Big stories

'ചന്ദ്രശേഖര്‍ ആസാദിന് ഹൃദയ സ്തംഭനം സംഭവിക്കാം'; പോലിസ് ചികില്‍സ നിഷേധിക്കുന്നതായി എയിംസിലെ ഡോക്ടര്‍

ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തിഹാര്‍ ജയിലിലെ പോലിസ് അധികാരികളോട് പറഞ്ഞിരുന്നതായും, എന്നാല്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നും ഡോക്ടര്‍ ആരോപിച്ചു.

ചന്ദ്രശേഖര്‍ ആസാദിന് ഹൃദയ സ്തംഭനം സംഭവിക്കാം;  പോലിസ് ചികില്‍സ നിഷേധിക്കുന്നതായി എയിംസിലെ ഡോക്ടര്‍
X

ന്യൂഡല്‍ഹി: അടിയന്തിരമായി ചികില്‍സ നല്‍കിയില്ലെങ്കില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഹൃദയ സ്തംഭനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിംഗ് ഭട്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയില്‍ തുടരുന്ന ചന്ദ്രശേഖര്‍ ആസാദിന് ഗുരുതര ആരോഗ്യപ്രശ്‌നമുള്ളതായി ഡോക്ടര്‍ ട്വീറ്റ് ചെയ്തു. ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അസുഖമുള്ളതിനാല്‍ രണ്ടാഴ്ച്ച തോറും രക്തം മാറ്റേണ്ടതുണ്ടെന്നും ഡോക്ടര്‍ ട്വീറ്റ് ചെയ്തു.

'ഭീം ആര്‍മി നേതാവിന്റെ ഡോക്ടര്‍ എന്ന നിലയിലാണ് ഞാനിത് കുറിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി എയിംസില്‍ ചികില്‍സ തേടുന്നയാളാണ്. രക്തം കട്ടപിടിക്കുന്ന രോഗം ഉള്ളതിനാല്‍ രണ്ടാഴ്ച്ച തോറും രക്തം മാറ്റേണ്ടതുണ്ട്'. ഡോക്ടര്‍ ട്വിറ്ററില്‍ കുറിച്ചു. രോഗം സംബന്ധിച്ച കുറിപ്പും ഡോക്ടര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തിഹാര്‍ ജയിലിലെ പോലിസ് അധികാരികളോട് പറഞ്ഞിരുന്നതായും, എന്നാല്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍ ആരോപിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹി ജമാമസ്ജിദിന് മുന്നില്‍ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിനാണ് ചന്ദ്രശേഖര്‍ ആസാദിനെ പോലിസ് പിടികൂടുന്നത്. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആസാദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളുകയായിരുന്നു.

ചികിത്സ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണ്. എയിംസില്‍ ചികിത്സയ്ക്കായി സൗകര്യമൊരുക്കണമെന്ന് ഭട്ടി ആഭ്യന്തരമന്ത്രി അമിത് ഷായോടും ദില്ലി പോലിസിനോടും അഭ്യര്‍ത്ഥിച്ചു. ചികില്‍സ നിഷേധിച്ചാല്‍ ആസാദിന് മാരകമായ ഹൃദയാഘാതം സംഭവിക്കാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.


Next Story

RELATED STORIES

Share it