Big stories

ബിജെപി പോലിസിനെയും വര്‍ഗീയവല്‍ക്കരിച്ചു: പ്രിയങ്ക ഗാന്ധി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ മീററ്റ് എസ്പി അഖിലേഷ് എന്‍ സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ബിജെപി പോലിസിനെയും വര്‍ഗീയവല്‍ക്കരിച്ചു: പ്രിയങ്ക ഗാന്ധി
X

മീററ്റ്: ബിജെപി പോലിസ് സേനയേയും വര്‍ഗീയവല്‍ക്കരിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ മീററ്റ് എസ്പി അഖിലേഷ് എന്‍ സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

'ഈ ഭാഷ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഒരു പൗരനെയും അനുവദിക്കുന്നില്ല. നിങ്ങള്‍ വളരെ പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഉത്തരവാദിത്തം കൂടുതലാണ്. ഭരണഘടനാ മൂല്യങ്ങളോട് ബഹുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ പെരുമാറുന്ന ്‌വസ്ഥയിലേക്ക് ബിജെപി സ്ഥാപനങ്ങളെ വര്‍ഗീയമായി വിഷലിപ്തമാക്കി,' പ്രിയങ്ക പറഞ്ഞു.

രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ ഇതുവരെ പദ്ധതിയിട്ടിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തേയും പ്രിയങ്ക വിമര്‍ശിച്ചു. രാജ്യം ബിജെപിയുടെ നുണകള്‍ കേട്ട് മടുത്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരുമെന്നും പറഞ്ഞു. 'സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ അധികം സംസാരിക്കുന്നില്ല. എന്നാല്‍, ഞങ്ങള്‍ ഭയപ്പെടാന്‍ പോകുന്നില്ല. ഒറ്റയ്ക്ക് നടക്കേണ്ടി വന്നാലും ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒറ്റയ്ക്ക് തയാറായിരിക്കേണ്ടി വരും,' പ്രിയങ്ക പറഞ്ഞു.

മീററ്റില്‍ നടന്ന പ്രതിഷേധത്തെ നേരിടുമ്പോഴായിരുന്നു പാകിസ്താനിലേക്ക് പോകാനുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

'പ്രതിഷേധിക്കുന്നവരോട് പാക്കിസ്താനിലേക്ക് പോകാന്‍ പറയൂ. നിങ്ങള്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നു, പക്ഷേ, കൂറ് കാണിക്കുന്നത് മറ്റൊരു നാടിനു വേണ്ടിയാണ്. നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പാക്കിസ്താനിലേക്ക് പോയിക്കോളൂ. ഇപ്പോള്‍ നടത്തുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളുടെ വീടുകളിലെ എല്ലാവരെയും അറസ്റ്റ് ചെയ്യും.' എസ്പി അഖിലേഷ് എന്‍ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it