Big stories

''പാകിസ്താനീ, ഇവിടെ വാ, നിനക്ക് പൗരത്വം തരാം''; ബിഎസ്എഫ് ജവാനെയും ഹിന്ദുത്വര്‍ വെറുതെവിട്ടില്ല

പാകിസ്താനീ, ഇവിടെ വാ, നിനക്ക് പൗരത്വം തരാം; ബിഎസ്എഫ് ജവാനെയും ഹിന്ദുത്വര്‍ വെറുതെവിട്ടില്ല
X

ന്യൂഡല്‍ഹി: സംഘപരിവാരത്തിന്റെ രാജ്യസ്‌നേഹവും ദേശീയതയുമെല്ലാം കപടമാണെന്നു നിരവധി സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഗാന്ധി വധം മുതലിങ്ങോട്ട് ഹിന്ദുത്വരുടെ ഓരോ ആക്രമണങ്ങളിലും കൂട്ടക്കൊലകളിലുമെല്ലാം അത് തെളിഞ്ഞതുമാണ്. ഏറ്റവുമൊടുവില്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിലും അത് ദൃശ്യമായി. സര്‍വതും കത്തിച്ചാമ്പലാക്കാനെത്തിയ ഹിന്ദുത്വര്‍ ഖജൂരി ഖാസിലെ ബി എസ്എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടും തീവച്ചുനശിപ്പിച്ചു. ''പാകിസ്താനീ, ഇവിടെ വാ, നിങ്ങള്‍ക്ക് പൗരത്വം തരാം'' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് മുഹമ്മദ് അനീസ് പറഞ്ഞതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണു സംഭവം. 'കലാപകാരികള്‍ മുസ് ലിംകളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി അറിഞ്ഞിരുന്നു. വീടിന് പുറത്ത് ജവാനാണെന്നു തെളിയിക്കുന്ന നെയിംപ്ലേറ്റ് വച്ചതിനാല്‍ ആക്രമിക്കപ്പെടില്ലെന്നായിരുന്നു പ്രതീക്ഷയും പ്രാര്‍ഥനയും. എന്നാല്‍ ആക്രമണത്തില്‍ നിന്നു രക്ഷനേടാന്‍ അത് മതിയാവുമായിരുന്നില്ല. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം പുറത്ത് നിര്‍ത്തിയിട്ട കാറിന് തീയിട്ടു. പിന്നീട് വീടിനുനേരെ കല്ലെറിഞ്ഞു. ശേഷം വീട്ടിനുള്ളിലേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിയുകയായിരുന്നുവെന്നും മുഹമ്മദ് അനീസ് പറഞ്ഞു.


സംഭവസമയം അനീസിനൊപ്പം പിതാവ് മുഹമ്മദ് മുനീസ്(55), അമ്മാവന്‍ മുഹമ്മദ് അഹമ്മദ്(59), 18 വയസ്സുള്ള അമ്മാവന്റെ മകള്‍ നേഹാ പര്‍വീന്‍ എന്നിവരും വീട്ടിലുണ്ടായിരുന്നു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് മനസ്സിലാക്കിയ അവരെല്ലാം വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. അര്‍ധസൈനികരും ഇവരുടെ സഹായത്തിനെത്തിയതായി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവര്‍ താമസിക്കുന്ന പ്രദേശത്ത് 35ഓളം വീടുകള്‍ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. ഒരു വീട് മാത്രമാണ് ഒഴിവായത്. അനീസിന്റേതുള്‍പ്പെടെ ഏപ്രിലിലും മെയ് മാസത്തിലുമായി രണ്ട് വിവാഹങ്ങള്‍ നടക്കാനിരുന്ന വീടാണ് അക്രമികള്‍ തീവച്ചുനശിപ്പിച്ചത്. വീട് ഉള്‍പ്പെടെ ഇത്രയും കാലത്തെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു.

ഹിന്ദുമതവിഭാഗത്തില്‍പ്പെട്ടവരാണ് അനീസും കുടുംബവും താമസിക്കുന്ന ഖജൂരി ഖാസിലെ മേഖലയില്‍ താമസിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ അയല്‍വാസികള്‍ ആരും ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അനീസ് പറഞ്ഞു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. അയല്‍വാസികള്‍ ഇവരെ തടയാനാണ് ശ്രമിച്ചതെന്നും അനീസ് പറഞ്ഞു. 2013ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന ശേഷം അനീസ് മൂന്നുവര്‍ഷം ജമ്മു കശ്മീരില്‍ അതിര്‍ത്തി കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.



Next Story

RELATED STORIES

Share it