Big stories

മെക്‌സിക്കോയില്‍ മയക്കുമരുന്ന് സംഘവും പോലിസും തമ്മില്‍ വെടിവയ്പ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

ടെക്‌സസിലെ ഈഗിള്‍ പാസിന് തെക്കുപടിഞ്ഞാറായി വില്ല യൂനിയന്‍ നഗരത്തില്‍ തോക്കുധാരികളായ സംഘം പിക്കപ്പ് വാനിലെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മെക്‌സിക്കന്‍ സുരക്ഷാസേനാ വൃത്തങ്ങള്‍ അറിയിച്ചു.

മെക്‌സിക്കോയില്‍ മയക്കുമരുന്ന് സംഘവും പോലിസും തമ്മില്‍ വെടിവയ്പ്പ്; 14 പേര്‍ കൊല്ലപ്പെട്ടു
X

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ മയക്കുമരുന്ന് സംഘവും സുരക്ഷാസേനയും തമ്മിലുണ്ടായ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മരിച്ച നാലുപേര്‍ പോലിസുകാരാണ്. ആറുപോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. ടെക്‌സസിലെ ഈഗിള്‍ പാസിന് തെക്കുപടിഞ്ഞാറായി വില്ല യൂനിയന്‍ നഗരത്തില്‍ തോക്കുധാരികളായ സംഘം പിക്കപ്പ് വാനിലെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മെക്‌സിക്കന്‍ സുരക്ഷാസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഒരുമണിക്കൂറോളം വെടിവയ്പ്പ് തുടര്‍ന്നു. സായുധസംഘം പ്രദേശത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആക്രമണം നടത്തിയെന്നും നിരവധി മുനിസിപ്പല്‍ തൊഴിലാളികളെ കാണാനില്ലെന്നും കോഹുവില സ്റ്റേറ്റ് ഗവര്‍ണര്‍ മിഗുവല്‍ ഏഞ്ചല്‍ റിക്വെല്‍മി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയും പ്രചരിക്കുന്നുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് തീപ്പിടിച്ചതായും വില്ല യൂനിയന്റെ മുനിസിപ്പല്‍ ഓഫിസിന്റെ മുന്‍ഭാഗങ്ങളില്‍ വെടിയുണ്ടകള്‍ പതിച്ചതായും വീഡിയോയില്‍നിന്നും വ്യക്തമാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവുംവരെ പ്രദേശത്ത് സുരക്ഷാസേനയുടെ കാവലുണ്ടായിരിക്കുമെന്നും ഇത്തരം സംഘത്തെ ഇനി കടന്നുകയറാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മെക്‌സിക്കോയിലെ കൊലപാതക നിരക്ക് വര്‍ധിക്കുകയാണ്. 2019 ല്‍ ഇതുവരെ 29,414 കൊലപാതകങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2018 ല്‍ ഇതേ കാലയളവില്‍ കൊലപാതകങ്ങളുടെ എണ്ണം 28,869 ആയിരുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങള്‍ നടത്തിയ വെടിവയ്പ്പില്‍ യുഎസ് പൗരത്വമുള്ള മൂന്ന് സ്ത്രീകളും അവരുടെ ആറ് മക്കളും കൊല്ലപ്പെട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Next Story

RELATED STORIES

Share it