സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുലിനും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും മല്‍സര വിലക്കിനൊരുങ്ങി ബിസിസിഐ

ഇരുവരെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതിയുടെ ശുപാര്‍ശ. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ബിസിസിഐയുടെ ഈ കടുംവെട്ട്.

സ്ത്രീവിരുദ്ധ പരാമര്‍ശം:  രാഹുലിനും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും  മല്‍സര വിലക്കിനൊരുങ്ങി ബിസിസിഐ
മുംബൈ: സ്വകാര്യ ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കെതിരേ അച്ചടക്കവാള്‍ പുറത്തെടുത്ത് ബിസിസിഐ.ഇരുവരെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതിയുടെ ശുപാര്‍ശ. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ബിസിസിഐയുടെ ഈ കടുംവെട്ട്.

അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സൂചന. താരങ്ങളുടെ വിവാദ പരാമര്‍ശത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാനാകുമോ എന്ന കാര്യം ബിസിസിഐ നിയമകാര്യ സമിതിയുമായി ആലോചിച്ച ശേഷമെ തീരുമാനിക്കൂവെന്ന് ഭരണസമിതി അംഗം ഡയാന എദുല്‍ജി വ്യക്തമാക്കി.

കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇരുവര്‍ക്കും വിനയായത്. സംഭവത്തില്‍ ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസിന് പാണ്ഡ്യ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വിനോദ് റായ് പ്രതികരിച്ചു. അതിനാലാണ് രണ്ട് ഏകദിനങ്ങളില്‍ വിലക്കിന് ശുപാര്‍ശ ചെയ്തത്.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് താരങ്ങളെ കുടുക്കിയത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ചതിന് ഹര്‍ദ്ദിക്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് ബിസിസിഐ വിഷയത്തില്‍ ഇടപെട്ടത്. നേരത്തെ സംഭവം വിവാദമായതോടെ ഹര്‍ദ്ദിക്ക് ക്ഷമാപണം നടത്തിയിരുന്നു. കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറയുകയാണ്, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അത്' എന്നായിരുന്നു പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചത്.

Shareef p k

Shareef p k

Our Contributor help bring you the latest article around you


RELATED STORIES

Share it
Top