Big stories

പതഞ്‌ജലി ഗ്രൂപ്പ് 400 ഏക്കർ വനഭൂമി ബിനാമി ഇടപാട് നടത്തി സ്വന്തമാക്കി തെളിവുകൾ പുറത്ത്

ആരവല്ലി പർവത മേഖലയിലെ കോട്ട് വില്ലേജിൽ 400 ഏക്കർ വനഭൂമിയാണ് പവർ ഓഫ് അറ്റോർണി കരാർ പ്രകാരം വാങ്ങിക്കൂട്ടിയത്. സംസ്ഥാന, പഞ്ചായത്ത് അധികൃതരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഇത്രയും വലിയ ഭൂമി കച്ചവടം നടന്നിരിക്കുന്നത്.

പതഞ്‌ജലി ഗ്രൂപ്പ് 400 ഏക്കർ വനഭൂമി ബിനാമി ഇടപാട് നടത്തി സ്വന്തമാക്കി തെളിവുകൾ പുറത്ത്
X

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ആരവല്ലി പ്രദേശത്ത് 400 ഏക്കർ വനഭൂമി ബാബാ രാംദേവിൻറെ പതഞ്ജലി ഗ്രൂപ്പ് ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപോർട്ട് ചെയ്യുന്നു. 2014-നും 2016 നും ഇടയ്ക്കാണ് ഇടപാടുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നത്.

ഉടമസ്ഥാവകാശത്തിൽ തർക്കത്തിൽ ഇരിക്കുന്ന ആരവല്ലി പർവത മേഖലയിലെ കോട്ട് വില്ലേജിൽ 400 ഏക്കർ വനഭൂമിയാണ് പവർ ഓഫ് അറ്റോർണി കരാർ പ്രകാരം വാങ്ങിക്കൂട്ടിയത്. സംസ്ഥാന, പഞ്ചായത്ത് അധികൃതരിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഇത്രയും വലിയ ഭൂമി കച്ചവടം നടന്നിരിക്കുന്നത്. പവർ ഓഫ് അറ്റോർണി വഴി ഇടപാടുകൾ നടത്തിയത് ഉടമസ്ഥാവകാശ മാറ്റം രേഖപ്പെടുത്താതിരിക്കാൻ വേണ്ടിയായിരുന്നു.

ഫരീദാബാദ് സ്വദേശിയായ ശർമ എന്നയാളാണ് 104 ഭൂ ഉടമകൾ ഒപ്പിട്ട പവർ ഓഫ് അറ്റോർണി രേഖകൾ സമർപ്പിച്ചത്. ഹെർബോ വേദ് ഗ്രാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അംഗീകൃത പ്രതിനിധിയാണ് അദ്ദേഹം. എന്നാൽ ഹെർബോ വേദ് ഗ്രാം എന്ന കമ്പനിയുടെ 100 ശതമാനം ഓഹരിയും പതഞ്‌ജലി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലാണ്. ഈ കമ്പനിയാകട്ടെ രൂപീകരിച്ചത് മുതൽ ഒരുതരത്തിലുള്ള സാമ്പത്തിക വിനിമയങ്ങളും ഇതുവരെ നടത്തിയിട്ടില്ല.

വേർവ് കോർപ്പറേഷൻ, ഓംഗ്രീൻ ആയുർവേദ എന്നീ രണ്ട് കടലാസ് കമ്പനികൾ കൂടി ഭൂമി വാങ്ങിക്കൂട്ടുന്നതിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വേർവ് കോർപ്പറേഷൻ ഭൂമി ഇടപാട് നടക്കുന്ന കാലയളവിൽ പതഞ്‌ജലി ഗ്രൂപ്പിൻറെ ഉടമസ്ഥതയിൽ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആ കമ്പനിയുടെ ഉടമസ്ഥത ആചാര്യ ബാലകൃഷ്ണന് പതഞ്‌ജലി ഗ്രൂപ്പ് നൽകിയിട്ടുണ്ട്. അതേസമയം നവി മുംബൈയിൽ രജിസ്റ്റർ ചെയ്ത ഓംഗ്രീൻ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശവും ബാബാ രാംദേവിൻറെ സഹായിയായ ആചാര്യ ബാലകൃഷ്ണൻറെ പേരിലാണ്.

നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയ ബാബാ രാംദേവിനെ സംരക്ഷിക്കുന്ന നടപടിയാണ് ഹരിയാന സർക്കാർ നടത്തിയത്. 1990 ൽ പാസാക്കിയ ഭൂസംരക്ഷണ നിയമം അട്ടിമറിക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് 2019 ഫിബ്രവരിയിൽ ഭൂസംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ വലിയ തോതിൽ ഭൂ ഉടമസ്ഥത ഏകീകരിക്കാൻ നിയമം ഉണ്ടായിരുന്നത്, എന്നാൽ ഭേദഗതിയോടെ ഭൂ ഉടമസ്ഥതയിലെ ഏകീകരണം വികസനത്തിനും റിയൽ എസ്റ്റേറ്റ്, ഖനന പ്രവർത്തങ്ങൾക്കും ഉപയോഗിക്കാം.

Next Story

RELATED STORIES

Share it