Big stories

കൊവിഡ് കാലത്തെ വര്‍ഗീയ വൈറസ്; വേട്ടയാടപ്പെട്ട് മുസ്‌ലിം സമൂഹം

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിനു പിന്നാലെ ആരംഭിച്ച വിദ്വേഷപ്രചാരണം വന്‍തോതില്‍ വിവേചനത്തിനും അക്രമങ്ങള്‍ക്കും തുടക്കമിട്ടതായി ബേബക് കലക്ടിവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് കാലത്തെ വര്‍ഗീയ വൈറസ്;  വേട്ടയാടപ്പെട്ട് മുസ്‌ലിം സമൂഹം
X

അഹ്മദാബാദ്: കൊവിഡിനെ ഹിന്ദുത്വരും ബിജെപി ഭരണകൂടങ്ങളും വര്‍ഗീയ ധ്രുവീകരണത്തിന് ആയുധമാക്കിയപ്പോള്‍ മുസ് ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിട്ടത് സമാനതകളില്ലാത്ത അന്യവത്കരണമെന്ന് പഠന റിപ്പോര്‍ട്ട്. പിന്നാക്ക സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബേബക് കലക്ടിവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൊവിഡ് കാലത്ത് മുസ് ലിംകള്‍ക്കെതിരേ നടന്ന വംശീയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിനു പിന്നാലെ ആരംഭിച്ച വിദ്വേഷപ്രചാരണം വന്‍തോതില്‍ വിവേചനത്തിനും അക്രമങ്ങള്‍ക്കും തുടക്കമിട്ടു.

ഹിന്ദുത്വ സംഘടനകള്‍ക്കും പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും പുറമെ ഭരണകൂടവും കൂട്ടു നിന്നതോടെ ചികിത്സ നിഷേധം ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികളാണ് ന്യൂനപക്ഷം നേരിട്ടത്. ബിജെപി ഭരിക്കുന്ന യുപി, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മുസ് ലിംകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ടത്. ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണവും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള വിവേചനവും അരങ്ങേറി.

ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സംഘടനകള്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് കൊവിഡിന്റെ വര്‍ഗീയവത്കരണം, മുന്‍നിരയില്‍നിന്നുള്ള അനുഭവങ്ങള്‍ എന്നുപേരിട്ട റിപ്പോര്‍ട്ട് തയാറാക്കിയത്. മനുഷ്യ ബോംബുകള്‍, വൈറസ് വാഹകര്‍, വഞ്ചകര്‍ എന്നീ മട്ടില്‍ വ്യാജകഥകള്‍ ചമച്ച് വേട്ടയാടപ്പെട്ട മുസ്‌ലിംകള്‍ക്ക് ഈ രാജ്യത്തെ പൗരന്മാരെന്ന രീതിയില്‍ ലഭിക്കേണ്ട പരിരക്ഷ പോലും ലഭിക്കാതെപോയെന്ന് അനുഭവസ്ഥര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാറുകള്‍ നീതിനിഷേധം കാണിച്ചാല്‍പോലും ഇടപെടേണ്ട ദേശീയ മനുഷ്യാവകാശവനിത കമീഷനുകള്‍, വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ കമീഷനുകള്‍ എന്നിവരും വിവേചനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്കായി വേണ്ടവിധം പ്രവര്‍ത്തിച്ചില്ല.

കൊവിഡ് പകര്‍ച്ചാ വ്യാധിയുടെ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ് ലികള്‍ നേരിട്ട വംശീയ അധിക്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് ഹസീന ഖാന്‍, ഖൗല സൈനബ്, ഉമറ സൈനബ് എന്നിവര്‍ ചേര്‍ന്ന് എഴുതിയ റിപ്പോര്‍ട്ട്.

Next Story

RELATED STORIES

Share it