുത്താന്‍ ലീഗിന്റെ ഭാഗത്ത് നിന്ന് മികച്ച ഏകോപനം ഉണ്ടാവും. ബില്‍ പാസായാല്‍ ലീഗും മറ്റ് മുസ് ലിം സംഘടനകളും കേസിന് പോവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ, ബില്ലിനെ എതിര്‍ത്ത് ശിവസേന മുഖപത്രമായ സാംനയില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ഹിന്ദുക്കളെയും മുസ് ലിംകളെയും ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബില്ലെന്ന് ലേഖനം കുറ്റപ്പെടുത്തി.


അതിനിടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും അസമിലുമാണ് ബില്ലിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. അസമില്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ ആഹ്വാനം ചെയ്ത 11 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണമാണ്. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ത്രിപുരയിലും അസമിലും പലയിടത്തും ബില്ലിനെതിരേ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ടയര്‍ കത്തിച്ചും മറ്റും പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

2014നു മുമ്പ് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തി അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നു വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ മുസ് ലിംകളെ ഒഴിവാക്കുകയാണു ചെയ്യുന്നത്. ഇന്ത്യയിലെത്തുന്ന അഭയാര്‍ഥികള്‍ പൗരത്വം നേടാന്‍ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിക്കണമെന്ന നിബന്ധന അഞ്ചു വര്‍ഷമായി കുറയ്ക്കും, പ്രവാസികളുടെ ഒസിഐ കാര്‍ഡ് ചട്ടലംഘനമുണ്ടായാല്‍ റദ്ദാക്കാം തുടങ്ങിയ വ്യവസ്ഥയും ബില്ലിലുള്ളത്. നിലവിലുള്ള അവസ്ഥയില്‍ ബില്ല് ലോക്‌സഭയില്‍ പാസാക്കാന്‍ എന്‍ഡിഎയ്ക്കു സാധിക്കും. എന്‍ഡിഎയ്ക്ക് 102 പേരുടെ പിന്തുണ മാത്രമുള്ള രാജ്യസഭയില്‍ അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍ എന്നിവരുടെ നിലപാട് ഏറെ നിര്‍ണായകമാവും.

Next Story

RELATED STORIES

Share it