Big stories

എന്‍പിആര്‍, സെന്‍സസ് നടപടികള്‍ കേന്ദ്രം മാറ്റിവച്ചേക്കും

എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പിനു വേണ്ടി കാത്തിരിക്കുകയാണെന്നും റിപോര്‍ട്ടിലുണ്ട്.

എന്‍പിആര്‍, സെന്‍സസ് നടപടികള്‍ കേന്ദ്രം മാറ്റിവച്ചേക്കും
X

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി എന്‍പിആര്‍(ദേശീയ ജനസംഖ്യാ രജിസ്റ്റര്‍), സെന്‍സസ് നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചേക്കുമെന്ന് റിപോര്‍ട്ട്. ഏപ്രില്‍ ഒന്നിന് ചില സംസ്ഥാനങ്ങളില്‍ ആരംഭിക്കാനിരുന്ന ഹൗസ് ലിസ്റ്റിങ് സെന്‍സസും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍പിആര്‍) അപ്‌ഡേഷനുമാണ് മാറ്റിവയ്ക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ജനകീയ സമ്പര്‍ക്കം പരിമിതപ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ മാറ്റിവയ്ക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പിനു വേണ്ടി കാത്തിരിക്കുകയാണെന്നും റിപോര്‍ട്ടിലുണ്ട്.

ഡല്‍ഹിക്കു പുറമെ ഒഡീഷ സര്‍ക്കാരും സെന്‍സസ്, എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ഒരു മാസമെങ്കിലും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തെഴുതിയിരുന്നു. സെന്‍സസ്, എന്‍പിആര്‍ വിവരശേഖരണത്തില്‍ ആദ്യം രേഖപ്പെടുത്തേണ്ട ഇന്ത്യന്‍ പൗരന്‍ പ്രഥപൗരനെന്ന നിലയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയാണു നടത്തേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ നിരീക്ഷണം കാരണം രാഷ്ട്രപതിയുടെ ഷെഡ്യൂള്‍ വെട്ടിക്കുറക്കുകയും സന്ദര്‍ശനം ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. സെന്‍സസ് കമ്മീഷണര്‍ വിവേക് ജോഷിക്ക് ഡല്‍ഹി സര്‍ക്കാര്‍ എഴുതിയ കത്തില്‍, മാര്‍ച്ച് 18 മുതല്‍ തലസ്ഥാനത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ടെന്നും 1897ലെ പകര്‍ച്ചവ്യാധി രോഗ നിയമം പ്രാബല്യത്തില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സസ്, എന്‍പിആര്‍ വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാര്‍ വീടുകള്‍തോറും പോവേണ്ടിവരുമെന്നതിനാല്‍ കൊവിഡ്-19 ന്റെ വ്യാപനം രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സസ്, എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ക്കു പോവുന്ന

ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്ക് വലിയ അപകടമുണ്ടാക്കുമെന്നും അതിനാല്‍ ഇവ രണ്ടും ഉടന്‍ മാറ്റിവയ്ക്കാനുള്ള തീരുമാനം എടുക്കണമെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ ഡല്‍ഹി, ഒഡീഷ സര്‍ക്കാര്‍ കത്തുകളോട് സെന്‍സസ് കമ്മീഷണറുടെ പ്രതികരണത്തെക്കുറിച്ച് ഫോണിലൂടെയും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2019 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ രാജ്യവ്യാപകമായി എന്‍പിആര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ 3,941.35 കോടി രൂപയുടെ അനുമതി നല്‍കിയിരുന്നു. അസം ഒഴികെ, 2021 ലെ ഇന്ത്യന്‍ സെന്‍സസ് നടത്താന്‍ 8,754.23 കോടി രൂപയാണ് അനുവദിച്ചത്. എന്‍പിആര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് ആളുകള്‍ രാജ്യത്തുടനീളം തെരുവിലിറങ്ങിയിരുന്നു. ഇന്ത്യയില്‍ ജനിച്ച ദശലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കാന്‍ സാധ്യതയുള്ളതാണ് ദേശീയ പൗരത്വ രജിസ്റ്ററെന്നാണ് ആരോപണം. കൊറോണ വൈറസ് ഭീഷണിക്കിടയിലും ചിലയിടങ്ങളില്‍ സമരം തുടരുകയാണ്.

രാജ്യത്തെ പല സംസ്ഥാനങ്ങളും എന്‍പിആറിനും എന്‍ആര്‍സിക്കുമെതിരേ നിയമസഭയില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍, ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഏതൊരു പരമാധികാര രാജ്യത്തിനും പൗരന്മാരല്ലാത്തവരെയും പൗരന്മാരെയും തിരിച്ചറിയാന്‍ എന്‍പിആര്‍, സെന്‍സസ് നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it