Big stories

'ജിഹാദ്' എന്ന് പറയുന്നവരെല്ലാം ഭീകരവാദിയല്ലെന്ന് പോലിസിനോട് കോടതി

ജിഹാദ് എന്ന വാക്കിനര്‍ത്ഥം പോരാട്ടം എന്നാണെന്നും അതിന് എല്ലായ്‌പ്പോഴും തീവ്രവാദവുമായി ബന്ധമുണ്ടാവണമെന്നില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ജിഹാദ് എന്ന് ഉപയോഗിച്ചെന്ന് കരുതി ആരെയും തീവ്രവാദിയായി മുദ്രകുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിഹാദ് എന്ന് പറയുന്നവരെല്ലാം ഭീകരവാദിയല്ലെന്ന് പോലിസിനോട് കോടതി
X

മുംബൈ: ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ ഒരാള്‍ ഭീകരവാദിയാവില്ലെന്ന് മഹരാഷ്ട്ര കോടതി. ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചെന്ന് ആരോപിച്ച് മൂന്ന് യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയ കേസിലാണ് കോടതിയുടെ വിമര്‍ശനം. പോലിസ് നടപടിയെ മഹാരാഷ്ട്ര അകോലാ കോടതി സ്‌പെഷ്യല്‍ ജഡ്ജി എ എസ് ജാദവ് രൂക്ഷമായി വിമര്‍ശിച്ചു.

ഭീകരവാദകുറ്റം ചുമത്തി ഹാജരാക്കപ്പെട്ട മൂന്ന് പേരുടെ കേസില്‍ വാദം കേള്‍ക്കവെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ജിഹാദ് എന്ന വാക്കിനര്‍ത്ഥം പോരാട്ടം എന്നാണെന്നും അതിന് എല്ലായ്‌പ്പോഴും തീവ്രവാദവുമായി ബന്ധമുണ്ടാവണമെന്നില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ജിഹാദ് എന്ന അറബ് വാക്കിന് 'സമരം' എന്നാണ് ഡിക്ഷനറിയില്‍ അര്‍ത്ഥം നല്‍കിയിരിക്കുന്നത്. ജിഹാദ് എന്ന് ഉപയോഗിച്ചെന്ന് കരുതി ആരെയും തീവ്രവാദിയായി മുദ്രകുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎപിഎ, ആയുധ നിയമം, ബോംബെ പോലിസ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അബ്ദുല്‍ റസാഖ്(24), ഷുഹൈബ് ഖാന്‍(24), സലീം മാലിക്(26) എന്നിവരെ പോലിസ് കോടതിയില്‍ ഹാജരാക്കിയത്. കൊലപാതക ശ്രമം, പോലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

2015 സെപ്തംബറില്‍ അകോലയിലെ പുസാദിലുള്ള മുസ്‌ലിം പള്ളിക്ക് മുമ്പില്‍ വച്ച് പെരുന്നാള്‍ ആഘോഷത്തിനിടേയാണ് സംഭവം. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധം നടക്കുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തിനിടെ പോലിസിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് ഇവരെ പ്രതിചേര്‍ത്തത്. പള്ളിയിലെത്തിയ അബ്ദുള്‍ റസാഖ് കത്തിയെടുത്ത് പോലിസുകാരനെ കുത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചത്.

അന്നത്തെ സംഭവം തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) ആരോപിച്ചു. പ്രതികള്‍ അക്രമത്തിനിടെ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് വിശദീകരണമായി പൊലിസ് പറഞ്ഞത്. ഇതിനെയാണ് ജഡ്ജി വിമര്‍ശിച്ചത്.

അതേസമയം, പോലിസുകാരനെ ആക്രമിച്ച കേസില്‍ കോടതി റസാഖിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. 2015 സെപ്തംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന റസാഖ് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ കോടതി ഉത്തരവോടെ ജയില്‍ മോചിതനാകും.




Next Story

RELATED STORIES

Share it