Big stories

പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് -ജനങ്ങള്‍ തിരുവിലിറങ്ങി

കേരളത്തിലും വ്യാപക പ്രതിഷേധ പരിപാടികള്‍ തുടങ്ങി. വിവിധ മുസ്‌ലിം സംഘടനകളും മുസ്‌ലിംലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്  -ജനങ്ങള്‍ തിരുവിലിറങ്ങി
X

ദിസ്പൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങി. അസമില്‍ ഇന്നലെ രാത്രി തന്നെ ആയിരങ്ങള്‍ പന്തം കൊളുത്തി തെരുവുകള്‍ കീഴടക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ്.




വിദ്യാര്‍ഥി സംഘടനയായ എന്‍ഇഎസ്ഒ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതല്‍ നാലു മണി വരേയും ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, എയുഡിഎഫ്, ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍, കൃഷ്‌ക് മുക്തി സംഗ്രം സമിതി, ഓള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്‌സ് യൂനിയന്‍, ഖാശി സ്റ്റുഡന്റ്‌സ്, നാഗാ സ്റ്റുഡന്റ്‌സ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് നടത്തുന്നത്. ഇതേ തുടര്‍ന്ന് അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, മേഖാലയ, മിസോറാം, എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാഗാലാന്റില്‍ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആഘോഷം നടക്കുന്ന സമയമായതിനാല്‍ ബന്ദില്‍ നിന്നും ഒഴിവായിട്ടുണ്ട്.

അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാ സര്‍വ്വകലാശാലകളും അസമില്‍ പരീക്ഷകള്‍ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്.

നിരവധി പേരെ പോലിസ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പോലിസ് ലാത്തിവീശിയിരുന്നു. ലോക്‌സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. അസമില്‍ ഇടതു പക്ഷ സംഘടനകളും 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ബന്ദാണ് ഇത്.


പൗരത്വ ബില്ലിനെതിരേ കേരളത്തിലും വ്യാപക പ്രതിഷേധ പരിപാടികള്‍ തുടങ്ങി. വിവിധ മുസ്‌ലിം സംഘടനകളും മുസ്‌ലിംലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളും വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബില്ല് കത്തിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് നടക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തില്‍ സംഘടിത പ്രക്ഷോഭങ്ങളും അരങ്ങേറുമെന്ന് വിവിധ സംഘടനാ നേതാക്കള്‍ അറിയിച്ചു. വന്ദേമാതരം വിളിയോടെയായിയിരുന്നു ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത് ആഘോഷിച്ചത്. ബില്ലിനെതിരായി 80 പേരും 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു.

കടുത്ത ഭരണ പ്രതിപക്ഷ വാക്‌പോരിനൊടുവിലായിരുന്നു ബില്ല് പാസാക്കിയത്. കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു. ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന.

അതേസമയം മുസ്‌ലിംകള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കാനുള്ള ബില്ലില്‍ വലിയ പ്രതിഷേധമാണ് ലോക്‌സഭയില്‍ അലയടിച്ചത്. മതാടിസ്ഥാനത്തില്‍ ജനങ്ങളെ തരംതിരിക്കുന്ന ബില്‍ കോടതിയില്‍ തള്ളിപ്പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it