Top

അമര്‍ത്യാ സെന്നിനെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗം: പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിയ്ക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

അമര്‍ത്യാ സെന്നിനെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗം: പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിയ്ക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്
X

ന്യൂഡല്‍ഹി: ശാന്തിനികേതന്‍ കാമ്പസിലെ താമസക്കാരനായ നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാസെന്നിനെ കുടിയൊഴിപ്പിക്കാനുള്ള വിശ്വഭാരതി സര്‍വകലാശാല അധികൃതരുടെ നീക്കത്തിനെതിരേ ബിനോയ് വിശ്വം എംപി.

വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും അമര്‍ത്യാസെന്നിനെപ്പോലുള്ള ലോകപ്രശസ്തനായ വ്യക്തിയോട് ബഹുമാനത്തോടെ ഇടപെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. സിപിഐയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ബിനോയ് വിശ്വം.

'ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുകയും ഈ രാജ്യത്തെ ഓരോ പൗരന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍, നിങ്ങളുടെ കടമ. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒരു ജീവനക്കാരന്‍ ഭരണഘടനാപരമായ അധികാരവും നിയമപരമായ അവകാശങ്ങളും ഇത്രയും നഗ്‌നമായ രീതിയില്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍ താങ്കള്‍ ഉടന്‍ ഇടപെടുകയും അത്തരം ദുരുപയോഗം അവസാനിപ്പിക്കുകയും ചെയ്യണം''- ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

വിശ്വഭാരതി സര്‍വകലാശാലയുടെ എസ്‌റ്റേറ്റ് ഓഫിസ് 'അനധികൃത' താമസക്കാരെന്ന പേരില്‍ ഒരു പട്ടിക തയ്യാറാക്കിയിരുന്നു. സെന്നിന്റെ കുടുംബം ഔദ്യോഗികമായി പാട്ടത്തിനു നല്‍കിയ സ്ഥലത്തിനു പുറമേ കൂടുതല്‍ ഭൂമി കയ്യേറിയെന്നാണ് സര്‍വകലാശാല ആരോപിക്കുന്നത്.കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തുന്നതിനോടുള്ള പ്രതികാരമാണ് ഇപ്പോഴത്തെ നടപടിയെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഡിസംബര്‍ 9ാം തിയ്യതി വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ബിദ്യുത് ചക്രബര്‍ത്തി അധ്യാപകരുടെ യോഗത്തില്‍ സെന്നിനെതിരേ ആരോപണമുയര്‍ത്തിയതോടെയാണ് ഇതുസംബന്ധിച്ച വിവാദം തുടങ്ങുന്നത്. സ്വയം ഭാരതരത്‌നയാണെന്ന് വിശേഷിപ്പിച്ച അമര്‍ത്യാ സെന്നിന്റെ കുടുംബം വിശ്വഭാരതി സര്‍വകലാശാല അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി കയ്യേറിയതായി അദ്ദേഹം ആരോപിച്ചു. മാത്രമല്ല, അദ്ദേഹത്തിന്റെ മകള്‍ക്ക് പച്ചക്കറി വാങ്ങുന്നതിനു വേണ്ടി ആ പ്രദേശത്തെ കച്ചവടക്കാരെ നിലനിര്‍ത്തണമെന്ന് തന്നോട് പറഞ്ഞതായും വിസി പറയുന്നു.

എന്നാല്‍ എല്ലാ ആരോപണങ്ങളും സെന്‍ നിഷേധിച്ചു. തന്റെ മകള്‍ എവിടെനിന്നാണ് പച്ചക്കറി വാങ്ങുന്നതെന്ന് തനിക്കറിയില്ലെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് തെരുവുകച്ചവടക്കാരുടെ പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടിരുന്നുവെന്നത് സത്യമാണെന്നും എന്നാല്‍ ഈ സംഭവവുമായി അതിന് ബന്ധമില്ലെന്നും സെന്‍ വിശദീകരിച്ചു. വിസിയുമായി ഇത്തരമൊരു സംഭാഷണം നടന്നിട്ടില്ലെന്നും സെന്‍ പറഞ്ഞു.

1908ല്‍ ശാന്തി നികേതന് രൂപം കൊടുക്കുന്ന സമയത്ത് രവീന്ദ്ര നാഥ ടാഗോറാണ് അമര്‍ത്യാസെന്നിന്റെ മുത്തച്ഛനും സംസ്‌കൃത പണ്ഡിതനുമായ ക്ഷിതിമോഹന്‍ സെന്നിനെ വിശ്വഭാരതിയിലേക്ക് ക്ഷണിച്ചുവരുത്തിയത്. ടാഗോര്‍ അദ്ദേഹത്തിന് ദീര്‍ഘകാല പാട്ടത്തിന് താമസിക്കാന്‍ ഭൂമിയും നല്‍കി. 1908ലായിരുന്നു അത്. 1921 ലാണ് വിശ്വഭാരതി സര്‍വകലാശാല ആരംഭിച്ചത്. അന്നുമുതല്‍ സെന്നിന്റെ കുടുംബവും അവിടെയാണ് താമസം. 1933ല്‍ സെന്‍ പിറന്നത് ശാന്തിനികേതനില്‍ വച്ചാണ്. അദ്ദേഹത്തിന് അമര്‍ത്യാസെന്നെന്ന പേര് നല്‍കിയതും ടാഗോറാണെന്ന കാര്യ ഏറെ പ്രസിദ്ധമാണ്. സെന്നിന്റെ കുടുംബത്തിനു മാത്രമല്ല, നിലവധി പ്രമുഖര്‍ക്ക് ടാഗോര്‍ ഇതുപോലെ സര്‍വകലാശാലയ്ക്കുള്ളില്‍ ഭൂമി നല്‍കിയിരുന്നു. 1951ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തോടെ വിശ്വഭാരതി കേന്ദ്ര സര്‍വകലാശാലയായി മാറി.

തന്റെ കുടുംബത്തിന് ലഭിച്ച ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞിട്ടില്ലെന്ന് അമര്‍ത്യാസെന്‍ പറയുന്നു. അമര്‍ത്യാസെന്നിന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it