Big stories

ഐഎസ് റിക്രൂട്ട്‌മെന്റ് ആരോപിച്ച് അറസ്റ്റ്: സ്വന്തമായി കേസ് വാദിച്ച യുവാവിനു ജാമ്യം

മുസ് ലിം യുവാവിനു ഹൈക്കോടതിയുടെ പ്രശംസ

ഐഎസ് റിക്രൂട്ട്‌മെന്റ് ആരോപിച്ച് അറസ്റ്റ്: സ്വന്തമായി കേസ് വാദിച്ച യുവാവിനു ജാമ്യം
X

ന്യൂഡല്‍ഹി: ഇസ് ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന് സിറിയയിലേക്കു പോവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ് ലിം യുവാവിനു എന്‍ ഐഎ കോടതി നല്‍കിയ ജാമ്യം ബോംബെ ഹൈക്കോടതി ശരിവച്ചു. 2014ല്‍ അറസ്റ്റിലായ അരീബ് മജീദിന് എന്‍ഐഎ കോടതി നല്‍കിയ ജാമ്യം ബോംബെ ഹൈക്കോടതി ശരിവച്ചു. മുംബൈ കല്യാണ്‍ നിവാസിയായ അരീബ് മജീദിനാണ് ജാമ്യം അനുവദിച്ചത്. എന്‍ ഐഎ കോടതിയിലും ഹൈക്കോടതിയിലും തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി സ്വന്തമായി കേസ് വാദിച്ച യുവാവിനെ കോടതി പ്രശംസിക്കുകയും ചെയ്തു. മജീദിനെ ജസ്റ്റിസുമാരായ എസ്എസ് ഷിന്‍ഡെ, മനീഷ് പിറ്റാലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രശംസിച്ചത്. ആറ് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന യുവാവിന്റെ വിചാരണ വൈകുന്നത് കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ടിരുന്നതിനാല്‍ ജീവപര്യന്തം തടവ് പോലും ചുമത്താമെന്ന് അറിയാമെങ്കിലും ശിക്ഷ അഞ്ചുവര്‍ഷം വരെയാകാമെന്ന വസ്തുത അവഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും രണ്ട് മാസത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു.വിചാരണയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നു മജീദിനെ വിലക്കിയ ഹൈക്കോടതി, വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

അരൂബിന്റെ മോചനത്തിന് ഞങ്ങള്‍ ദൈവത്തോട് നന്ദി പറയുന്നു. ഔപചാരികതകള്‍ പൂര്‍ത്തിയാവുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നു പിതാവ് ഡോ. ഇജാസ് മജീദ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 2020 മാര്‍ച്ചില്‍ എന്‍ഐഎ പ്രത്യേക കോടതി അരീബിനു ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. ഇസ് ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ രാജ്യംവിട്ടെന്ന് ആരോപിച്ചാണ് 2014 മെയ് മാസത്തില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന മജീദിനെ അറസ്റ്റ് ചെയ്തത്. യുവാവും അമന്‍ തണ്ടേല്‍, ഫഹദ് ഷെയ്ഖ്, സഹീന്‍ ടങ്കി എന്നിവരും അബുദബിയിലേക്ക് ഒരു ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ ഒരു കൂട്ടം തീര്‍ഥാടകരോടൊപ്പം ബാഗ്ദാദിലേക്ക് പോയതായിരുന്നു. അന്ന് 21 വയസ്സായിരുന്നു.

നാല് യുവാക്കളും സംഘത്തില്‍ നിന്ന് പിരിഞ്ഞ് ഇസ് ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായി അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെട്ടു. നാലുപേരുടെ കുടുംബാംഗങ്ങളും 2014 ല്‍ ഇവരെ കാണാതായെന്നു കാണിച്ച് പരാതി നല്‍കി. ഇതിനുശേഷമാണ് മഹാരാഷ്ട്ര പോലിസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചുത്. മറ്റു മൂന്നുപേരെ കണ്ടെത്താനായില്ലെങ്കിലും 2014 നവംബര്‍ 28 ന് മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുര്‍ക്കിയില്‍ നിന്ന് വരുന്നതിനിടെ മജീദിനെ അറസ്റ്റ് ചെയ്‌തെന്നാണ് എന്‍ ഐഎ അവകാശപ്പെട്ടത്. നഗരങ്ങളില്‍ ആക്രമണം നടത്താനാണ് മജീദ് എത്തിയതെന്നായിരുന്നു വാദം.

2014 ല്‍ അറസ്റ്റിലായ ശേഷം മജീദ് എന്‍ ഐഎ പ്രത്യേക കോടതിയില്‍ നാല് അപേക്ഷകള്‍ സമര്‍പ്പിച്ചു. 2020 മാര്‍ച്ച് 17 ന് മജീദിന്റെ നാലാമത്തെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി പരിഗണിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ സമയം ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ മാര്‍ച്ച് 27 വരെ സ്‌റ്റേ ചെയ്തു. എന്നാല്‍, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അപേക്ഷ പരിഗണനയ്ക്കുന്നത് വൈകി. വിചാരണയുടെ വേഗത മന്ദഗതിയിലാണെന്നും ബാക്കിയുള്ള സാക്ഷികളെ വിസ്തരിക്കുന്നതിന് ഏറെ കാലം വേണമെന്നും സ്വന്തമായാണ് അരീബ് മജീദ് വാദിച്ചത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ 51 സാക്ഷികളെ മാത്രമേ വിചാരണ ചെയ്തിട്ടുള്ളൂവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ദിവസം മാത്രമാണ് തന്റെ കേസിന് അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇതുവരെ വിചാരണ ചെയ്യപ്പെട്ട സാക്ഷികളില്‍ നിന്നു തനിക്കെതിരേ യാതൊരു തെളിവും ലഭിച്ചില്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. ഈ ഘട്ടത്തില്‍ തനിക്കെതിരായ പ്രഥമദൃഷ്ട്യാ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പ്രത്യേക കോടതിയെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, അരീബ് മജീദിന്റെ വാദങ്ങള്‍ എന്‍ഐഎ എതിര്‍ത്തു. 107 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതിയുടെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയില്ലെന്ന നിഗമനത്തിലെത്താനുള്ള ഒരു ഘട്ടമല്ല ഇതെന്നും മുംബൈയിലെ പോലിസ് ആസ്ഥാനം തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്കു വേണ്ടിയാണ് അരൂബ് മജീദ് രാജ്യത്തേക്ക് മടങ്ങിയതെന്നും എന്‍ഐഎ പറഞ്ഞു. ഇത് ഒരു സാങ്കല്‍പ്പിക കഥയാണെന്നും 21ാം വയസ്സില്‍ ഇറാഖിലേക്കും സിറിയയിലേക്കും പോവാനായി ഇന്ത്യയില്‍ നിന്നു പോയെന്നതില്‍ ഒഴിഞ്ഞുമാറുന്നില്ലെന്നും മജീദ് ഹൈക്കോടതിയില്‍ വാദിച്ചു. വര്‍ഷങ്ങളോളം ജയിലുകളില്‍ കഴിയുന്നത് അനുവദിക്കാനാവില്ലെന്നും ന്യായമായതും വേഗത്തിലുള്ളതുമായ വിചാരണയ്ക്കുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നുമുള്ള മജീദിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചാണ് ജാമ്യം ശരിവച്ചത്.

Bombay HC grants bail to alleged ISIS recruit, praises him as he argued own case

Next Story

RELATED STORIES

Share it