Big stories

ഗോരഖ്പൂര്‍ കൂട്ട ശിശുമരണം സിബിഐ അന്വേഷിക്കണം: ഡോ. കഫീല്‍ ഖാന്‍ -കുട്ടികളുടെ കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

കഫീല്‍ ഖാന്റെ നേതൃത്വത്തില്‍ 54 മണിക്കൂറിനുള്ളില്‍ 500 സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇത് നിരവധി കുരുന്നുകളുടെ ജീവനാണ് രക്ഷിച്ചത്. ജൂനിയര്‍ ഡോക്ടറായ കഫീല്‍ ഖാന്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ആശുപത്രി സൂപ്രണ്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പടെ 26 പേര്‍ക്ക് വിളിച്ചതായും അന്വേഷണ സംഘത്തിന് ബോധ്യമായി.

ഗോരഖ്പൂര്‍ കൂട്ട ശിശുമരണം സിബിഐ അന്വേഷിക്കണം: ഡോ. കഫീല്‍ ഖാന്‍  -കുട്ടികളുടെ കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ശ്വാസം കിട്ടാതെ കുരുന്നുകള്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥമൂലം മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് യോഗി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അവരോട് പരസ്യമായി മാപ്പ് പറയണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ കുറ്റക്കാരനല്ലെന്ന് വ്യക്തമായ സഹചര്യത്തില്‍ തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥമൂലം കുരുന്നുകള്‍ മരിച്ച സംഭവത്തില്‍ രണ്ട് വര്‍ഷമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ വേട്ടയാടിയത്. ഒമ്പത് മാസം ജയിലില്‍ കഴിയുകയും ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു. യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ തന്നെ ഇരയാക്കിയത്. സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടക്കണമെന്നും അന്വേഷണ ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നും കഫീല്‍ ഖാന്‍ ആവശ്യപ്പെട്ടു.

ഓക്‌സിജന്‍ ലഭിക്കാതെ 66 കുട്ടികള്‍ മരിച്ച സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം അന്വേഷണം നടത്തുകയും സംഘത്തിന് മുന്നില്‍ താന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും അംഗീകരിക്കുകയും ചെയ്തു.

ബിആര്‍ഡി ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറായ കഫീല്‍ ഖാന് ആശുപത്രിയില്‍ ഓക്‌സിജന്‍ വാങ്ങുന്നതിലും ടെണ്ടര്‍ നല്‍കുന്നതിലും യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിക്കുന്നത് അറിഞ്ഞ് കഫീല്‍ ഖാന്‍ അവധി റദ്ദാക്കി ആശുപത്രിയിലെത്തി. കഫീല്‍ ഖാന്റെ നേതൃത്വത്തില്‍ 54 മണിക്കൂറിനുള്ളില്‍ 500 സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇത് നിരവധി കുരുന്നുകളുടെ ജീവനാണ് രക്ഷിച്ചത്. ജൂനിയര്‍ ഡോക്ടറായ കഫീല്‍ ഖാന്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ആശുപത്രി സൂപ്രണ്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പടെ 26 പേര്‍ക്ക് വിളിച്ചതായും അന്വേഷണ സംഘത്തിന് ബോധ്യമായി. ഈ സാഹചര്യത്തിലാണ് തന്നെ കുറ്റവിമുക്തനാക്കിയതെന്ന് കഫീല്‍ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it