Big stories

ഇറാഖ് പ്രധാനമന്ത്രിക്ക് നേരേ വധശ്രമം; വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി

താന്‍ സുരക്ഷിതനാണെന്നും പരിക്കുകളില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് ഇറാഖ് സൈന്യവും പ്രസ്താവനയില്‍ അറിയിച്ചു.

ഇറാഖ് പ്രധാനമന്ത്രിക്ക് നേരേ വധശ്രമം; വസതിയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി
X

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിക്ക് നേരേ ഡ്രോണ്‍ ആക്രമണം. ബാഗ്ദാദിലെ അതീവസുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. മുസ്തഫ അല്‍ ഖാദിമി വധശ്രമത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി ഇറാഖ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, താന്‍ സുരക്ഷിതനാണെന്നും പരിക്കുകളില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് ഇറാഖ് സൈന്യവും പ്രസ്താവനയില്‍ അറിയിച്ചു.

പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് റോയിട്ടേഴ്‌സിനോട് പ്രധാനമന്ത്രിയുടെ സുരക്ഷാവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശ എംബസികളും ഉള്‍ക്കൊള്ളുന്ന ബാഗ്ദാദിലെ ഗ്രീന്‍ സോണിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊട്ടിത്തെറിയില്‍ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകര്‍ക്ക് അടക്കം പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന ഇറാഖില്‍ കുറച്ചുദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇറാഖില്‍ ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്.

2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന വാദവുമായി വലിയ പ്രക്ഷോഭമാണ് സര്‍ക്കാര്‍ വിരുദ്ധ കകഷികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണ്‍ മേഖലയില്‍ സംഘര്‍ഷം നടന്നിരുന്നു. സമരക്കാര്‍ പോലിസിന് നേരേ കല്ലെറിഞ്ഞു. പോലിസ് ആദ്യം ടിയര്‍ ഗ്യാസും പിന്നീട് തോക്കുമുപയോഗിച്ചാണ് സമരക്കാരെ നേരിട്ടത്. പോലിസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it