Big stories

സംസ്ഥാനങ്ങളുടെ എതിർപ്പ്; പൗരത്വ നടപടിക്രമങ്ങൾ സ്പെഷൽ ഓഫീസർ വഴി കേന്ദ്രം നേരിട്ടാക്കും

നടപടി ക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനങ്ങളുടെ എതിർപ്പ്; പൗരത്വ നടപടിക്രമങ്ങൾ സ്പെഷൽ ഓഫീസർ വഴി കേന്ദ്രം നേരിട്ടാക്കും
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്പെഷൽ ഓഫീസർ വഴി കേന്ദ്രം നേരിട്ടാക്കുമെന്ന് റിപോര്‍ട്ട്. പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ സംസ്ഥാനങ്ങള്‍ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്. ഇതോടെ സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് അപ്രസക്തമാകും.

പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓണ്‍ലൈന്‍ വഴിയാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപോർട്ടുകളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.

‌നിയമം നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാനത്തിനു കൂടി പങ്കാളിത്തമുണ്ട്. നിലവിലുള്ള നടപടിക്രമം അനുസരിച്ച് ജില്ലാ കലക്ടര്‍ മുഖേനയാണ് പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. നടപടി ക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ എന്‍ഡിഎ ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വലിയ എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കില്ലെന്ന് കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

നിയമപരമായി ഈ നിയമത്തെ ഈ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറികടക്കാനാവില്ല. 1955 ലെ പൗരത്വ നിയമമനുസരിച്ച് പൗരത്വത്തെ സംബന്ധിച്ച അപേക്ഷകള്‍ നേരിട്ട് കലക്ടര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. അദ്ദേഹം അത് അന്വേഷണം നടത്തി 60 ദിവസത്തിനകം സംസ്ഥാന സര്‍ക്കാരിലേക്ക് അയക്കും. സംസ്ഥാന സര്‍ക്കാര്‍ 30 ദിവസത്തിനകം ശുപാര്‍ശകളോടെ കേന്ദ്രത്തിന് അയച്ചുകൊടുക്കും. കലക്ടറും സംസ്ഥാന സര്‍ക്കാരും സാധാരണഗതിയില്‍ 90 ദിവസത്തില്‍ കൂടുതല്‍ ഈ അപേക്ഷ വൈകിക്കാന്‍ പാടില്ല.

ഏതെങ്കിലും സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതേ അപേക്ഷയുടെ രസീതി ഉപയോഗിച്ച് അപേക്ഷകന് കേന്ദ്രത്തെ സമീപിക്കാം. എന്നാല്‍ പുതിയ നിയമമനുസരിച്ച് കേന്ദ്രത്തിന് കുറച്ചുകൂടെ ഇടപെടാനാവും. സംസ്ഥാനം അപേക്ഷ വെച്ചു താമസിപ്പിച്ചാല്‍ കലക്ടര്‍ക്കു പകരം അപേക്ഷ കൈകാര്യം ചെയ്യാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ അയക്കാനാവും. പഴയ നിയമത്തിലെ സെക്ഷന്‍ 18 ല്‍ 6ബി എന്ന ഒരു ഉപവകുപ്പ് എഴുതിച്ചേര്‍ത്താണ് നിയമത്തില്‍ മാറ്റം വരുത്തിയത്.

Next Story

RELATED STORIES

Share it