Big stories

മാവോവാദികള്‍ക്ക് 10 വര്‍ഷമായി സഹായം; ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍

മാവോവാദി നേതാക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് പുജാരിയും അലാമിയും തമ്മിലുള്ള ബന്ധം വ്യക്തമായത്

മാവോവാദികള്‍ക്ക് 10 വര്‍ഷമായി സഹായം;   ബിജെപി നേതാവും കൂട്ടാളിയും അറസ്റ്റില്‍
X

ദന്തേവാഡ: ഛത്തീസ്ഗഡില്‍ മാവോവാദികള്‍ക്ക് 10 വര്‍ഷമായി ഭക്ഷണവും ട്രാക്റ്ററും ഉള്‍പ്പെടെയുള്ളവ എത്തിച്ചുനല്‍കി സഹായിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ബര്‍സൂര്‍ സ്വദേശി ജഗത് പുജാരി, കൂട്ടാളി രമേശ് ഉസണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. 10 വര്‍ഷത്തോളമായി ഇദ്ദേഹം മാവോവാദികള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചുവരുന്നത് ജഗത് പുജാരിയാണെന്ന് പോലിസ് വ്യക്തമാക്കി. വിവരം നല്‍കുന്നവര്‍ക്ക് പോലിസ് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോവാദി നേതാവ് അജയ് അലാമിക്ക് വേണ്ടിയാണ് ട്രാക്ടറുകള്‍ വാങ്ങിയതെന്നും 9,10,000 രൂപ വിലവരുന്ന ട്രാക്റ്ററുകള്‍ കണ്ടുകെട്ടിയതായും പോലിസ് അറിയിച്ചു.

മാവോവാദി നേതാക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് പുജാരിയും അലാമിയും തമ്മിലുള്ള ബന്ധം വ്യക്തമായത്. അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ വേണ്ടി നിരവധി തവണ ഇദ്ദേഹം അലാമിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് ട്രാക്റ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടത്. നേരത്തേ നിരവധി സഹായങ്ങള്‍ സ്വീകരിച്ചതിനാല്‍ പുജാരിക്ക് വാങ്ങി നല്‍കുകയല്ലാതെ നിവൃത്തിയില്ലാതാത്ത അവസ്ഥയിലായി. പണം മുടക്കാന്‍ പൂജാരി തയ്യാറായപ്പോള്‍ രമേഷ് ഉസേണ്ടി എന്നയാളുടെ ഭാര്യയുടെ പേരില്‍ വാഹനത്തിന്റെ ബില്‍ തരപ്പെടുത്തുകയായിരുന്നുവെന്നും ദന്തേവാഡ പോലിസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗീഥമില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പോലിസ് ട്രാക്റ്ററുകള്‍ തടയുകയും രമേഷ് ഉസേണ്ടിയെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തിയത്. ജഗത് പുജാരിയുടെ നിര്‍ദേശ പ്രകാരമാണ് ട്രാക്ടറുകള്‍ വാങ്ങിയതെന്നും 10 വര്‍ഷമായി അദ്ദേഹം സഹായം ചെയ്യുന്നുണ്ടെന്നും രമേഷ് സമ്മതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മാവോവാദികള്‍ക്ക് യൂനിഫോം, പേപ്പര്‍, പ്രിന്റര്‍, വെടിക്കോപ്പുകള്‍, ബാറ്ററി, റേഡിയോ സെറ്റ് എന്നിവ പുജാരിയാണ് വിതരണം ചെയ്യുന്നതെന്ന് നേരത്തേ ഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നെങ്കിലും തെളിവുണ്ടായിരുന്നില്ല. ഒരു ട്രാക്റ്റര്‍ വാങ്ങാന്‍ മാവോവാദി നേതാവ് അലാമി തനിക്ക് 4 ലക്ഷം രൂപ നല്‍കിയതായും എല്ലാകാര്യത്തിലും പൂജാരി തന്നെ സഹായിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഉസേണ്ടി വെളിപ്പെടുത്തി.

ഛത്തീസ്ഗഡ് സ്‌പെഷ്യല്‍ പബ്ലിക് സെക്യൂരിറ്റി ആക്റ്റ്(2005)ലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. കൊറോണ വൈറസ് കാരണം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ മാര്‍ച്ച് മുതല്‍ മാവോവാദികള്‍ റേഷന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും പ്രതിസന്ധി നേരിടുന്നുണ്ട്. അതിനാല്‍ ഉള്‍ വനങ്ങളില്‍ നെല്‍കൃഷി ചെയ്യാന്‍ അവര്‍ തീരുമാനിച്ചിരുന്നു. ഇതിനു വേണ്ടിയാണ് ട്രാക്റ്ററും മറ്റ് കാര്‍ഷികോപകരണങ്ങളും വാങ്ങാന്‍ പദ്ധതിയിട്ടതെന്നും എസ്പി പല്ലവ പറഞ്ഞു. ഒരു പതിറ്റാണ്ടായി മാവോവാദികള്‍ക്ക് സാധനങ്ങളും മറ്റ് വസ്തുക്കളും വിതരണം ചെയ്യുന്നതില്‍ ബിജെപി നേതാവിനു പങ്കുണ്ടെന്നാണ് വിവരം.

അതേസമയം, വിഷയത്തെ കുറിച്ച് പാര്‍ട്ടിയുടെ ഉന്നത സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി തലത്തില്‍ പൂജാരിക്കെതിരേ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ചൈത്രം അട്ടാമി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് പൂജാരിയെ ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ പുതിയ നിയമനങ്ങളൊന്നും നടക്കാത്തതിനാല്‍ അദ്ദേഹം പദവിയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it