Big stories

കൊവിഡ് വ്യാപനം: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി; 12ാം ക്ലാസ് പരീക്ഷ മാറ്റി

മെയ് 30 വരെയാണ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ജൂണ്‍ ഒന്നിന് ശേഷം ബോര്‍ഡ് പ്രഖ്യാപിക്കും. പരീക്ഷകള്‍ ഓണ്‍ലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും.

കൊവിഡ് വ്യാപനം: സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ റദ്ദാക്കി; 12ാം ക്ലാസ് പരീക്ഷ മാറ്റി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍, 12ാം ക്ലാസ് പരീക്ഷകള്‍ നീട്ടിവച്ചു. മെയ് 30 വരെയാണ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ജൂണ്‍ ഒന്നിന് ശേഷം ബോര്‍ഡ് പ്രഖ്യാപിക്കും. പരീക്ഷകള്‍ ഓണ്‍ലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും.

ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും 10ാതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനമുണ്ടാവുക. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തരയോഗം ചേര്‍ന്നത്.

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മെയ് നാല് മുതല്‍ ജൂണ്‍ 14 വരെയായി നടത്താനാണ് സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. ഓഫ്‌ലൈന്‍ എഴുത്തുപരീക്ഷയായിരിക്കും നടത്തുകയെന്നും കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന പരീക്ഷയായതിനാല്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി വന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുളളതായും സിബിഎസ്ഇ അറിയിച്ചിരുന്നു. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവരടക്കം പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

എഴുത്തുപരീക്ഷ നടത്തുന്നതിന് പകരം ഇന്റേണല്‍ വിലയിരുത്തല്‍ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടനയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 12ാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് സ്ഥിതിഗതികള്‍ 2021 ജൂണ്‍ 1 ന് ബോര്‍ഡ് അവലോകനം ചെയ്യും. തുടര്‍ന്ന് വിശദാംശങ്ങള്‍ പുറത്തുവിടും. പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പ് നോട്ടീസ് നല്‍കും.

Next Story

RELATED STORIES

Share it